Tuesday May 22, 2018
Latest Updates

ഗര്‍ഭാശയ കാന്‍സര്‍ പരിശോധനയില്‍ പിഴവ് :മൂവായിരത്തോളം പേരെ ബാധിച്ചതായി കണ്ടെത്തല്‍

ഗര്‍ഭാശയ കാന്‍സര്‍ പരിശോധനയില്‍ പിഴവ് :മൂവായിരത്തോളം പേരെ ബാധിച്ചതായി കണ്ടെത്തല്‍

കോര്‍ക്ക്  :ഗര്‍ഭാശയ കാന്‍സര്‍ പരിശോധനാ വിവാദമുണ്ടാകാനുള്ള കാരണങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ്. കഴിഞ്ഞുപോയത് ഐറിഷ് സ്ത്രീകള്‍ക്ക് ദയനീയമായ ഒരു ആഴ്ചയാണെന്നും ഹാരിസ് പറഞ്ഞു.

ഗര്‍ഭാശയ കാന്‍സര്‍ നിര്‍ണയ പരിശോധനയില്‍ സംഭവിച്ച പിഴവിനെ പറ്റി തുറന്നു പറഞ്ഞ ലിമറിക് സ്വദേശിയായ വിക്കി ഫെലനെ ഹാരിസ് അഭിനന്ദിച്ചു. ഐറിഷ് ആരോഗ്യ മേഖലയ്ക്ക് ഈ വിവാദ പരിശോധനാ ഫലം വലിയ ക്ഷതമേല്പിച്ചുവെന്നും മന്ത്രി സമ്മതിച്ചു.ആദ്യ പരിശോധനയില്‍ കാന്‍സര്‍ കണ്ടു പിടിയ്ക്കാതിരുന്ന വിക്കി ഫെലന് പിന്നീട് കാന്‍സര്‍ ഉണ്ടെന്ന് സ്ഥിരീകരിയ്ക്കുകയായിരുന്നു. കാന്‍സറിനോട് പൊരുതാന്‍ മാത്രം ഓരോ മൂന്ന് ആഴ്ചയിലും ഇവര്‍ക്ക് ഇപ്പോള്‍ 8300 യൂറോയുടെ മരുന്ന് വേണ്ടി വരുന്നുണ്ട്.അയര്‍ലണ്ടില്‍ മൂവായിരത്തോളം പേരുടെ കാന്‍സര്‍ പരിശോധന ഫലങ്ങളിലാണ് പിഴവ് സംഭവിച്ചിട്ടുള്ളതായി പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

‘ഇവിടെ എവിടെയാണ് തെറ്റ് പറ്റിയതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ഐറി്ഷ് ആരോഗ്യമേഖലയെ പിടിച്ചുകുലുക്കിയ ഒരാഴ്ചയായിരുന്നു കടന്നു പോയത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു സത്യം ഐറിഷ് സ്ത്രീകളില്‍ നിന്നും മറച്ചുപിടിച്ചത് എന്നും അറിയണം. മന്ത്രിയില്‍ നിന്നും ഈ വിവരം മറച്ചുപിടിച്ചതല്ല പ്രശ്നം ഇത്രയും സ്ത്രീകളില്‍ നിന്ന് മറച്ചുപിടിച്ചതാണ്. എന്തുവിലകൊടുത്തും ഇതേപ്പറ്റി അന്വേഷിക്കും. വിക്കി ഫെലാനും കുടുംബത്തിനും സംഭവിച്ച കാര്യങ്ങള്‍ ഞെട്ടിക്കുന്നവയാണ്. വേദനിക്കുമ്പോഴും തന്റെയും മറ്റു സ്ത്രീകളുടെയും നീതിക്ക് വേണ്ടി പോരാടാനുള്ള ധൈര്യം ഫെലാന്‍ കാണിച്ചു. നിങ്ങളുടെ അമ്മമാരോടും സഹോദരിമാരോടും സഹോദരങ്ങളോടും സുഹൃത്തുക്കളോടും കുടുംബത്തോടും ഞാന്‍ പറയുന്നു, ഇതിനെപ്പറ്റി കൃത്യമായി അന്വേഷിക്കും’മന്ത്രി ഹാരിസ് പറഞ്ഞു..

ദ്രുതഗതിയിലാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്. സ്ത്രീകള്‍ക്ക് തങ്ങളുടെ ആരോഗ്യനിലയെപ്പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കിയ ആ പ്രക്രിയയില്‍ അടിയന്തര മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അന്തര്‍ദേശീയ തലത്തിലുള്ള വിദഗ്ദരുടെ സഹായത്തോടെ അന്വേഷണം നടത്തുന്നതടക്കം ഗവണ്മെന്റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

രോഗികളോട് അവരുടെ രോഗവിവരങ്ങളെപ്പറ്റി അറിയിക്കുന്ന കാര്യത്തില്‍ നഴ്സുമാര്‍ക്കും ധാര്‍മിക ഉത്തരവാദിത്തമുണ്ട്.വിക്കി ഫെലാന്‍ കടന്നുപോയ അവസ്ഥയിലൂടെ ഇനിയും ഒരു സ്ത്രീയും കടന്നുപോകരുത്.ഐഎന്‍ എം ഓ യുടെ പ്രതിനിധികളോട് സംസാരിക്കവെ മന്ത്രി ഹാരിസ് പറഞ്ഞു.

ഓപ്പണ്‍ ഡിസ്‌ക്ളോഷര്‍ സംവിധാനം നടപ്പിലാക്കിക്കഴിഞ്ഞാല്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ഉണ്ടാകുന്നത് തടയാം.ഇങ്ങനെയൊരു സംഭവം നിലനില്‍ക്കുമ്പോഴും 50,000ലേറെ കാന്‍സര്‍ രോഗികളെ തിരിച്ചറിഞ്ഞ പദ്ധതി കൂടിയാണ് ഇതെന്നും മറക്കരുത്. അതിനാല്‍ ഈ പദ്ധതി വിജയകരമാക്കാന്‍ ഞാന്‍ നിങ്ങളുടെ പിന്തുണ തേടുന്നു. ഹാരിസ് പറഞ്ഞു

Scroll To Top