Wednesday February 22, 2017
Latest Updates

ഗള്‍ഫിലേക്കുള്ള യാത്രാനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

ഗള്‍ഫിലേക്കുള്ള യാത്രാനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

അവധിക്കാല സീസണ്‍ അടുക്കാറയപ്പോള്‍ പ്രവാസികളുടെ കഴുത്തറുക്കാന്‍ വിമാനക്കമ്പനികള്‍. വേനലവധിയുടെ യാത്രാ തിരക്ക് മുന്നില്‍കണ്ട് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി. ഈ മാസം 25 മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ വിമാനകമ്പനികളും യാത്രാനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഏപ്രില്‍ മുതലാരംഭിക്കുന്ന വേനലവധി സീസണും ഉംറ തിരക്കും മുതലെടുക്കാനാണ് ഗള്‍ഫ് സെക്ടറില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുള്ളത്. നിലവിലെ നിരക്കിന്റെ മൂന്നിരട്ടിയാണ് ഓരോ മേഖലയിലേക്കും ഉയര്‍ത്തിയിരിക്കുന്നത്. കരിപ്പൂരില്‍ നിന്നു ജിദ്ദയിലേക്കുള്ള ടിക്കറ്റ് നിരക്ക് 32000ത്തിലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. 20,000 രൂപയായിരുന്നതാണ് ഇപ്പോള്‍ ഇത്രയും അധികമായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യാ ടിക്കറ്റ് നിരക്ക് 8500 രൂപയില്‍ നിന്നു 9500 രൂപയാക്കി ഉയര്‍ത്തി.

കരിപ്പൂരില്‍ നിന്ന് ദോഹയിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന്റെ നിരക്ക് 10,000 രൂപയില്‍ നിന്ന് 31,000 രൂപയാക്കിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ദുബായിലേക്ക് ബജറ്റ് എയര്‍വെയ്‌സ് വിഭാഗത്തില്‍പ്പെടുന്ന ഇന്‍ഡിഗോ എയറിന് 14500 രൂപയാണ് നല്‍കേണ്ടത്.

ജെംബോ വിമാനങ്ങള്‍ മുതല്‍ എയര്‍ഇന്ത്യാ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ചെറിയ വിമാനങ്ങള്‍ വരെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. സൗദിയിലേക്ക് കണക്ഷന്‍ വിമാനങ്ങളിലടക്കം വലിയ തുക നല്‍കേണ്ടി വരും. ജെംബോ വിമാനങ്ങളില്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ ടിക്കറ്റെടുത്ത പലരും ഏപ്രിലിലേക്ക് ടിക്കറ്റ് മാറ്റിയെടുക്കുന്നതിനാല്‍ ഈ വിമാനങ്ങളില്‍ കനത്ത തിരക്കാണ്. ഇവരടക്കം ഉയര്‍ന്ന ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്.

 

Scroll To Top