Saturday June 23, 2018
Latest Updates

കോവളത്ത് കാണാതായ ഐറിഷ്‌കാരിയുടെ മൃതദേഹം കണ്ടെത്തി,കൊലപാതകമെന്ന് സംശയം 

കോവളത്ത് കാണാതായ ഐറിഷ്‌കാരിയുടെ മൃതദേഹം കണ്ടെത്തി,കൊലപാതകമെന്ന് സംശയം 

കോവളം: അയര്‍ലണ്ടില്‍ നിന്നും ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തി കോവളത്ത് കടല്‍ തീരത്ത് കാണാതായ ഡബ്ലിനിലെ താമസക്കാരി ലിഗയുടെ മൃതദേഹം കണ്ടെത്തി.

ഡബ്ലിന്‍ സ്വോര്‍ഡ്സിലെ ഹോട്ടല്‍ ജീവനക്കാരിയായിരുന്ന ഇവരുടെ ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹം ശിരസ്സറ്റ നിലയില്‍ തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാടിനുള്ളിലാണ് കണ്ടെത്തിയത്.

ലിത്വേനിയയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അയര്‍ലണ്ടിലെത്തിയ ലിഗ(33)യെ ഒരു മാസം മുന്‍പു പോത്തന്‍കോട്ടുനിന്നു കാണാതായ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിനും ഒരു മാസത്തെ പഴക്കമുണ്ട്.

ലിഗയെത്തേടി കേരളം മുഴുവന്‍ സഞ്ചരിക്കുന്ന സഹോദരി ഇലീസ്, ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് എന്നിവര്‍ ഇന്നു തലസ്ഥാനത്തെത്തും. അയര്‍ലണ്ടില്‍ ആയിരുന്ന ആന്‍ഡ്രൂസ് കഴിഞ്ഞ ദിവസം കേരളത്തിലേയ്ക്ക് മടങ്ങിയിരുന്നു.അന്വേഷണാര്‍ഥം ഇന്നലെ ഇവര്‍ കാസര്‍കോട്ടായിരുന്നു.

പുറത്തുനിന്നുള്ളവര്‍ക്ക് എത്തിപ്പെടാന്‍ എളുപ്പമല്ലാത്ത സ്ഥലത്തു മൃതദേഹം കണ്ടതു കൊലപാതക സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നു. എന്നാല്‍ ജഡം ജീര്‍ണിച്ചതിനാല്‍ വിശദമായ ശാസ്ത്രീയ പരിശോധന വേണ്ടിവരുമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ പി.പ്രകാശ് അറിയിച്ചു.

മൃതദേഹത്തില്‍നിന്നു വേര്‍പെട്ട തല അരമീറ്റര്‍ അകലെ കിടന്നിരുന്നു. കാലുകള്‍ നിലത്തു നീട്ടിവച്ചു കൈകള്‍ വള്ളിപ്പടര്‍പ്പില്‍ തൂങ്ങിയ നിലയിലാണ്. കാലുറകളും ടീ-ഷര്‍ട്ടുമാണു വേഷം. ചതുപ്പും ഇടച്ചാലുകളും നിറഞ്ഞ കുറ്റിക്കാടിന്റെ ഒരു വശത്തു കരമന-കിള്ളിയാറാണ്. ആറിന്റെ തീരത്തോടടുത്ത ഭാഗത്തു ചൂണ്ടയിടാന്‍ എത്തിയ യുവാക്കളാണു വിവരം പൊലീസിനെ അറിയിച്ചത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top