Wednesday April 25, 2018
Latest Updates

ഗര്‍ഭസ്ഥശിശുവിന്റെ വിധി ഒരു സമൂഹം വോട്ടെടുപ്പിലൂടെ നിര്‍ണ്ണയിക്കുമ്പോള്‍ … അയര്‍ലണ്ടില്‍ റഫറണ്ടത്തിന് പക്ഷം തിരിഞ്ഞുള്ള പ്രചാരണം ആരംഭിച്ചു 

ഗര്‍ഭസ്ഥശിശുവിന്റെ വിധി ഒരു സമൂഹം വോട്ടെടുപ്പിലൂടെ നിര്‍ണ്ണയിക്കുമ്പോള്‍ … അയര്‍ലണ്ടില്‍ റഫറണ്ടത്തിന് പക്ഷം തിരിഞ്ഞുള്ള പ്രചാരണം ആരംഭിച്ചു 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമഭേദഗതി നടപ്പാക്കുവാനുദ്ദേശിച്ചു കൊണ്ട് സര്‍ക്കാര്‍ പക്ഷം മുന്നോട്ട് വെയ്ക്കുന്ന റഫറണ്ടത്തിനുള്ള കേളികേട്ടുയര്‍ന്നു.ഗര്‍ഭസ്ഥശിശുക്കള്‍ക്കും ജീവിക്കുന്നതിനു തുല്യ അവകാശമുണ്ടെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും പ്രതിപാദിക്കുന്ന ഭരണഘടനയടെ എട്ടാം വകുപ്പ് ഭേദഗതി ചെയ്യാനാണ് മെയ് അവസാനത്തോടെ നടക്കാനിരിക്കുന്ന അബോര്‍ഷന്‍ റെഫറണ്ടം ലക്ഷ്യമിടുന്നത്.ഭരണഘടനാ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ സോഷ്യല്‍ മീഡിയയിലും,
മാധ്യമങ്ങളിലും ആരംഭിച്ചു കഴിഞ്ഞു.

ഭരണഘടന നിയമഭേദഗതിയിലൂടെ വിവാഹമോചനം നിയമവിധേയമാക്കിയ 1996 ലെ നിയമനടപടിക്കുശേഷം ഇരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വവര്‍ഗവിവാഹത്തിനുള്ള നിയമസാധുതയും അയര്‍ലന്‍ണ്ട് നേടിയെടുത്തു . ഇപ്പോള്‍ അബോര്‍ഷന്‍ നിയമവിധേയമാക്കണമെന്ന ആവശ്യത്തില്‍ പിന്തുണ പ്രഖ്യാപിക്കുന്നവരും ഏറെയാണ് . അതേസമയം ഐറിഷ് സമൂഹത്തിലെ മുതിര്‍ന്ന തലമുറയിലേറെയും അബോര്‍ഷന് എതിരെ സംസാരിക്കുന്നവരാണ്.

അബോര്‍ഷന്‍ സംബന്ധിച്ച് അയര്‍ലണ്ടില്‍ നിലനിന്നിരുന്ന എല്ലാ അഭിപ്രായങ്ങള്‍ക്കും എതിരായി പുതിയ തലമുറ ചിന്തിക്കുമ്പോള്‍ രണ്ടു വ്യത്യസ്ത ദിശകളില്‍ നില്‍ക്കുന്ന ജനങ്ങള്‍ക്കിടയില്‍ ‘സ്വവര്‍ഗ്ഗവിവാഹം’ സൃഷ്ട്ടിച്ചതിലും വലിയ പ്രതിസന്ധിയാണ് അബോര്‍ഷന്‍ നിയമപ്രശ്‌നത്തില്‍ ഉണ്ടാകുന്നെതെന്നാണ് കണക്കുകൂട്ടല്‍.

ലോകത്തിലെ തന്നെ ശക്തമായ കത്തോലിക്കാ രാജ്യമായ അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കുന്നതിനൊപ്പം ഗവണ്മെന്റിനും കത്തോലിക്ക സഭക്കും ഇടയില്‍ ഉണ്ടാകുന്ന വിള്ളല്‍ വലുതായിരിക്കും.

ഇത്തരത്തിലുള്ള വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും അബോര്‍ഷന്‍ റഫറണ്ടം , അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും സ്വീകാര്യമായി ഏറ്റവും മികച്ച രീതിയില്‍ നിയമഭേദഗതി നടപ്പാക്കുമെന്നു ലിയോ വരദ്കര്‍ പ്രതീക്ഷിക്കുന്നു

റെഫറണ്ടം ബില്‍ പാസാക്കുകയും അഭിപ്രായവോട്ടെടുപ്പില്‍ ഉള്‍പ്പെടുത്തേണ്ട ചോദ്യം സംബന്ധിച്ച് തീരുമാനം എടുക്കുകയും ചെയ്യുക എന്നതാണ് അബോര്‍ഷന്‍ റഫറണ്ടത്തിനുള്ള ആദ്യം നടപടി. പാര്‍ലമെന്റിന്റെ രണ്ടു സഭകളും ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു അംഗീകാരം നല്‍കിക്കഴിഞ്ഞു.

ഫെബ്രുവരിമാസത്തില്‍ പാര്‍ലമെന്റില്‍ ബില്‍ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. റഫറണ്ടം കമ്മീഷന്‍ രൂപീകരിച്ചതോടെ ഫലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

അബോര്‍ഷന്‍ റഫറണ്ടം സംബന്ധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു റെഫറണ്ടം കമ്മിഷന്റെ നേതൃത്വത്തില്‍ കാമ്പയിനുകള്‍ നടക്കുകയും മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യത്തോടെയോ ബില്‍ പാര്‍ലമെന്റിന്റെ രണ്ടു സഭകളിലും അംഗീകരിക്കുകയും ചെയ്യും.

കൃത്യമായ നടപടിക്രമങ്ങളിലൂടെ മുന്നോട്ടു പോവുകയാണെങ്കില്‍ മെയ് 25 ന് അഭിപ്രായവോട്ടെടുപ്പു നടത്താനാകുമെന്നാണ് പ്രതീക്ഷ.

Scroll To Top