Sunday February 19, 2017
Latest Updates

ഗാല്‍വേയിലെ റോണലൂക്കാസും പൂച്ചകളും

ഗാല്‍വേയിലെ റോണലൂക്കാസും പൂച്ചകളും

ഗാല്‍വേ :റോണ ലൂക്കാസിന്റെ പൂച്ചപ്രേമം ഇപ്പോള്‍ അയര്‍ലണ്ട് മുഴുവന്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. 150 പൂച്ചകള്‍ ഇവരുടെ ബംഗ്ലാവിനു ചുറ്റും കറങ്ങിനടക്കുന്നുണ്ട്. എന്നിട്ടുകൂടി ലൂക്കാസ് പറയുന്നത് വീട്ടില്‍ വേണ്ടത്ര പൂച്ചകള്‍ ഇല്ലെന്നാണ്.

ലോറിയയിലെ വീട്ടില്‍ അന്‍ കേറ്റ് ഡബ് എന്ന അഭയകേന്ദ്രം ഇവര്‍ 2011ലാണ് രൂപപ്പെടുത്തിയെടുത്തത്. അപ്പോള്‍ തന്നെ 150 പൂച്ചകളും ഇവരുടെ വീട്ടില്‍ കുടിയേറുകയും ചെയ്തു.
ഇംഗ്ലണ്ടില്‍ ശിശുസംരക്ഷണം തൊഴ്‌ലായി സ്വീകരിച്ച റോണ ലൂക്കാസ് അയര്‍ലണ്ടിലേക്ക് കുടിയേറിയിട്ട് വര്‍ഷങ്ങളായി. ജോലിയുടെ ഭാഗമായി ഹാംപ്‌ഷെയറില്‍ പ്രത്യേക സംരക്ഷണ സംഘം രൂപീകരിക്കാന്‍ മുന്‍കൈ എടുത്തവരില്‍ പ്രധാനി ആയിരുന്നു റോണ ലൂക്കസ്.
തന്റെ റിട്ടയര്‍മെന്റോടെ വിശ്രമജീവിതത്തിലേക്ക് പോകാന്‍ റോണ തയ്യാറായില്ല, പിന്നീടും ചൈല്‍ഡ്‌ലൈന്‍ വളണ്ടിയറായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ സന്നദ്ധത കാണിച്ചു.
എന്നാല്‍ ഇപ്പോള്‍ സാധരണക്കാര്‍ക്കിടയില്‍ അവര്‍ സംസാരവിഷയമായത് അവരുടെ മൃഗ സ്‌നേഹം കൊണ്ടുതന്നെയാണ്. ആര്‍ക്കും വേണ്ടാത്ത വളര്‍ത്തു മൃഗങ്ങള്‍ക്ക് ആശ്രയമാവുകയായിരുന്നു ഇവരുടെ ബംഗ്ലാവ്.
മനുഷ്യരെക്കാളും കൂടുതല്‍ മൃഗങ്ങളെ കണക്കിലെടുക്കുന്ന ഒരാളല്ല താനെന്നും മൃഗങ്ങളും മനുഷ്യര്‍ക്കു ലഭിക്കുന്നതുപോലുള്ള പരിഗണനകള്‍ക്ക് അര്‍ഹരാണെന്നും റോണ പറഞ്ഞു.
അവഗണിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന 150 കൂഞ്ഞുങ്ങളെ ഇത്തരത്തില്‍ വീട്ടില്‍ സംരക്ഷിക്കാന്‍ ഒട്ടേറെ നിയമ തടസങ്ങള്‍ നേരിടേണ്ടി വരുമെന്നും എന്നാല്‍ 150 പൂച്ചകളെ വീട്ടില്‍ വളര്‍ത്താന്‍ അത്തരം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.
അന്‍ കേറ്റ് ഡബ്ബിലുള്ള ഓരോ പൂച്ചകള്‍ക്കും ഓരോ പേരുകളുമുണ്ട്. ജെആര്‍ആര്‍ ടോകിയന്‍, ഹാരിപ്പോര്‍ട്ടര്‍ കഥകളിലെ കഥാപാത്രങ്ങളുടെ പേരുകളാണ് റോണയും ഉപയോഗിച്ചിരിക്കുന്നത്. പലപ്പോഴും ഇവരെ തിരിച്ചറിയാന്‍ റോണയ്ക്കു പോലും സാധിക്കാതെ വരാറുണ്ട്.
അപരിചിതര്‍ ഇവരുടെ ബംഗ്ലാവും പരിസരവും കണ്ടാല്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് ഭ്രാന്താണോ എന്ന് വിചാരിക്കുന്നത് സാധരണമാണെന്നും റോണ തുറന്നു പറയുന്നു. എന്നാല്‍ ഇത്തരം നല്ല ഒരു പ്രവര്‍ത്തിയിലൂടെ വന്ന അപകീര്‍ത്തി ആയതിനാല്‍ തന്നെ റോണ ലൂക്കാസ് അതില്‍ ദുഖിതയുമല്ല. പൂച്ചകള്‍ ഈ ബംഗ്ലാവിനെ അഭയകേന്ദ്രമായിക്കണ്ട് വലംവെയ്ക്കുകയാണ്.
ഈ ബംഗ്ലാവിലെ രണ്ടു മുറികളാണ് പൂച്ചകളെ പ്രവേശിപ്പിക്കാതെ വൃത്തിയാക്കി വച്ചിരിക്കുന്നത്. ഗസ്റ്റ് റൂമും ലിവിംഗ് റൂമും. എന്നാല്‍ ഇവരില്‍ ചില വിരുതന്‍മാര്‍ വിലക്കപ്പെട്ട മുറികളിലേക്കും കടന്നുചെല്ലാന്‍ ശ്രമിക്കാറുണ്ട്. റോണയുടെ കിടപ്പുമുറി ഉള്‍പ്പെടെ മറ്റെല്ലാ മുറികളും പൂച്ചകളുടെ വിഹാര കേന്ദ്രങ്ങളാണ്.
ഇപ്പോള്‍ പൂച്ചകളില്ലാതെ ജീവിക്കാന്‍ വയ്യെന്ന സ്ഥിതി ആയെന്ന് റോണ പറഞ്ഞു. മനുഷ്യരെക്കാളും മൃഗങ്ങളെ സ്‌നേഹിക്കുന്ന ഒരാളല്ല താനെന്ന് റോണ ആവര്‍ത്തിച്ചു പറയുന്നു.
ക്ലെയറിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിലാണ് റോണ ലൂക്കാസ്. ഈ 150 അംഗങ്ങളെയും ഒന്നൊഴിയാതെ മാറ്റിപ്പാര്‍പ്പിക്കുക എളുപ്പമല്ലെന്നും റോണ പറഞ്ഞു. ഭര്‍ത്താവിനോടും സഹവാസികളായ പൂച്ചകളോടും കൂടെ ബംഗ്ലാവ് പങ്കിട്ട് സന്തോഷത്തോടെ കഴിയുകയാണ് റോണ ലൂക്കാസ്.

Scroll To Top