Monday February 27, 2017
Latest Updates

ഗാന്ധിജിയെ ‘ഗുരു’വാക്കിയ ഐറിഷ്‌കാരന്‍ പറയുന്നു ‘ഈ ലോകത്ത് പണമില്ലാതെയും ജീവിക്കാം!’..മണിലെസ്സ് മാന്‍, ബോയില്‍ ലോകത്ത് പുതിയ തരംഗമാകുന്നു

ഗാന്ധിജിയെ ‘ഗുരു’വാക്കിയ ഐറിഷ്‌കാരന്‍ പറയുന്നു ‘ഈ ലോകത്ത് പണമില്ലാതെയും ജീവിക്കാം!’..മണിലെസ്സ് മാന്‍, ബോയില്‍ ലോകത്ത് പുതിയ തരംഗമാകുന്നു

‘ഗാന്ധി’ എന്ന സിനിമ ലോകമെമ്പാടും തരംഗമുയര്‍ത്തി പ്രദര്‍ശനം തുടങ്ങുന്ന കാലം.അയര്‍ലണ്ടിലെ കൌണ്ടി ഡോനഗലിലെ ബാളിഷാനോന്‍ ഗ്രാമത്തിലെ സിനിമ തിയേറ്ററിലും ‘ഗാന്ധി’പ്രദര്‍ശനത്തിനെത്തി. എല്ലാ ദിവസവും എല്ലാ പ്രദര്‍ശനങ്ങള്‍ക്കും പതിവായി ഒരാള്‍ എത്തുന്നത് ശ്രദ്ധിച്ച ഗേറ്റ് കീപ്പര്‍ ആ ചെറുപ്പക്കാരനോട് ചോദിച്ചു .’തനിക്കു എന്തെങ്കിലും കുഴപ്പങ്ങളുണ്ടോ ,എന്തിനാണ് ഒരു ഷോ പോലും വിടാതെ കാണുന്നത്?.’

ചെറുപ്പക്കാരന്‍ മറുപടി പറഞ്ഞു .അതേ! എനിക്ക് ഭ്രാന്താണ് …’ഗാന്ധി ഭ്രാന്ത് !’

അത്രമാത്രം ഗാന്ധിജിയെ സ്‌നേഹിച്ചിരുന്നു മാര്‍ക്ക് ബോയില്‍ എന്ന ആ ഇരുപത്തിയൊന്നുകാരന്‍.ഗാന്ധിയുടെ ഓരോ വാക്കും ,നോക്കും ,ചലനവും ശ്രദ്ധിച്ചു നിരീക്ഷിച്ച ആ ചെറുപ്പക്കാരന്‍
ഗാല്‍വെ മായോ ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും ബിരുദപഠനം കഴിഞ്ഞ് ഉപരി പഠനത്തിന് ലണ്ടനിലേയ്ക്ക് പോകുമ്പോള്‍ ആ ചെറുപ്പക്കാരന്റെയുള്ളില്‍ ഒന്നേയുള്ളായിരുന്നു .ഗാന്ധിയന്‍ ചിന്തകള്‍.

ബ്രിസ്‌റ്റൊളിലെ ഓര്‍ഗാനിക്ക് ഫുഡ് ഷോപ്പില്‍ ജോലിയ്ക്ക് ചേര്‍ന്ന ബോയില്‍ എന്നും ‘കൂടുന്നതു’പോലെ ഒരു ദിവസം സുഹൃത്തുക്കളുടെ കൂടെ ‘സഭ’കൂടിയിരിക്കുമ്പോഴാണ് ഒരു സുഹൃത്തിന്റെ വായില്‍ നിന്നും ചില തത്വങ്ങള്‍ പുറത്തുചാടിയത്. ലോകത്തില്‍ നിങ്ങള്‍ കാണാനാഗ്രഹിക്കുന്ന മാറ്റത്തിലേക്ക് പോവുക എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളാണ് അപ്പോള്‍ തന്റെ മനസിലേക്ക് വന്നതെന്നും, എങ്ങിനെ മാറണമെന്ന ചിന്തയായിരുന്നു പിന്നീടെന്നും മാര്‍ക്ക് പറഞ്ഞു.

