Sunday September 23, 2018
Latest Updates

കോവ്നെ സത്യസന്ധതയില്ലാത്തയാളെന്ന് വരദ്കര്‍, ജനം തന്റെയൊപ്പമെന്ന് കോവ്‌നെ:ഫിനഗല്‍ നേതൃ മത്സരത്തിന്റെ വോട്ടെടുപ്പിന് ഇന്ന് തുടക്കമാവും

കോവ്നെ സത്യസന്ധതയില്ലാത്തയാളെന്ന് വരദ്കര്‍, ജനം തന്റെയൊപ്പമെന്ന് കോവ്‌നെ:ഫിനഗല്‍ നേതൃ മത്സരത്തിന്റെ വോട്ടെടുപ്പിന് ഇന്ന് തുടക്കമാവും

ഡബ്ലിന്‍ :ഫിനഗല്‍ നേതൃമല്‍സരത്തിനുള്ള പ്രാഥമിക വോട്ടിങ് ഇന്ന് വൈകിട്ട് ആരംഭിക്കും.പാര്‍ട്ടി അംഗങ്ങള്‍ക്ക് വോട്ടുചെയ്യാനുള്ള 26 വോട്ടിംഗ് കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.വിവിധ തലങ്ങളിലായി ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ തുടരുന്ന വോട്ടെടുപ്പ് വെള്ളിയാഴ്ച പാര്‍ലിമെന്റ് അംഗങ്ങള്‍ വോട്ടു രേഖപ്പെടുത്തുന്നതോടെ സമാപിക്കും.രണ്ടാം തിയതി തന്നെ വോട്ടെണ്ണി പുതിയ നേതാവിനെ തിരഞ്ഞെടുക്കും.

വാക്പോരിന്റെ മൂര്‍ധന്യത്തിലേക്കാണ് കോര്‍ക്കില്‍ ഇന്നലെ അവസാനവട്ടം ഇലക്ഷന്‍ ഡിബേറ്റ് നടന്നത്.

കോര്‍ക്കിലെഡിബേറ്റില്‍ സാമൂഹ്യ സുരക്ഷാ മന്ത്രി ലിയോ വരദ്കര്‍ തന്റെ എതിരാളി ഭവന മന്ത്രി സൈമണ്‍ കോവ്നെയ്ക്കു നേരെ കടുത്ത ആരോപണവുമായി രംഗത്തുവന്നു.സത്യസന്ധതയില്ലാത്തയാളാണ് കോവ്നെയെന്ന ഗുരുതരമായ ആരോപണമാണ് വരദ്കര്‍ ഉന്നയിച്ചത്. സഹതാപ തരംഗം സൃഷ്ടിക്കാനാണ് കോവ്‌നെ മെനക്കെടുന്നതെന്നും വരദ്കര്‍ വിമര്‍ശിച്ചു.800 ഓളം പാര്‍ടി അംഗങ്ങളും നേതാക്കളും പങ്കടുത്ത വേദിയിലാണ് എന്‍ഡ കെന്നിയുടെ പിന്തുടര്‍ച്ചക്കാരനാകാന്‍ തന്നെ അനുവദിക്കണമെന്ന് വരദ്കര്‍ ഏവരോടും അഭ്യര്‍ഥിച്ചത്.

‘സഹതാപത്തിന്റെ ഓരോരോ കഥകളാണ് ദിവസും സൈമണില്‍ നിന്നും കേള്‍ക്കുന്നത്.അദ്ദേഹം പറഞ്ഞതിനോടെല്ലാം ഞാന്‍ യോജിക്കുന്നു.എന്നാല്‍ എന്നെപ്പറ്റിപ്പറഞ്ഞതിനോടൊന്നും ഞാന്‍ യോജിക്കുന്നില്ല.ഫിനഗലിന് ശത്രുക്കളേറെയാണ്. ഞങ്ങള്‍ക്കിടയിലാണെങ്കില്‍ പരസ്പരം പറയാതെ തന്നെ അതുണ്ട്.എന്നാലും ഒന്നു പറയാം സൈമണിന്റെ രീതി സത്യസന്ധതയില്ലാത്ത ,വിഭാഗീയതയുണ്ടാക്കുന്നതാണ്.അധികാര സ്ഥാനത്തെത്തുന്നതിനായി ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും ശരിയായ മാര്‍ഗമല്ല’ വരദ്കര്‍ പറഞ്ഞു.

