Saturday June 23, 2018
Latest Updates

ക്രാന്തിയുടെ മേയ് ദിനാഘോഷങ്ങള്‍ക്ക് വിപ്ലവാഭിവാദ്യമേകാന്‍ , സീതാറാം യെച്ചൂരി മുഖ്യാതിഥിയായിയെത്തി 

ക്രാന്തിയുടെ മേയ് ദിനാഘോഷങ്ങള്‍ക്ക് വിപ്ലവാഭിവാദ്യമേകാന്‍ , സീതാറാം യെച്ചൂരി മുഖ്യാതിഥിയായിയെത്തി 

ഡബ്ലിന്‍:മനുഷ്യവിമോചനത്തിന്റെ മഹാപ്രവാചകനായ കാറല്‍ മാര്‍ക്‌സിന്റെ ഇരുന്നൂറാം ജന്മദിനത്തലേന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ് ) പാര്‍ട്ടിയുടെ അമരക്കാരന്‍ സീതാറാം യച്ചൂരിയുടെയും അയര്‍ലണ്ടിലെ പ്രമുഖ ഇടതുപക്ഷ നേതാക്കളുടെയും കലാകാരന്മാരുടെയും സാന്നിധ്യത്തില്‍ ഇടതുപക്ഷ സാമൂഹ്യ സംഘടനയായ ക്രാന്തിയുടെ മെയ്ദിനാഘോഷച്ചടങ്ങുകള്‍ക്ക് പ്രൗഢഗംഭീരമായ പരിസമാപ്തി.

ഡബ്ലിന്‍ സ്റ്റില്‍ഓര്‍ഗനിലെ ടാല്‍ബോട്ട് ഹോട്ടലിലാണ് ക്രാന്തിയുടെ പ്രൗഢഗംഭീരമായ മെയ് ദിനാഘോഷത്തിന് വേദിയൊരുങ്ങിയത്.

ബിജു ജോര്‍ജിന്റെയും പ്രിന്‍സ് ജോസഫിന്റെയും നേതൃത്വത്തില്‍ അരങ്ങേറിയ ശിങ്കാരിമേളം ചടങ്ങിന്റെ തുടക്കത്തില്‍ കാണികള്‍ക്കു വിരുന്നേകി. യോഗത്തെ അഭിസംബോധനചെയ്ത ഡബ്ലിന്‍ സിറ്റി കൗണ്‍സിലറും വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നേതാവുമായ ഐലീഷ് റയാനും സോളിഡാരിറ്റി നേതാവും ഫിങ്കല്‍ കൗണ്ടി കൗണ്‌സിലറും ആയ മാറ്റ് വൈയിനും തങ്ങളുടെ പാര്‍ട്ടി ഭവന മേഖലയിലും അബോര്‍ഷന്‍ വിഷയത്തിലുമൊക്കെ നടത്തിവരുന്ന പോരാട്ടങ്ങളെക്കുറിച്ചും ആ പോരാട്ടങ്ങളില്‍ ക്രാന്തി നല്‍കിവരുന്ന സഹകരണത്തെക്കുറിച്ചും എടുത്തു പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അയര്‍ലണ്ടിന്റെ ജനറല്‍ സെക്രട്ടറി ആയ യൂജിന്‍ മക്കാര്‍ട്ടന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെയും അയര്‍ലണ്ടിലെയും നേതാക്കളും പാര്‍ട്ടികളും നടത്തിയ പരസ്പര സഹകരണത്തിന്റെ ഉദാഹരങ്ങള്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു.

‘വംശീയതയില്‍ ഊന്നിയ ദേശീയത ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സി പി എം ജനറല്‍ സെക്രട്ടറി സ: സീതാറാം യെച്ചൂരി മുഖ്യപ്രഭാഷണം നടത്തി.

‘ആഗോളമൂലധനവും നവഉദാരവല്‍ക്കരണവും ചൂഷണത്തിലൂടെ ലാഭം വര്‍ദ്ധിപ്പിക്കുകയും അതുവഴി അത് കൂടുതല്‍ അസമത്വത്തിലേയ്ക്ക് നയിക്കുകയും അത് ഒരു ആഗോള പ്രതിസന്ധിയിലെത്തുകയും ചെയ്യുന്ന പ്രവണതയാണ് ലോകമെങ്ങും നാം കാണുന്നത്..

അതിനെ മറികടക്കാന്‍ സൃഷ്ടിക്കപ്പെടുന്ന ആഗോളതലത്തിലുള്ള ഒരു രാഷ്ട്രീയ വലതുവല്‍ക്കരണത്തിന്റെ ഭാഗമാണ് ഇന്ന് കാണുന്ന വംശീയതയിലൂന്നിയ ദേശീയത എന്ന് യെച്ചൂരി നിരീക്ഷിച്ചു.

യോഗത്തില്‍ ഫിയോണ മാര്‍ട്ടിനും ഐഡന്‍ മര്‍ഫിയും തങ്ങളുടെ കാവ്യ-സംഗീത വിരുന്നിലൂടെ കാണികളെ കേരളത്തില്‍ നിന്നും കാശ്മീരിലൂടെ അയര്‌ലണ്ടിലെത്തിക്കുന്ന ഒരു കാവ്യാനുഭവം സമ്മാനിച്ചു.

ഫ്രാങ്ക് അലനും സഹനടന്മാരും അവതരിപ്പിച്ച മെയ് മാസത്തിലെ പന്ത്രണ്ടു ദിവസങ്ങള്‍ എന്ന നാടകം അയര്‍ലണ്ടിലെ എക്കാലത്തെയും വലിയ വിപ്ലവ നക്ഷത്രമായ ജെയിംസ് കോണോളിയുടെ രക്തസാക്ഷിത്വത്തിന്റെ ഭാവതീവ്രമായ അനുഭവം സമ്മാനിച്ചു.

ക്രാന്തി വാട്ടര്‍ഫോര്‍ഡ് യൂണിറ്റിനുവേണ്ടി സെക്രട്ടറി ഷാജു ജോസ് സീതാറാം യെച്ചൂരിക്ക് പൂച്ചെണ്ട് നല്‍കി. മെയ് ദിനാഘോഷത്തില്‍ അയര്‍ലണ്ടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നൂറിലേറെ ആളുകള്‍ പങ്കെടുത്തു. യോഗത്തില്‍ ക്രാന്തിയുടെ പ്രസിഡന്റ് വര്‍ഗീസ് ജോയ് സ്വാഗതവും അശ്വതി പ്ലാക്കല്‍ നന്ദിയും അര്‍പ്പിച്ചു. ലോകമെമ്പാടുമുള്ള അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു യോഗം ഒന്‍പതു മണിയോടുകൂടി സമാപിച്ചു.

Scroll To Top