Sunday February 19, 2017
Latest Updates

ക്ലയറില്‍ നൂറടിയിലധികം ഉയരത്തില്‍ തിരമാലകള്‍ ,ഡബ്ലിന്‍ നഗരത്തിലും വെള്ളപൊക്കം ,കടല്‍ക്ഷോഭം തുടരുന്നു

ക്ലയറില്‍ നൂറടിയിലധികം ഉയരത്തില്‍ തിരമാലകള്‍ ,ഡബ്ലിന്‍ നഗരത്തിലും വെള്ളപൊക്കം ,കടല്‍ക്ഷോഭം തുടരുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടിലെ നദികളിലുണ്ടായ വേലിയേറ്റം പല സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തിനു കാരണമായിരിക്കുകയാണ്. നദികള്‍ കരകവിഞ്ഞ് തീരങ്ങളെ തകര്‍ത്തുകൊണ്ട് ഒഴുകുമ്പോള്‍ കടല്‍ത്തിരമാലകളും ശക്തിമായി തീരത്തെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്.ഡബ്ലിന്‍,ഗാല്‍വെ ,ലിമരിക്ക് ,കോര്‍ക്ക് ,ദ്രോഹഡ ,ക്ലയര്‍ ,തുടങ്ങി ഒട്ടേറെ നഗരങ്ങളിലെ ജനജീവിതത്തെ വേലിയേറ്റം കാര്യമായി ബാധിച്ചു.

പല സ്ഥലങ്ങളിലെയും വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളം കയറിയ അവസ്ഥയിലാണ്. വീടുകളില്‍ നിന്നും ആളുകളെ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഗാല്‍വെ

ഗാല്‍വെ

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ക്കും തകരാറ് സംഭവിച്ചതിനാല്‍ രാജ്യത്തിലെ 5,000ത്തോളം വീടുകളിലും ഇപ്പോഴും വൈദ്യുതി ലഭ്യമായിട്ടില്ല. മോശം കാലാവസ്ഥ പ്രശ്‌ന പരിഹാരത്തിന് കാല താമസം വരുത്തുന്നതായാണ് ഇഎസ്ബി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തിന്റെ ഫലമായി കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.ഇതിനായി നൂറുകണക്കിന് പേരാണ് സ്വയം തയ്യാറായി മുന്‍പോട്ടു വന്നിട്ടുള്ളത്.

സിനിമകളിലും മറ്റും കാണുന്ന അന്തരീക്ഷമാണ് പല സ്ഥലങ്ങളിലുമെന്നാണ് പൊതുജനങ്ങള്‍ പറയുന്നത്. സ്ഥിതിഗതികള്‍ ഭീകരമായി തുടരുമ്പോള്‍ ലക്ഷക്കണക്കിന് യൂറോയുടെ നഷ്ടമാണ് സംഭവിക്കുന്നത്. തിങ്കളാഴ്ച്ച വരെയും ഈ അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

ഡബ്ലിനില്‍ ഇത്തവണ ഉണ്ടായിരിക്കുന്നത് ഏറ്റവും ശക്തമായ വേലിയേറ്റമാണ്. ലീഫി നദി അതിന്റെ തീരങ്ങളെ തകര്‍ത്തുകൊണ്ട് ഗിന്നസ് സ്റ്റോര്‍ ഹൗസിന്റെയും ഹീസ്റ്റണ്‍ സ്‌റ്റേഷന്റെയും അടുത്ത് വരെയും എത്തിച്ചേര്‍ന്നിരുന്നു. വെള്ളം കയറിയതിനാല്‍ ഈസ്റ്റ് ലിങ്ക് ടോള്‍ ബ്രിഡ്ജ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയുമാണ്.
വോള്‍ഫ് ടോണ്‍ ക്വേയും ഗതാഗതം നിര്‍ത്തലാക്കിയിരിക്കുകയാണ്. സൗത്ത് ക്വേകളില്‍ വിക്‌റ്റോറിയ ക്വേ കടന്നുപോകാന്‍ സാധിക്കാത്ത രീതിയില്‍ വെള്ളം കയറിയിരിക്കുകയാണ്.

