Thursday July 27, 2017
Latest Updates

ക്രിക്കറ്റിലെ നാണംകെട്ട തോല്‍വിയെ പരിഹസിച്ച് ഡബ്ലിനില്‍ നിന്നും ശശി തരൂറിന്റെ കാര്‍ട്ടൂണ്‍ പോസ്റ്റ്

ക്രിക്കറ്റിലെ നാണംകെട്ട തോല്‍വിയെ പരിഹസിച്ച്  ഡബ്ലിനില്‍ നിന്നും ശശി തരൂറിന്റെ കാര്‍ട്ടൂണ്‍ പോസ്റ്റ്

ഡബ്ലിന്‍ :ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്രിക്കറ്റില്‍ ഗംഭീരന്‍ തോല്‍വി ഏറ്റുവാങ്ങിയതിനെ കാര്‍ട്ടൂണില്‍ കൂടി പരിഹസിച്ച് ശശി തരൂര്‍.

ഡബ്ലിനില്‍ ഡാല്‍ക്കി ബുക്ക് ഫെസ്റ്റിന് ശശി തരൂര്‍ വന്നെത്തിയത് തന്നെ ക്രിക്കറ്റ് ലഹരിയില്‍ ആയിരുന്നു.സ്വീകരിക്കാനെത്തിയ ഡബ്ലിന്‍ മലയാളി സമൂഹത്തിന്റെ പ്രവര്‍ത്തകരോട് ഡാല്‍ക്കിയിലെ പ്രോഗ്രാമിനെക്കാള്‍ ആവേശത്തോടെ താന്‍ കാത്തിരിക്കുന്നത് ഇന്ത്യ-പാക്ക് മാച്ചിനെയാണെന്ന് പറയുകയുണ്ടായി.’എല്ലാവരും പ്രതീക്ഷതയിലാണ്.ഡബ്ലിനിലെ ക്രിക്കറ്റ് പ്രേമികളായ മലയാളികള്‍ ഒന്നിച്ചിരുന്ന് കളി കാണാന്‍ കൂറ്റന്‍ സ്‌ക്രീന്‍ ഒരുക്കുന്നുണ്ടാവും ഇല്ലേ?’തരൂര്‍ ചോദിച്ചു.

ഇന്നലെ ഡാല്‍ക്കിയില്‍ പ്രഭാഷണ വേദിയിലും തരൂര്‍ ഇടയ്ക്കിടെ ആവേശപൂര്‍വ്വം മൊബൈല്‍ സ്‌ക്രീനിലേക്ക് നോക്കുന്നത് കാണാമായിരുന്നു.ഡാല്‍ക്കി ടൌണ്‍ ഹാള്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടത്തിലെ പലരും അവിടെ എത്തിയ ഇന്ത്യക്കാരോട് ആവേശപൂര്‍വം ചോദിച്ചത് ക്രിക്കറ്റ് സ്‌കോറിനെ കുറിച്ചായിരുന്നു.

അവസാനം പാക്കിസ്ഥാനോടുള്ള ഇന്ത്യയുടെ നാണംകെട്ട തോല്‍വിയില്‍ പരിഹസിച്ച് ശശി തരൂറിന്റെ ട്വീറ്റും പോസ്റ്റുമെത്തി ഏതൊരു ദേശസ്‌നേഹിയും അങ്ങനെയേ പ്രതീകരിക്കുകയുള്ളു എന്നാണ് താന്‍ കരുതുന്നതെന്നും തരൂര്‍ പറഞ്ഞു.

ഒപ്പം ഹോക്കി വിജയത്തെ പുകഴ്ത്താനും തരൂര്‍ ശ്രമിച്ചു.ഇന്ത്യയുടെ ഹോക്കി വിജയത്തെക്കുറിച്ച് ട്വീറ്റ് ചെയ്യാത്തതെന്താണെന്ന് ഒട്ടേറെ ദേശഭക്തര്‍ ചോദിച്ചു. അതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നു പറഞ്ഞാണ് ശശിതരൂര്‍ ഒരു കാര്‍ട്ടൂണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നാല് കോളങ്ങളുള്ള കാര്‍ട്ടൂണില്‍ ആദ്യ കോളത്തില്‍ ഒരാള്‍ കത്തിയുമെടുത്ത് ക്രിക്കറ്റ് ബാറ്റുമായി കുത്തിയിരിക്കുകയാണ്. ബാറ്റ് മിനുക്കാന്‍ ഇരിക്കുന്നതാണെന്നു വേണമെങ്കില്‍ തെറ്റിദ്ധരിക്കാം.എന്നാല്‍ ഇയാള്‍ ബാറ്റ് ചെത്തിമിനുക്കി ‘പാകപ്പെടുത്തി’ അതിനെ ഹോക്കിസ്റ്റിക്കാക്കുന്നു. രൂപപ്പെടുത്തിയ ‘വടി’ യും പിടിച്ച് നായകന്‍ എഴുന്നേറ്റു പോകുന്നതാണ് കാര്‍ട്ടൂണ്‍.

ഇന്ത്യ ക്രിക്കറ്റില്‍ പരാജയമാണെന്നും അതിനാല്‍ ഹോക്കിയിലേക്ക് ചുവട് മാറണമെന്നുമാണ് കാര്‍ട്ടൂണ്‍ ഉദ്ദേശിക്കുന്നതെന്നു ഒരു തരത്തില്‍ വ്യാഖ്യാനിക്കാം.അല്ലെങ്കില്‍ ക്രിക്കറ്റ് ബാറ്റുകളൊക്കെ ഊന്നുവടികളാക്കി നടക്കാന്‍ ഉപയോഗിക്കാമെന്നതും കാണാവുന്നതാണ്.ദേശഭക്തര്‍ എന്ന പദം ഉപയോഗിക്കുന്നതിലൂടെ ബിജെപി ഭരണത്തേയും പരിഹസിക്കുകയാണ് ശശിതരൂര്‍.

ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോട് ഇന്ത്യ 180 റണ്‍സിനാണ് പരാജയപ്പെട്ടത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വീര പുത്രന്‍ വിരാട് കോഹ്ലി എന്ന നായകന്റെ കണക്കുകൂട്ടലുകളും നിഗമനങ്ങളും അമ്പേ പാളിപ്പോയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ചത് മായ്ച്ച് കളയാനാവാത്ത നാണക്കേട്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങിലെ ഇന്ത്യയുടെ പോരാട്ടം 30.3 ഓവറില്‍ 158 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മുഹമ്മദ് അമീറും ഹസന്‍ അലിയുമാണ് ഇന്ത്യയെ തകര്‍ത്തത്. പാകിസ്ഥാന് വേണ്ടി ഫഖര്‍ സമാന്‍(114) സെഞ്ച്വറി നേടി തിളങ്ങി.ടോസ് നേടി പാകിസ്ഥാനെ ബാറ്റിങിനയക്കാനുള്ള കോഹ്ലിയുടെ തീരുമാനം എത്രത്തോളം തെറ്റായിരുന്നെന്ന് ആദ്യ 10 ഓവറില്‍ തന്നെ പാകിസ്ഥാന്‍ ബാറ്റ്സ്മാന്‍മാര്‍ തെളിയിച്ചു. അസര്‍ അലിയും ഫഖര്‍ സമാനും ചേര്‍ന്ന് വമ്പന്‍ തുടക്കമാണ് പാകിസ്താന് സമ്മാനിച്ചത്. ഇന്ത്യയുടെ ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തി ഇരുവരും മുന്നേറിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടും ഒപ്പം നിന്നു. 339 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ചയായിരുന്നു കാണാനായത്.

Scroll To Top