ഐറീഷ് സമൂഹത്തിന്റെ പിന്നാമ്പുറത്തുള്ളവരുടെ സമീപനമാണ് വരദ്കറുടേതെന്ന് കോവ്നെ വിമര്‍ശിച്ചിരുന്നു.’ആരാണ് ഈ പാര്‍ട്ടിക്കുവേണ്ടി തിളങ്ങാന്‍ പോകുന്നത് കണ്ടറിയണം.ഫിനഗല്‍ രാഷ്ട്രീയത്തിന്റെ തത്വങ്ങളിലൂടെ തിളങ്ങി രാജ്യത്തിന് ദിശാബോധം നല്‍കുകയാണ് വേണ്ടത്.വരദ്കറെപ്പോലെയല്ല,ഐറീഷ് സമൂഹത്തെ ഉത്ക്കടമായ കാഴ്ചപ്പാടുകളോടെ 21ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാനാണ് താന്‍ ശ്രമിക്കുന്നതെന്ന് കോവ്നെ പറഞ്ഞിരുന്നു.നഗരവും ഗ്രാമപ്രദേശങ്ങളും ഒരേ പോലെ പരിഗണിക്കപ്പെടണം. കോവ്‌നെ പറഞ്ഞു.

കഴിഞ്ഞ ആഴ്ച പ്രചാരണം അല്‍പം മോശപ്പെട്ട നിലയായിരുന്നുഎന്ന് സമ്മതിച്ച വരദ്കര്‍ എന്നാല്‍ ഇപ്പോള്‍ അതിനെ മറികടക്കാനായിട്ടുണ്ട് എന്നും വെളിപ്പെടുത്തി.

അതേസമയം, കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് കോവ്നെ യോഗത്തെ അഭിസംബോധന ചെയ്തത്.കഴിഞ്ഞ ആഴ്ചയില്‍ ആളുകള്‍ നല്‍കിയ പിന്തുണ എന്നെ പ്രചോദിതനാക്കുന്നു.ഞാന്‍ വിജയിക്കുമെന്നുതന്നെ കരുതാവുന്ന നിലയാണ് ഇപ്പോഴുള്ളത്. ഞാന്‍ പ്രതീക്ഷിക്കാത്ത ഇടത്തു നിന്നുപോലും ആളുകള്‍ പിന്തുണയുമായി എത്തുന്നുണ്ട്.അപ്പോള്‍ എനിക്ക് വിശ്വാസമേറുകാണ്.എനിക്കു ചുറ്റുമുള്ള ആളുകളാണ് എന്റെ കരുത്തും വിശ്വാസവും’.കോവ്‌നെ പറയുന്നു.

പ്രചരണത്തിന്റെ ഒരുവേളയില്‍ വരദ്കര്‍ക്ക് ആളുകളുടെ കൂക്കി വിളിയും കിട്ടി. ഗ്രീന്‍ പാര്‍ടി ലീഡര്‍ ഈമോന്‍ റയാനെയും അദ്ദേഹത്തിന്റെ നയങ്ങളേയും പിന്തുണക്കുന്ന കോവ്നെയെ വിമര്‍ശിച്ചപ്പോഴായിരുന്നു ആളുകള്‍ എതിരായി പ്രതികരിച്ചത്.

ഗവണ്‍മെന്റിനെ സംബന്ധിച്ചാണെങ്കില്‍ അതിന് തീരുമാനങ്ങള്‍ വേണം. എന്തിനാണ് പണം നല്‍കേണ്ടത്, എന്തിനാണ് പണം നല്‍കേണ്ടാത്തത്,എല്ലാത്തിനും തീരുമാനം വേണം. ഇതൊന്നും പറയാനാകുന്നില്ലെങ്കില്‍ അതിനൊരു തത്വശാസ്ത്രമില്ല, വെറും സുഖിപ്പിക്കല്‍ പ്രഭാഷണം മാത്രമേയുള്ളുവെന്നു മനസ്സിലാക്കേണ്ടി വരും’ വരദ്കര്‍ പറഞ്ഞു.എല്ലാവരേയും ഒത്തുകൊണ്ടുപോകുകയെന്ന കോവ്നെ ലൈനിനെ ഉന്നമിട്ടാണ് വരദ്കര്‍ ഇങ്ങനെ പറഞ്ഞത്.

Scroll To Top