Saturday November 25, 2017
Latest Updates

ഗുരുതരമായ ക്രമക്കേടുകള്‍ ;കോര്‍ക്കിലെ ചെഷയര്‍ഹോമിന്റെ ലൈസന്‍സ് റദ്ദാക്കി നടത്തിപ്പ് എനേബിള്‍ അയര്‍ലണ്ട് ഏറ്റെടുത്തു

ഗുരുതരമായ ക്രമക്കേടുകള്‍ ;കോര്‍ക്കിലെ ചെഷയര്‍ഹോമിന്റെ ലൈസന്‍സ് റദ്ദാക്കി നടത്തിപ്പ് എനേബിള്‍ അയര്‍ലണ്ട് ഏറ്റെടുത്തു

കോര്‍ക്ക് : ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോര്‍ക്കിലെ ചെഷയര്‍ഹോമിന്റെ ലൈസന്‍സ് റദ്ദാക്കി. തുടര്‍ച്ചയായ ക്രമക്കേടുകളുടെ പേരിലാണ് ഹോമിന്റെ പ്രവര്‍ത്തനം എനേബിള്‍ അയര്‍ലണ്ട് ഏറ്റെടുത്തത്.അന്തേവാസികള്‍ക്ക് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു.ഇവിടെ കഴിയുന്നവരുടെ സുരക്ഷയും ക്ഷേമവും പരിഗണിച്ചാണ് ഹെല്‍ത്ത് വാച്ച് ഡോഗ് ഹിക്വ അയര്‍ലണ്ട് ചെഷയര്‍ ഫൗണ്ടേഷന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചത് . ചെഷയര്‍ അയര്‍ലണ്ടിന്റെ കീഴിലുള്ളതാണ് ഈ സ്ഥാപനം.

ജൂലൈ 28നാണ് ഇതു സംബന്ധിച്ച ഉത്തരവുണ്ടായത്.ഗ്ലാന്‍മൈര്‍ ലോടാ പാര്‍ക്കിനു സമീപത്തെ ഹോമിനെക്കുറിച്ച് പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് 2015 ഒക്ടോബറില്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനകളിലും വന്‍ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.

മുറിവിന് ഇവിടെ ശരിയായ പരിചരണം നല്‍കാത്തതിനെ തുടര്‍ന്ന് ഒരു അന്തേവാസിയെ അക്യൂട്ട് ഹോസ്പിറ്റലില്‍ എത്തിക്കേണ്ടിവന്നിരുന്നു.ചികില്‍സാ സംബന്ധമായ മറ്റു പോരായ്മകളും പരിശോധകര്‍ കണ്ടെത്തിയിരുന്നു.രാവിലെയും വൈകിട്ടും നല്‍കേണ്ട വേദനസംഹാരികള്‍ നല്‍കാതിരിക്കുക തുടങ്ങിയ ഗുരുതരമായ വീഴ്ചകള്‍ ബോധ്യപ്പെട്ടിരുന്നു.വൃത്തിഹീനമായ ഭക്ഷണ ട്രോളിയും മലവും മൂത്രവും നിറഞ്ഞ ഷവര്‍ ചെയറുകളുമൊക്കെ പരിശോധകര്‍ നേരിട്ട് കണ്ടിരുന്നു.ഇതൊന്നും പരിഹരിക്കാന്‍ ഫലപ്രദമായ നടപടികളെടുക്കാന്‍ ചെഷയര്‍ഹോം അധികൃതര്‍ തയ്യാറായില്ല.തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നോട്ടീസ് നല്‍കി.

ഹോം അധികൃതര്‍ ഇതിനെതിരെ ജില്ലാ കോടതിയെ സമീപിച്ചു.തുടര്‍ന്ന് ചെഷയര്‍ അയര്‍ലണ്ടിന്റെ സമ്മതപ്രകാരം എച്.എസ്.ഇ അവിടുത്തെ അന്തേവാസികളുടെ കാര്യങ്ങള്‍ നോക്കാന്‍ എനേബിള്‍ അയര്‍ലണ്ടിന്റെ സഹായം തേടുകയായിരുന്നു.ഇതിനിടെ ചെഷയര്‍ അയര്‍ലണ്ട് കോടതിയില്‍ നല്‍കിയ അപ്പീലും പിന്‍വലിച്ചു.തുടര്‍ന്നാണ് എനേബിള്‍ അയര്‍ലണ്ട് ഹോമിന്റെ നടത്തിപ്പ് ഏറ്റെടുത്തതത്.

Scroll To Top