BOY2പിന്നീട് സുഹൃത്തുക്കളുമായി ചേര്‍ന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചചെയതു. എ്ന്നാല്‍ അപ്പോഴെല്ലാം തങ്ങളുടെ ജീവിതം കൊണ്ട് ഇതിലേതു പ്രശ്‌നത്തിനാണ് പരിഹാരം കാണേണ്ടതെന്ന് ആശങ്കയായിരുന്നുവെന്നും, എന്നാല്‍ ഇതില്‍ ഏതില്‍ ശ്രമങ്ങള്‍ നടത്തിയാലും സമുദ്രത്തിലെ ഒരുതുള്ളിപോലെ അത് മങ്ങിപ്പോകുമെന്ന് ഇവര്‍ക്കു തോന്നി.

അന്നു വൈകിട്ടോടെ തന്നെ മാര്‍ക്ക് തന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. ഇവിടെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാനകാരണമായി വരുന്നത് പണമാണ്. അതിനെ ഒഴിവാക്കിയേക്കാം എന്ന തീരുമാനത്തിലാണ് മാര്‍ക്ക് എത്തിച്ചേര്‍ന്നത്.
പിന്നെ താമസിച്ചില്ല .നേരേ ഇന്ത്യയിലേക്ക് വണ്ടി കയറി ബോയില്‍..ഗുരു.നടന്ന വഴികള്‍ കാണാനും പഠിക്കാനും.പോര്‍ബന്തറില്‍ നിന്നും തുടങ്ങിയ പുണ്യയാത്ര ഗാന്ധിയുടെ പാദസ്പര്‍ശനം പതിഞ്ഞ എല്ലായിടങ്ങളിലും എത്തി.വടകരയിലും ,വൈക്കത്തുമടക്കം ഇന്ത്യയുടെ ഹൃദയം തൊട്ടറിയാന്‍ വര്‍ഷങ്ങള്‍ എടുത്തു.

പിന്നെ അമേരിക്കയടക്കമുല്ല ലോക രാജ്യങ്ങളില്‍ ചുറ്റിനടന്ന് ബോയില്‍ തന്റെ സന്ദേശം വിളംബരം ചെയ്തു.ഫ്രീ ഇക്കോണമി കമ്മ്യൂണിറ്റിയും ,’മണിലെസ്സ് ലൈഫ് സ്റ്റയിലും’ ലോകമെമ്പാടും അറിയിക്കുമ്പോഴെല്ലാം ഗുരുസ്ഥാനിയനായ ഗാന്ധിയുടെ സൂക്തങ്ങളാണ് ബോയില്‍ ഉപയോഗിച്ചത്.

വീണ്ടും തിരിച്ചെത്തിയത് ഒരൊറ്റ ഉദ്ദേശത്തോടെയായിരുന്നു.തന്റെ ലക്ഷ്യങ്ങള്‍ ലോകത്തിനു കാണിച്ചു കൊടുക്കണം.അങ്ങനെ മറ്റു ചിലരോടൊപ്പം ചേര്‍ന്ന് ഒരു ഫ്രീ ഇക്കോണമി വില്ലേജിന്റെ നിര്‍മ്മാണത്തിലാണ് ബോയിലിപ്പോള്‍.

മൂലധനമായുള്ളത് ഒരു സോളാര്‍ പാനലും ,ഒരു വിറകു സ്റ്റൗവും

പണമില്ലാതെ ജീവിക്കാന്‍ സാധിക്കുമോ? സാധിക്കും എന്നു തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഐറിഷുകാരനായ മാര്‍ക്ക് ബോയില്‍. മാര്‍ക്കിന് ഇന്ന് ബാങ്ക് ബാലന്‍സോ സമ്പാദ്യമോ ഒന്നും തന്നെ ഇല്ല. അതേപോലെ തന്നെ ചിലവുകളും.

