Tuesday February 28, 2017
Latest Updates

കോര്‍ക്കിലെ പീഡനവീരന് ജാമ്യം

കോര്‍ക്കിലെ പീഡനവീരന് ജാമ്യം

കോര്‍ക്ക്: കോര്‍ക്കിലെ സ്ത്രീകള്‍ക്കും സമൂഹത്തിനും ഭീഷണിയായിത്തുടരുന്ന പീഡനവീരന് ജാമ്യം. കീഴ്‌കോടതിവിധിച്ച ശിക്ഷാനടപടികള്‍ക്കെതിരെ അപ്പീല്‍ പോയതിനാലാണ് ഇയാള്‍ക്ക് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജോണ്‍ ഇംഗ്ലീഷ് എന്ന 36കാരനാണ് ഇപ്പോള്‍ ജാമ്യം ലഭിച്ച് പുറത്തുവന്നിരിക്കുന്നത്.

ജയിലില്‍ നിന്നും റിലീസ് ചെയ്തപ്പോള്‍ പറഞ്ഞിരുന്ന ചട്ടങ്ങള്‍ ഒരോന്നും ലംഘിക്കപ്പെട്ടുതുടങ്ങിയപ്പോള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാളെ വീണ്ടും ജയിലിലേക്ക് തന്നെ മടക്കിക്കൊണ്ടുവരികയായിരുന്നു.

2002 നവംബറില്‍ ഒരു ആസ്‌ട്രേലിയന്‍ ടൂറിസ്റ്റിനെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് വിചാരണയ്ക്കുശേഷം ഇയാളെ 18വര്‍ഷത്തെ തടവുശിക്ഷയ്ക്ക് കോടതി വിധിച്ചത്. 2004ലാണ് ശിക്ഷാവിധി ഉണ്ടായത്. 1993ലും ലൈംഗികപീഡനകേസുമായി ബന്ധപ്പെട്ട് ഇയാള്‍ അറസ്റ്റ്‌ചെയ്യപ്പെട്ടിരുന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നു.

കോര്‍ക്കിലെ മുഴുവന്‍ സ്ത്രീകള്‍ക്കും ഭീഷണിയായും സമൂഹത്തിനു തന്നെ അപകടകാരിയായുമാണ് ഇയാളെ ജസ്റ്റിസ് ബാരി വൈറ്റ് സൂചിപ്പിച്ചത്. എന്നാല്‍ ചില കണ്ടീഷനുകള്‍ അംഗീകരിക്കാമെങ്കില്‍ അഞ്ചുവര്‍ഷത്തെ ശിക്ഷ കുറച്ചുതരാമെന്നും ജഡ്ജ് വൈറ്റ് അറിയിച്ചിരുന്നു.

ഈ നിയന്ത്രണങ്ങളെയും ചട്ടങ്ങളെയുമെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ജോണ്‍ പ്രൊബേഷന്‍ സമയത്ത് കഴിഞ്ഞുകൂടിയത്. ചട്ടങ്ങള്‍ ലംഘിച്ചതിനാല്‍ തന്നെ ഇയാള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കാന്‍ സാധിക്കില്ലെന്നും അഞ്ചുവര്‍ഷം കൂടി ശിക്ഷ നീട്ടിനല്‍കുമെന്നും കോടതി വിധിച്ചതിനെതിരെയാണ് ഇയാള്‍ ഇപ്പോള്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ഇയാള്‍ മദ്യം കഴിക്കാന്‍ പാടില്ലെന്ന് കോടതി അറിയിച്ചിരുന്നു. എന്നാല്‍ 2012ല്‍ മോചിതനായ ജോണ്‍ മദ്യപാനവും ശീലമാക്കി മാറ്റിയിരുന്നു. അതിനാലാണ് ഇപ്പോള്‍ വീണ്ടും അഞ്ചുവര്‍ഷത്തെ തടവുശിക്ഷ കൂടി കോടതി നിര്‍ദ്ദേശിച്ചത്.

എന്നാല്‍ നവംബര്‍ 19ന് കോടതിയില്‍ ഹാജരായ ജോണ്‍ കോടതി തനിക്ക് ഒരവസരം കൂടി നല്‍കുകയാണെങ്കില്‍ മദ്യം പൂര്‍ണ്ണമായും ഉപേക്ഷിക്കാമെന്നും പറഞ്ഞിരുന്നു. പക്ഷേ അന്നേ ദിവസം വൈകിട്ട് കോര്‍ക്കിലെ ഒരു പബ്ബില്‍ വച്ച് പരസ്യമായി മദ്യപിക്കുന്ന ഇയാളെ ഗാര്‍ഡ തന്നെ കണ്ടെത്തിയിരുന്നു.അതിനു ശേഷം എത്രയും പെട്ടെന്നുതന്നെ കോടതിയില്‍ ഹാജരാകണമെന്ന് അറിയിപ്പുണ്ടായി അതനുസരിക്കാത്തതിനെ തുടര്‍ന്ന് അയാളെ അറസ്റ്റുചെയ്ത് കോടതിയില്‍ എത്തിക്കുകയാണുണ്ടായത്.

