Sunday September 24, 2017
Latest Updates

ഗ്രീസ് യൂറോ സോണിന് വെളിയിലേയ്‌ക്കോ ?ഗ്രീസിനെ കൈവിടാന്‍ ഒരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍ ,ഇന്ന് അന്തിമ ചര്‍ച്ച ആരംഭിക്കും 

ഗ്രീസ് യൂറോ സോണിന് വെളിയിലേയ്‌ക്കോ ?ഗ്രീസിനെ കൈവിടാന്‍ ഒരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍ ,ഇന്ന് അന്തിമ ചര്‍ച്ച ആരംഭിക്കും 

ഏതന്‍സ്:ഗ്രീസ് ആഗ്രഹിക്കുന്നത് യൂറോ സോണ്‍ വിട്ടു പോകാനാണോ ?അത്തരമൊരു നിലപാടിലാണ് ഗ്രീസ് എന്ന സൂചന നല്കി കൊണ്ട് വിട്ടു വീഴ്ച്ചയില്ലാതെ പൊരുതുന്ന മുഖമാണ് ഇന്നലെ ലോകം കണ്ടത്. ജര്‍മിനി ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ യൂറോസോണ്‍ സാമ്പത്തിക സമിതിയുടെ സഹായം ആറ് മാസത്തേക്ക് കൂടി നീട്ടണമെന്ന ഗ്രീസിന്റെ ആവശ്യം നിഷ്ഫലമാകുകയാണ്.പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യൂറോ മേഖലയിലെ ധനമന്ത്രിമാരുടെ യോഗം ഇന്ന് ബ്രസല്‍സില്‍ ചേരും.

ഗ്രീക്ക് ജനതയ്ക്ക് ദുരിതം സമ്മാനിച്ച യൂറോപ്യന്‍ സാമ്പത്തിക രക്ഷാപദ്ധതിയുടെ കാലാവധി അടുത്ത ശനിയാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് സഹായം ആറ് മാസത്തേക്ക് കൂടി നീട്ടണമെന്ന ആവശ്യം ഗ്രീസ് മുന്നോട്ട് വച്ചത്.ജര്‍മ്മന്‍ ചാന്‍സിലര്‍ ഏന്‍ജല മെര്‍ക്കാല്‍ അമ്പതു മിനുട്ടോളം ഗ്രീസ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വിഫലമായി.

ജര്‍മ്മന്‍ ധനകാര്യ മന്ത്രാലയ വക്താവ് മാര്‍ട്ടിന്‍ ജേഗര്‍ ഗ്രീസിന് സഹായം നല്‍കാനാകില്ലെന്ന ഉറച്ച നിലപാട് കൈക്കൊണ്ടു. രാജ്യത്തെ പട്ടിണിക്കിട്ടും കടം അടച്ചുതീര്‍ക്കുക, അല്ലെങ്കില്‍ സ്വയം തകരുക എന്ന കര്‍ശന നിലപാടാണ് ജര്‍മനിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ചയില്‍ ഗ്രീസിനോട് ആവശ്യപ്പെട്ടത്.

നേരത്തെ ഗ്രീസ് സര്‍ക്കാരിനുമേല്‍ കര്‍ശന സാമ്പത്തിക നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്ന ചില പദ്ധതികളും യൂറോമേഖലാ രാജ്യങ്ങള്‍ മുന്നോട്ട് വച്ചിരുന്നു.ഇതിന്റെ ഫലമായി സര്‍ക്കാര്‍ സാമൂഹിക സുരക്ഷാപദ്ധതികളും തൊഴിലും വെട്ടിക്കുറച്ചത് ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി. ഇതേ നില ഇനിയും തുടരണമെന്ന ആവശ്യമാണ് യൂറോമേഖല മന്ത്രിമാര്‍ ഉന്നയിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍അന്താരാഷ്ട്ര സാമ്പത്തികസ്ഥാപങ്ങള്‍ വായ്പ നിര്‍ത്തുകയാണെങ്കില്‍ ഗ്രീസ് സര്‍ക്കാര്‍ പാപ്പരാകും എന്നതാണ് മറ്റൊരു വാദം.. നിലവിലുള്ള സാമ്പത്തിക രക്ഷാപദ്ധതി ഒഴിവാക്കി പകരം ഗ്രീസിന്റെ സാഹചര്യം മനസിലാക്കിയുള്ള ഹൃസ്വകാലവായ്പ പദ്ധതികള്‍ തയാറാക്കണമെന്നാണ് പുതുതായി അധികാരത്തിലെത്തിയ സിറിസ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ആവശ്യം.

അതേസമയം ചെലവുചുരുക്കല്‍ നയത്തിനെതിരായ വിധിയെഴുത്താണ് സിറിസ പാര്‍ടിയെ അധികാരത്തില്‍ എത്തിച്ചതെന്നും ജനങ്ങളെ വഞ്ചിക്കാന്‍ തയ്യാറല്ലെന്നും പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് പറഞ്ഞു

24,000 കോടി യൂറോയുടെ വായ്പാ കാലാവധി 28ന് അവസാനിക്കാനിരിക്കെയാണ് സാമ്പത്തികപ്രതിസന്ധി മുന്നില്‍ക്കണ്ട് അലക്‌സി സിപ്രാസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ വായ്പാദ്ധതി നീട്ടാന്‍ അപേക്ഷ നല്‍കിയത്.

വെള്ളിയാഴ്ച ഇയു ധനമന്ത്രിമാര്‍ യോഗം ചേര്‍ന്നാകും ഗ്രീസിന്റെ അപേക്ഷയില്‍ അന്തിമ തീരുമാനമെടുക്കുക. എന്നാല്‍ ഇന്നലെ തന്നെ ജര്‍മനി ഇത് തള്ളിയ സാഹചര്യത്തില്‍ പ്രശ്‌നം വീണ്ടും സങ്കീര്‍ണമായി.

ഇതിനിടെ ക്ലേശത്തിലായ ഗ്രീക്ക് ജനതയോട് അനുഭാവം പ്രകടിപ്പിക്കുന്നതായി പ്രധാനമന്ത്രി എന്ടാ കെന്നി ഇന്നലെ വ്യക്തമാക്കി.’ഗ്രീസ് യൂറോ സോണ്‍ വിടില്ലെന്ന സന്ദേശം ഗ്രീക്ക് പ്രധാനമന്ത്രി നല്കിയിട്ടുണ്ട്.കരാറുകള്‍ ലംഘിക്കുകയില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്,സന്തുലിതമായ ഒരു പ്രശ്‌ന പരിഹാരം ഉണ്ടാകുവാന്‍ ഗ്രീസിനെ സഹായിക്കണം എന്നാണു ഗ്രീക്ക് പ്രധാനമന്ത്രിയുടെ നിലപാടിനോട് ഏതിര്‍പ്പില്ലെന്നു ഐറിഷ് പ്രധാനമന്ത്രി പറഞ്ഞു.

Scroll To Top