ഡൊണഗ്മേഡില്‍ ഇതേ സമയം കടലാക്രമണമാണ് ശക്തമായി തുടരുന്നത്. പല തീരപ്രദേശ റോഡുകളിലേക്കും വെള്ളം കയറി നിറഞ്ഞ അവസ്ഥയിലാണ്.വികോ റോഡും ഡാല്‍കേയും താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ക്ലൊണ്ടാര്‍ഫിലും സാന്‍ഡിമൗണ്ടിലും ദുരന്ത നിവാരണത്തിനായി ടീമംഗങ്ങളെ നിര്‍ത്തിയിട്ടുണ്ടെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ വക്താവ് അറിയിച്ചു.
സുരക്ഷാ നടപടി ക്രമമനുസരിച്ച് ടോല്‍കയുടെയും ഡോഡാറിന്റെയും ഗേറ്റുകള്‍ അടച്ചിരിക്കുകയാണ്. വമ്പന്‍ മണല്‍ ബാഗുകളും സുരക്ഷയ്ക്കായി ഇവിടെ ഒരുക്കി സൂക്ഷിച്ച് നിര്‍ത്തിയിട്ടുണ്ട്. കാലാവസ്ഥ വളരെ സൂക്ഷ്മതയോടെ പരിശോധിക്കുകയാണെന്നും അപകട സാധ്യത കാണുകയാണെങ്കില്‍ വളരെ പെട്ടെന്നു തന്നെ അത് ജനങ്ങളെ ധരിപ്പിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
ക്ലെയറിലെ തീരപ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 100അടിയോളം ഉയരത്തിലാണ് ഇവിടങ്ങളില്‍ തിരമാലകള്‍ വീശിയടിച്ചുകൊണ്ടിരിക്കുന്നത്. അഗ്‌നിശമന സേനാംഗങ്ങളും ഗാര്‍ഡ ഉദ്യോഗസ്ഥരും അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ പലയിടത്തായി തിരച്ചില്‍ നടത്തുന്നുണ്ട്.
100,000 യൂറോയുടെ നഷ്ടമാണ് ലാഹിഞ്ച് സീവേള്‍ഡിന് ഇപ്പോള്‍ ഉണ്ടായതായി കണക്കാക്കിയിരിക്കുന്നത്. ക്വില്‍റ്റിക്കടുത്തായി തിരമാലകളില്‍ പെട്ട് ഒരു മത്സ്യബന്ധന ബോട്ട് നഷ്ടപ്പെട്ടിട്ടുണ്ട്.
ലിസ്‌കാനറിനടുത്ത് 5 മീറ്റര്‍ ഉയരം വരുന്ന ഒരു മതില്‍ സമുച്ഛയം കടലെടുത്തതായാണ് റിപ്പോര്‍ട്ട്. ff winter
അയര്‍ലണ്ടില്‍ സംഭവിച്ചതില്‍ ഏറ്റവും വലിയ പ്രകൃതി ദുരന്തമായാണ് വെള്ളപ്പൊക്കത്തെ ക്ലെയര്‍മേയറായ ജോ ആകിന്‍സ് സൂചിപ്പിച്ചിരിക്കുന്നത്. ഇത് പ്രദേശങ്ങളിലെ വ്യവസായങ്ങളെകൂടി ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം രാവിലെ 6മണിയോടെ തന്നെ ഗാല്‍വേയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങിയിരുന്നു. സാല്‍ത്ത്ഹില്ലില്‍ ലെയ്‌സര്‍ലാന്‍ഡ് കോംപ്ലക്‌സ് കടല്‍വെള്ളം നിറഞ്ഞ അവസ്ഥയിലായിരുന്നു.
സ്പാനിഷ് ആര്‍ച്ചിലെയും പരിസര പ്രദേശങ്ങളിലെയും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളാണ് വെള്ളം കയറിയതിനാല്‍ അടച്ചിടേണ്ടിവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സാല്‍ത്ത്ഹില്‍ വഴി വാഹനങ്ങള്‍ കടത്തിവിടാതിരിക്കാനും ഗാര്‍ഡ ശ്രമിക്കുന്നുണ്ടായിരുന്നു.
ലീ നദി കരകവിഞ്ഞതിനാല്‍ കോര്‍ക്കിലെ പല വീടുകളും ബിസിനസ് സ്ഥാപനങ്ങലും വെള്ളത്തിലായി. ഫാദര്‍ മാത്യു സ്ട്രീറ്റില്‍ ഉണ്ടായിരുന്ന കാറുകളും വെള്ളപ്പൊക്കത്തില്‍ ഒഴുകിനടക്കുകയായിരുന്നു. പല വീടുകളില്‍ നിന്നും സുരക്ഷാകാരണങ്ങളാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
മായോയിലെ വെസ്റ്റ്‌ഫോര്‍ട്ടിലുള്ള കുടുംബം കാരോഹോളിയില്‍ നിന്നും റോസ്മണിയിലേക്കുള്ള പാലം അടച്ചിട്ടതിനാല്‍ മാറിത്താമസിക്കേണ്ടി വന്നിരിക്കുകയാണ്.
ലിമറിക്കില്‍ ഷാനണ്‍ നദിയാണ് കരകവിഞ്ഞൊഴുകിയത്. ഇതു കാരണം ഫൊയ്‌നെസിലുള്ള 40തോളം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വെള്ളം നിറഞ്ഞിരിക്കുകയുമാണ്.

Scroll To Top