Friday July 21, 2017
Latest Updates

ഗാന്ധി സിനിമയുടെ സംവിധായകനും നടനുമായ റിച്ചാര്‍ഡ് അറ്റന്‍ബറോ അന്തരിച്ചു

ഗാന്ധി സിനിമയുടെ സംവിധായകനും നടനുമായ റിച്ചാര്‍ഡ് അറ്റന്‍ബറോ അന്തരിച്ചു

ലണ്ടന്‍: മഹാത്മാ ഗാന്ധിയുടെ ജീവിതവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രവും പ്രമേയമാക്കിയ ‘ഗാന്ധി’ എന്ന സിനിമയുടെ സംവിധായകനും നടനുമായ റിച്ചാര്‍ഡ് ആറ്റന്‍ബറോ അന്തരിച്ചു. ഒരു വീഴ്ചയെ തുടര്‍ന്ന് ആറ് വര്‍ഷമായി വീല്‍ ചെയറിലായിരുന്ന അദ്ദേഹം ഇന്നലെയാണ് അന്തരിച്ചത്. 90 വയസായിരുന്നു. 1942 ല്‍ ഇന്‍ വിച്ച് വി സേര്‍വ് എന്ന സിനിമയിലൂടെ നടനായി അരങ്ങേറ്റം കുറിച്ച ആറ്റന്‍ബറോ 1982ല്‍ പുറത്തിറങ്ങിയ ഗാന്ധിയിലൂടെ സംവിധായകന്റെ കുപ്പായവുമണിഞ്ഞു. ബെന്‍ കിംഗ്സ്ലി മഹാത്മാ ഗാന്ധിയായി അഭിനയിച്ച ഈ ചിത്രം അറ്റന്‍ബറോയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. 

ഗാന്ധിയുടെ നിര്‍മ്മാതാവ് കൂടിയായ ആറ്റന്‍ബറോയ്ക്ക് മികച്ച സംവിധായകനും മികച്ച ചിത്രത്തിനുമുള്ള ഓസ്‌കാര്‍ പുരസ്‌ക്കാരങ്ങള്‍ ഈ ചിത്രത്തിലൂടെ ലഭിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് അറ്റന്‍ബറോ ഗാന്ധി സിനിമ നിര്‍മ്മിച്ചത്. സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നതിനും സിനിമയ്ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരം തേടുന്നതിനുമായി അദ്ദേഹം നിരവധി തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി എന്നിവരുമായി നിരവധി തവണ ചര്‍ച്ച നടത്തി. ഒടുവില കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ 1980 നവംബറില്‍ ഇന്ത്യയില്‍ ചിത്രീകരണം ആരംഭിച്ച സിനിമ 121 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. 

ബ്രിട്ടനിലെ കേംബ്രിഡ്ജില്‍ 1923 ഓഗസ്റ്റ് 29 നാണ് അദ്ദേഹം ജനിച്ചത്. ഓസ്‌കാര്‍ അവാര്‍ഡുകള്‍ കൂടാതെ നാല് ബാഫ്റ്റ് അവാര്‍ഡുകള്‍, നാല് ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ എന്നിവയും ആറ്റന്‍ബറോയെ തേടി എത്തിയിട്ടുണ്ട്. ബ്രൈറ്റന്‍ റോക്ക്, ദ ഗ്രേറ്റ് എസ്‌കേപ്പ്, 10 റോളിങ്ടണ്‍ പ്ലേസ്, മിറാക്കിള്‍ ഓണ്‍ 34ത് സ്ട്രീറ്റ്, ജൂറാസിക്പാര്‍ക്ക് തുടങ്ങിയവയാണ് ആറ്റന്‍ബറോ അഭിനയിച്ച പ്രശസ്ത ചിത്രങ്ങള്‍. 

Scroll To Top