പബ്ബില്‍ വച്ച് ഗാര്‍ഡയുടെ കണ്ണില്‍പ്പെട്ടതിനുശേഷം രണ്ടാഴ്ച്ച കഴിഞ്ഞ് ഡബ്ലിനില്‍ വച്ചാണ് ഇയാളെ അറസ്റ്റ്‌ചെയ്യാന്‍ സാധിച്ചത്. അപ്പോഴും ഇയാള്‍ മദ്യപിച്ച അവസ്ഥയില്‍ തന്നെയായിരുന്നു.
2013 ഫെബ്രുവരിയോടുകൂടി ശിക്ഷാനടപടികള്‍ പുനരാരംഭിക്കുകയായിരുന്നു. മദ്യപിക്കുന്ന സമയങ്ങളിലാണ് ഇയാളിലെ കുറ്റവാസന ഏറ്റവും കൂടുതലായി പുറത്തുവരുന്നതെന്നായിരുന്നു സാക്ഷികളുടെ മൊഴി. മദ്യപാനം കാരണമാണ് ഇയാള്‍ പലവിധകുറ്റങ്ങളും ചെയ്യുന്നതെന്നും അതിനാല്‍ തന്നെ ഇയാള്‍ മദ്യപാനം നിര്‍ത്തണമെന്നുമായിരുന്നു ആദ്യം വിധിച്ചിരുന്നത്. എന്നാല്‍ മദ്യപാനം ഒഴിവാക്കാത്തതിനാല്‍ തന്നെ ജഡ്ജ് ഒഴിവാക്കിയിരുന്ന അഞ്ചുവര്‍ഷത്തെ തടവുകൂടി ഇയാള്‍ക്ക് ലഭിക്കാന്‍ പോവുകയാണ്.

ജഡ്ജി വൈറ്റ് തന്നെയാണ് തുടര്‍ന്നും ഇയാള്‍ അഞ്ചുവര്‍ഷത്തെ മുഴുവന്‍ തടവും അനുഭവിക്കാനുള്ള ശിക്ഷ വിധിച്ചത്.
എന്നാല്‍ ജോണിന്റെ പ്രൊബേഷന്‍ പിരീഡായി റിലീസിംഗിനു ശേഷമുള്ള ദിവസങ്ങളല്ല തടവുശിക്ഷ തുടങ്ങിയതിനുശേഷമുള്ള അഞ്ചുവര്‍ഷങ്ങളാണ് കണക്കാക്കേണ്ടിയിരുന്നതെന്ന് ജോണിന്റെ വക്കീല്‍ ഡൊമനിക് മക്ക്ഗിന്‍ ക്രിമിനല്‍ അപ്പീല്‍ കോടതിക്കുമുന്‍പാകെ അറിയിച്ചു. 2004 ജൂണ്‍ 28 മുതലാണ് ശിക്ഷ ആരംഭിച്ചത്. ജോണ്‍ ജയില്‍ മോചിതനായത് 2012 സെപ്തംബറിലും ആയിരുന്നു.
പ്രൊബേഷന്‍ കാലാവധി ജോണ്‍ ജയിലില്‍ നിന്നും മോചിതനാവും മുന്‍പ് തന്നെ തീരണമായിരുന്നുവെന്നാണ് അപ്പീല്‍ സമര്‍പ്പിച്ച വക്കീലിനും വാദിക്കാനുണ്ടായിരുന്നത്.

എന്നാല്‍ ഇത്തരത്തിലുള്ള വളരെ ശക്തി കുറഞ്ഞ ആരോപണങ്ങളുമായി കോടതിക്കുമുന്‍പാകെ വന്നതില്‍ ക്രിമിനല്‍ അപ്പീല്‍ കോടതി ജസ്റ്റിസ് അഡ്രിയാന്‍ ഹര്‍ദിമാന്‍ അതൃപ്തി അറിയിച്ചു. കോടതിയുടെ വിലക്കു ലംഘിച്ച ജോണ്‍ ഇംഗ്ലീഷിന് ഒഴിവാക്കപ്പെട്ട ശിക്ഷ ലഭിക്കുക തന്നെ വേണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കോടതി ജോണിന് വിടുതല്‍ അനുമതി നല്‍കിയത് ഇനി മദ്യപിക്കില്ല എന്ന ഉറപ്പു ലഭിച്ചതിനാലായിരുന്നു. എന്നാല്‍ അത് പാലിക്കപ്പെടാതിരുന്നതിനാല്‍ ബാക്കിയുള്ള ശിക്ഷാ നടപടികള്‍ കൂടി സ്വീകരിക്കേണ്ടിവരുമെന്നാണ് ക്രിമിനല്‍ അപ്പീല്‍ കോടതി ജഡ്ജ് ഹര്‍ദിമാന്‍ പറയുന്നത്.
കോടതി നിര്‍ദ്ദേശിച്ചിരുന്ന മറ്റു കണ്ടീഷനുകളും ഇയാള്‍ തെറ്റിച്ചിട്ടുണ്ടെന്ന് സ്‌റ്റേറ്റ് കൗണ്‍സില്‍ വക്കീല്‍ അന്ന റോളണ്ട് ചൂണ്ടിക്കാട്ടി.
ബ്ലാക്ക്പൂളിലെ സ്പ്രിഗ്ലെയിനില്‍ താമസിക്കാനായിരുന്നു ജോണിനു ലഭിച്ച നിര്‍ദ്ദേശം കൂടാതെ മേഫീല്‍ഡ് ഗാര്‍ഡ സ്‌റ്റേഷനില്‍ ചെന്ന് ഒപ്പുവയ്ക്കുകയും വേണമായിരുന്നു. ഇയാളുടെ പാസ്‌പോര്‍ട്ട് തിരികെ ഏല്‍പ്പിക്കാനും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.
കേസ് വിശദമായി പഠിച്ചശേഷം അടുത്ത വര്‍ഷം ഫെബ്രുവരി 12ന് കേസ് വിചാരണ പുനരാരംഭിക്കുമെന്ന് ജഡ്ജ് ഹര്‍ദിമാന്‍ അറിയിച്ചു.

Scroll To Top