Wednesday September 26, 2018
Latest Updates

കോര്‍ക്കിന്റെ ഭവനപ്രശ്നങ്ങള്‍ക്ക് പരിഹാരമാകണമെങ്കില്‍  അതിര്‍ത്തികള്‍ വ്യാപിപ്പിക്കണമെന്ന ആവശ്യം വീണ്ടും 

കോര്‍ക്കിന്റെ ഭവനപ്രശ്നങ്ങള്‍ക്ക് പരിഹാരമാകണമെങ്കില്‍  അതിര്‍ത്തികള്‍ വ്യാപിപ്പിക്കണമെന്ന ആവശ്യം വീണ്ടും 

കോര്‍ക്ക് : അതിര്‍ത്തി വ്യാപിപ്പിക്കാനായില്ലെങ്കില്‍ നഗരവാസികളുടെ ഭവനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോര്‍ക്കിനാവില്ലെന്ന് അധികൃതര്‍.

കോര്‍ക്ക് സിറ്റി കൗണ്‍സില്‍ ഡപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് പാറ്റ് ലെഡ് വിഡ്ജ് ,ഹൗസിംഗ് ആന്റ് ഹോംലെസ്നെസ് സംയുക്ത ഒയ്റിചാര്‍ട്സ് കമ്മിറ്റിയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.സിറ്റിയിലെ ഹൗസിംഗ് യൂണിറ്റുകളുടെ മൂന്നിലൊന്ന് സിറ്റി കൗണ്‍സില്‍ പ്രദാനംചെയ്തിരുന്നു.പ്രാദേശിക അധികൃതരും സ്വകാര്യ സംരംഭകരുമായി ഇക്കാര്യത്തില്‍ ഒരു ബാലന്‍സ് പാലിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സിറ്റിയില്‍ വേണ്ട വീടുകളുടെ ആവശ്യം നിറവേറ്റാന്‍ ഡവലപ് ചെയ്ത ലാന്‍ഡിന്റെ അഭാവം ഇപ്പോള്‍ തടസ്സമാവുകയാണ്.-ലെഡ് വിഡ്ജ് പറഞ്ഞു.

വര്‍ധിച്ചുവരുന്ന ജനസംഖ്യയും ഉയരുന്ന തൊഴിലവസരങ്ങളും കൂടുതല്‍ ഭവനങ്ങളുടെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കോര്‍ക്ക് സിറ്റി കൗണ്‍സില്‍ ഡയറക്ടര്‍ വാലേറീ ഒ സുല്ലിവാന്‍ കമ്മിറ്റിയില്‍ ചൂണ്ടിക്കാട്ടി. 2011നും 2016നും ഇടയില്‍ ജനസംഖ്യ അഞ്ച് ശതമാനം വര്‍ധിച്ചു. തൊഴിലവസരങ്ങള്‍ 9ശതമാനമാണ് കൂടിയത്.പല തൊഴിലുടമകളും റിക്രൂട്ട്മെന്റുകള്‍ക്ക് തടസ്സമായി ചൂണ്ടിക്കാണിക്കുന്നത് ഭവനങ്ങളുടെ കുറവുകള്‍ തന്നെയാണെന്നും സുല്ലിവാന്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ പരിഗണിച്ച് സിറ്റി കൗണ്‍സിലിന്റെ അതിര്‍ത്തികള്‍ വ്യാപിപ്പിക്കണമെന്നൊരു ശുപാര്‍ശ നേരത്തേ മന്ത്രി സൈമണ്‍ കോവ്നെയുടെ കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. സ്‌കോട്‌ലണ്ടിന്റെ മുന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ ജിം മാക്കിന്നോന്‍ ആണ് ആ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്.സിറ്റിയുടെ ജനസംഖ്യ 225,000 എന്നതു മുന്നില്‍ക്കണ്ട് അതിരുകള്‍ നീട്ടണമെന്നാണ് ഇദ്ദേഹം ശുപാര്‍ശ ചെയ്തത്.അതിനായി അതിര്‍ത്തികള്‍ എട്ടു മടങ്ങെങ്കിലും ദീര്‍ഘിപ്പിക്കേണ്ടതുണ്ട്.

ഡൗഗ്ലാസ്,ഡോണിബ്രൂക്ക്,ഗ്രേയ്ഞ്ച്,ഫ്രാങ്ക്ഫീല്‍ഡ്,റോച്ചസ് ടൗണ്‍,കോര്‍ക്ക് എയര്‍പോര്‍ട്,ബല്ലിന്‍കോല്ലിഗ്,ടവര്‍,ബ്ലാര്‍നി,റാത്ത്പീക്കണ്‍,ഗ്ലാന്‍ മിയേര്‍,ലിറ്റില്‍ ഐലന്‍ഡ്,കാരിഗ്ടുഹില്‍ എന്നിവ ഇപ്പോഴത്തെ സിറ്റി കൗണ്‍സിലിന്റെ ഭാഗമാക്കണം..

സിറ്റികൗണ്‍സിലിനെ കോര്‍ക്ക് കൗണ്ടി കൗണ്‍സിലുമായി ലയിപ്പിക്കണമെന്നു ശുപാര്‍ശ ചെയ്ത് 2015ല്‍ കൊണ്ടുവന്ന സ്മിഡി റിപ്പോര്‍ട് പോലെതന്നെ മാക്കിന്നോന്‍ ശുപാര്‍ശയും വിവാദത്തിലായിരിക്കുകയാണ്. അന്ന് എതിര്‍ത്തവരൊക്കെ തന്നെയാണ് ഇപ്പോഴും എതിര്‍പ്പില്‍ മുന്നില്‍നില്‍ക്കുന്നത്.
കൗണ്ടി കൗണ്‍സിലിന് 40മില്യന്‍ യൂറോയുടെ റവന്യു നഷ്ടമുണ്ടാക്കുന്നതാണ് ഈ അതിര്‍ത്തി വ്യാപനം.ഇതു പരിഹരിക്കുന്നതിനായി അടുത്ത 10 വര്‍ഷത്തേക്ക് സിറ്റി കൗണ്‍സില്‍ 40മില്യന്‍ യൂറോ കൗണ്ടി കൗണ്‍സിലിനു നല്‍കണമെന്നും ശുപാര്‍ശയുണ്ട്.

എന്നാല്‍ അടുത്തകാലത്ത് നടന്ന കൗണ്ടി കൗണ്‍സില്‍ യോഗത്തില്‍ ഫിനാ ഫെയ്ലിന്റെ കൗണ്‍സിലര്‍ ബോബ് റ്യാന്‍ മാക്കിന്നോന്‍ റിപ്പോര്‍ട്ടിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഇദ്ദേഹത്തിന്റെ വാര്‍ഡ് ഫലത്തില്‍ ഇല്ലാതാകുമെന്നതാണ് ഈ എതിര്‍പ്പിന് കാരണം.എതിരാളിയായിരുന്നിട്ടു കൂടിയും പാര്‍ടിയുടെ സിറ്റി ലീഡര്‍ മൈക്കിള്‍ മാര്‍ട്ടിന്‍ ഈ വിമര്‍ശനത്തെ പിന്തുണക്കുകയും ചെയ്തിരുന്നു.

Scroll To Top