കഴിഞ്ഞ 15മാസങ്ങളായി മാര്‍ക്ക് ഇത്തരത്തില്‍ പണമില്ലാതെ ജീവിക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോള്‍ ഈ അവസ്ഥയുമായി പൊരുത്തപ്പെട്ടു ജീവിച്ചുതുടങ്ങിയിരിക്കുന്നു മാര്‍ക്ക്.

മറ്റെല്ലാ സാധാരണക്കാരെപ്പോലെയും വരവുചിലവുകളെക്കുറിച്ചോര്‍ത്ത് ടെന്‍ഷനടിച്ചിരുന്ന ഒരുകാലം മാര്‍ക്കിനും ഉണ്ടായിരുന്നു. എന്നാല്‍ താന്‍ ഒരു സെന്റ് പോലും കൈകൊണ്ട് തൊടാതായിട്ട് 15 മാസങ്ങളായെന്നാണ് മാര്‍ക്ക് പറയുന്നത്.

ജനങ്ങളില്‍ നിന്നും ജനങ്ങളെ വേര്‍തിരിക്കുന്നതും പണം തന്നെയാണെന്നാണ് മാര്‍ക്കിന്റെ വാദം.
സ്വയമുണ്ടാക്കുന്ന ഭക്ഷണമാണ് തങ്ങള്‍ കഴിക്കുന്നതെങ്കില്‍ അത് വെറുതെ വലിച്ചെറിയാന്‍ ആരും തന്നെ തയ്യാറാവുകയില്ല, അതേപോലെ തന്നെ സ്വയം ഉണ്ടാക്കിയ ഫര്‍ണിച്ചറുകളും വീടിന്റെ ഇന്റീരിയര്‍ ഡെകര്‍ മാറ്റുന്നു എന്നും പറഞ്ഞ് ദൂരെ കളയുകയുമില്ല. കുടിവെള്ളം പോലും ശുദ്ധമായി സൂക്ഷിക്കാന്‍ അപ്പോള്‍ മനുഷ്യര്‍ ശീലിക്കുമെന്നും മാര്‍ക്ക് പറഞ്ഞു.BOYL

അപ്പോള്‍ ഇത്തരത്തില്‍ ഒരു മാറ്റം ലോകത്തിനു മുന്‍പില്‍ കാഴ്ച്ചവെക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മാര്‍ക്കും തീരുമാനിച്ചു. എന്നാല്‍ തുടക്കത്തില്‍ തനിക്ക് പണം ഉപയോഗിക്കേണ്ടി വന്നുവെന്നും മാര്‍ക്ക് പറഞ്ഞു. ഇത്തരത്തിലുള്ള ജീവിത സാഹചര്യങ്ങള്‍ ഒരുക്കാനാവശ്യമായ സാധനങ്ങള്‍ സംഘടിപ്പിക്കാനാണ് മാര്‍ക്ക് പണം ഉപയോഗിച്ചത്.

തന്റെ ആദ്യദിവസം 150 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ മാര്‍ക്കിനു കഴിഞ്ഞു. ഉപയോഗശൂന്യം എന്നുപറഞ്ഞു വലിച്ചെറിഞ്ഞ കേടുവരാത്ത ഭക്ഷണസാധനങ്ങള്‍ കൊണ്ടൊക്കെയാണ് മാര്‍ക്ക് ഭക്ഷണം പാചകം ചെയ്തത്. മഴയായാലും വെയിലായാലും മാര്‍ക്കിന്റെ പാചകം വെളിയില്‍ വച്ച് ഒരു റോക്കറ്റ് സ്റ്റൗവ്വിന്‍മേലാണ്.

