Thursday January 19, 2017
Latest Updates

ഗോവയിലെ ബീച്ചില്‍ നോര്‍വീജിയക്കാരനെ കൊലപ്പെടുത്തിയ അയര്‍ലണ്ടുകാരന്‍ അറസ്റ്റില്‍

ഗോവയിലെ ബീച്ചില്‍ നോര്‍വീജിയക്കാരനെ കൊലപ്പെടുത്തിയ അയര്‍ലണ്ടുകാരന്‍ അറസ്റ്റില്‍

പനാജി: ഇന്ത്യയില്‍ വച്ച് നോര്‍വീജിയക്കാരനെ കൊലപ്പെടുത്തിയ അയര്‍ലണ്ടുകാരന്‍ അറസ്റ്റില്‍. ഗോവയില്‍ വച്ചാണ് ഐറിഷ് പൌരന്‍ അറസ്റ്റിലായത്. ഗോവയിലെ അഞ്ചുന ബീച്ചില്‍ വച്ച് ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. സുന്ദ്ര എര്‍ഡിമിര്‍ എന്ന നോര്‍വീജിയന്‍ പൌരനാണ് കൊല്ലപ്പെട്ടത്. ഇയാളെ 49 കാരനായ ഐറിഷ് പൌരന്‍ ഡ്രമ്മിന് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. അറസ്റ്റിലായ ഐറിഷ് പൌരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. 

ബീച്ചില്‍ വച്ച് അയര്‍ലണ്ടുകാരനും നോര്‍വീജിയക്കാരനും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്ന് ഐറിഷ് പൌരന്‍ ഡ്രം എടുത്ത് നോര്‍വീജിയക്കാരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നോര്‍വീജിയക്കാരനെ ഗോവ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആദ്യം കൊലപാതക ശ്രമത്തിന് കേസെടുത്ത പോലീസ് ഇയാള്‍ മരിച്ചതോടെ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

കൊലപാതകത്തിന് ഐറിഷ് പൌരന്‍ ഇന്ത്യയില്‍ അറസ്റ്റിലായതായി ഇന്ത്യയിലെ ഐറിഷ് എംബസി വഴി വിവരം ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Scroll To Top