Tuesday January 23, 2018
Latest Updates

ഗ്രഹണകാലത്തെ ഞാഞ്ഞൂലും ശശികലയും 

ഗ്രഹണകാലത്തെ ഞാഞ്ഞൂലും ശശികലയും 

ഹിന്ദുമതമെന്നത് ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും ശാന്തമായ ഒരു സംസ്‌കാരമാണ്.എല്ലാവരെയും സ്വീകരിക്കാനും,ഉള്‍ക്കൊള്ളുവാനും ഭാരതീയ സംസ്‌കൃതി കാണിച്ച ആര്‍ജവമാണ് ഇന്ത്യയിലെ മറ്റു മതങ്ങളുടെ മുഖമായി ഇന്ന് നാം കാണുന്നതും,ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിസ്ഥാന ശിലയായി നാം കരുതുന്നതും.അതെ സമയം ആര്‍ എസ് എസ് പോലെയുള്ള മതാത്മക സംഘടനകള്‍ ഹിന്ദു മതത്തെ തന്നെ അപചയപ്പെടുത്തുന്ന ചില നിലപാടുകള്‍ സ്വീകരിക്കുക വഴി ഒരു മത സമൂഹത്തിനു തന്നെ ആക്ഷേപകരമായി തീരുന്ന സംഭവങ്ങള്‍ നമ്മുക്ക് കാണാതിരിക്കാനും ആവില്ല.

ഒരു പ്രധാനമന്ത്രിയെ തീരുമാനിക്കാന്‍ പോലും നീളുന്ന അവരുടെ സ്വാധീനം അഹന്തയായി മാറുമ്പോഴാണ് ശശികലയെ പോലെയുള്ള ഞാഞ്ഞൂലുകള്‍ തല പൊക്കുന്നത്.ഹിന്ദു ഐക്യവേദി എന്ന പേരില്‍ വേരോടുന്ന വര്‍ഗീയ സംഘടന തീവ്ര ഹിന്ദുത്വ നിലപാടുകളിലൂടെ അടുത്തകാലത്ത് കേരളീയ സമൂഹത്തിന്റെ സ്വസ്ഥതയ്ക്ക് വിഘ്‌നം വരുത്തുന്നതായി കാണുന്നത്.മറ്റു പല ഹൈന്ദവ സംഘടനകളുടെയും നിറമില്ലാത്ത സ്വപ്ന സാക്ഷാത്കാരമായ ഈ സംഘടനയുടെ ചെയര്‍ പേഴ്‌സണ്‍ ശശികല നടത്തിയ പരാമര്‍ശങ്ങള്‍ ലോക ജനതയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധ എന്ന് മുദ്രകുത്തി ലോകം ബഹുമാനിച്ചിരുന്ന മദര്‍ തെരേസയെ പറ്റി ശശികല എന്ന സ്ത്രീ നടത്തിയ വാക്കുകള്‍ക്ക് മറുപടി അര്‍ഹിക്കേണ്ടതെയല്ല.പക്ഷെ ഇരിക്കേണ്ടവരെ ഇരിക്കേണ്ടിടത്ത് ഇരുത്തിയില്ലെങ്കില്‍ ഇത്തരം സംഘടനകള്‍ക്ക് ഭാവിയില്‍ ദു:ഖിക്കേണ്ടി വരും.

അപരനില്‍ ദൈവത്തെ കാണുവാനാണ് എല്ലാമതങ്ങളും പഠിപ്പിക്കുന്നത്.ആശരണരെയും,രോഗികളെയും,  പാപികളെയും,തങ്ങളുടെ നെഞ്ചോട് ചേര്‍ത്തവര്‍ കാട്ടിത്തന്ന മഹത്തായ വഴികളിലൂടെ ചരിച്ചവര്‍ മാത്രമാണ് വിശുദ്ധിയുടെ പടവുകള്‍ ചവിട്ടിയിട്ടുള്ളത്.തെരുവിലുപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ മതം നോക്കിയോ ജാതി നോക്കിയോ അല്ല മദര്‍ തെരേസ അവരെ വാരിപ്പുണര്‍ന്നത്.ഒരു പൂവ് പോലെ നിര്‍മ്മലവും,മനോഹരവുമായ അവരുടെ ശൈശവവും,അതിലേറെ നിഷ്‌കളങ്കതയും മാത്രമാണ് ഒരു വലിയ വിളിയ്ക്ക് ഉത്തരം നല്കിയ മദര്‍ തെരേസയുടെ ജീവിതം.അനേകം അനുയായികള്‍ ഉണ്ടായിരുന്നുവെങ്കിലും മദര്‍ ഒരിക്കലും തന്നെ ആള്‍ ദൈവമാക്കാന്‍ ആരെയും അനുവദിച്ചില്ല.തന്റെ അകമ്പടിയ്ക്ക് സേവകരും ഇല്ലായിരുന്നു.തന്നെയും ,കുഞ്ഞുങ്ങളെയും ഉപദ്രവിക്കുകയും രൂക്ഷമായ പ്രതിസന്ധിയിലേയ്ക്ക് തള്ളിയിടുകയും ചെയ്തവരെ പോലും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളത്.


ശശികല ;നിങ്ങളെ പോലെയുള്ളവരെ ലോകം വിലയിരുത്തുക ഒരു ഭീരു എന്നായിരിക്കും.മഹത്തായ വ്യക്തിത്വങ്ങളെ ,അവരുടെ മൂല്യാധിഷ്ട്ടിത ജീവിതത്തെ ഹനിയ്ക്കുന്ന പരാമര്‍ശങ്ങളിലൂടെ നിങ്ങള്‍ നേടിയെന്നു കരുതുന്നത് തികഞ്ഞ ദുഷ്‌കീര്‍ത്തി തന്നെയാണ്.തെളിഞ്ഞ വെള്ളം കലക്കാമെന്നും അതില്‍ നിന്നും മീന്‍ പിടിയ്ക്കാമെന്നും നിങ്ങള്‍ കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റുമെന്നു വേണം കരുതാന്‍.

nobilനിങ്ങളുടെ വിടുവായത്തരം ദേശാഭിമാനികളായ ഹിന്ദുമതവിശ്വാസികള്‍ അടക്കമുള്ള കേരള ജനത തള്ളിക്കളയുന്ന കാഴ്ച്ചയാണ് വര്‍ത്തമാനകാലം കണ്ടു കൊണ്ടിരിക്കുന്നത്. ഗ്രഹണകാലത്ത് ഞാഞ്ഞൂലിനും വിഷം എന്ന പഴമൊഴി പോലും ഈ ശശികലയെ പോലുള്ളവര്‍ക്ക് ചേരില്ലെന്ന് അറിയാന്‍ മാത്രം ബോധമുള്ളവരാണ് കേരളീയ സമൂഹം 


നോബിള്‍ മാത്യു (ലൂക്കന്‍)

Scroll To Top