മറ്റെല്ലാകാര്യങ്ങളും ഒരുക്കിയപ്പോഴാണ് താമസിക്കാന്‍ ഒരുസ്ഥലം പ്രധാനമായും വേണമല്ലോ എന്ന് ചിന്തിച്ചത്. തന്റെ ഓര്‍ഗാനിക് ഫാമിന് സമീപത്തായി ഒരു കാരവാന്‍ കൊണ്ടുവന്നിട്ട് ആ പ്രശ്‌നവും മാര്‍ക്ക് പരിഹരിച്ചു.

പരിസരമലിനീകരണം ഉണ്ടാക്കാതിരിക്കാനും മാര്‍ക്ക് വളരെയധികം ശ്രദ്ധിക്കുന്നുണ്ട്.
പലരും തന്നെ ആന്റികാപിറ്റലിസ്റ്റ് എന്ന് മുദ്രകുത്തുമ്പോഴും മാര്‍ക്ക് പറയുന്നത് താന്‍ അങ്ങനെ ഒരു സിസ്റ്റത്തിനെയും എതിര്‍ത്തുകൊണ്ടല്ല ഇത്തരത്തില്‍ ജീവിക്കുന്നത് എന്നും മാര്‍ക്ക് പറയുന്നു.

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വര്‍ഷമായിരുന്നു ഇതെന്ന് മാര്‍ക്ക് പറയുന്നു. തുടങ്ങിയതിനു ശേഷം ഇതുവരെ തന്നെ ഒരു രോഗവും അലട്ടിയിട്ടില്ലെന്നും മനുഷ്യനെ പ്രകൃതിയില്‍ നിന്നകറ്റുകയാണ് പണം ചെയ്യുന്നതെന്നും എന്നാല്‍ താനിപ്പോള്‍ പ്രകൃതിയിലേക്കടുക്കുകയാണെന്നും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തു .. വെസ്‌റ്റേണ്‍ സംസ്‌കാരത്തില്‍ നിന്നും ആത്മീയത അകന്നുപോവുകയാണെന്നും മാര്‍ക്ക് വിശ്വസിക്കുന്നുണ്ട്.

തന്റെ ജീവിതത്തില്‍ നിന്നും ഇപ്പോള്‍ അകന്നിരിക്കുന്നത് മാനസീക സംഘര്‍ഷങ്ങളും ട്രാഫിക് ജാമുകളും യൂട്ടിലിറ്റി ബില്ലുകളുമൊക്കെയാണെന്ന് മാര്‍ക്ക് പറഞ്ഞു. ഒടുവില്‍ കൈയ്യില്‍ കാശില്ലാതെയും ജീവിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് മാര്‍ക്ക് ബോയില്‍ എന്ന ഈ ഐറിഷ്‌കാരന്‍

ബോയിലിനു ലോകത്തെമ്പാടു നിന്നുമായി ആരാധകരും ,ഏറെയാണ്.ഇത്തരം ഒരു ജീവിതരീതിയിലേക്ക് കടന്നു വരാന്‍ ആയിരക്കണക്കിന് പേര്‍ക്കാണ് താല്പര്യമെന്നാണ് ബോയിലിന്റെ അഭിപ്രായം.http://www.justfortheloveofit.org  എന്ന ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ 168 രാജ്യങ്ങളില്‍ നിന്നുള്ള നാല്‍പതിനായിരത്തില്‍ അധികം പേര്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് അനുയായികളായി ചേര്‍ന്ന് കഴിഞ്ഞു.

പണം മനുഷ്യനെ ഭരിക്കാത്ത ഒരു നല്ല കാലത്തിന്റെ വരവും കാത്തിരിക്കുകയാണ് ഈ മനുഷ്യന്‍  എല്ലാ ജനതകള്‍ക്കും നന്മവരാനായി സദാ ആഗ്രഹിക്കുന്ന ആ മനസ്സില്‍ നിന്നും എപ്പോഴും ഒരു പാട്ടുമുണ്ട്.’സബ് കോ സന്‍മതി ദേ ഭഗവാന്‍ …!like-and-share

 

Scroll To Top