Friday June 22, 2018
Latest Updates

കോണ്‍ഗ്രസിന് ഇനി യുവത്വം,രാഹുല്‍ അധ്യക്ഷനായി സ്ഥാനമേറ്റു 

കോണ്‍ഗ്രസിന് ഇനി യുവത്വം,രാഹുല്‍ അധ്യക്ഷനായി സ്ഥാനമേറ്റു 

ന്യൂ ദല്‍ഹി:കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ഇനി പുതു നേതൃത്വം.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗികമായി ഏറ്റെടുത്തു.132 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിയെ ഏറ്റവുമധികം കാലം നയിച്ച റെക്കോര്‍ഡുമായി സോണിയ ഗാന്ധി ഇന്ന് പടിയിറങ്ങി. സജീവ രാഷട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചന നല്‍കിയാണ് സോണിയ അധ്യക്ഷ പദമൊഴിയുന്നത്. രാവിലെ 10.30 ന് എഐസിസി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിലാണ് അധ്യക്ഷ പദവി രാഹുല്‍ ഔദ്യോഗികമായി ഏറ്റെടുത്തത്.

രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കു സ്വാഗതം ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പ്രമുഖരുടെ നിര എഐസിസി ആസ്ഥാനത്തെത്തിയിരുന്നു. രാവിലെ 10.30 ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനത്തോടെയാണ് ചടങ്ങ് ആരംഭിക്കുക. പുതിയ യുഗത്തിന് കൊടിയുയര്‍ത്തി മുല്ലപ്പള്ളി രാമചന്ദ്രന്‍ എഐസിസി അദ്ധ്യക്ഷനായി രാഹുലിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.. ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് കൈമാറും. രാഹുലിനെ അധ്യക്ഷപദവിയിലേക്കു സ്വാഗതം ചെയ്തു മന്‍മോഹന്‍ സിങ് പ്രസംഗിച്ചു.

ഇന്ത്യയെ മധ്യകാലഘട്ടത്തിലേക്ക് നയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരുമെന്ന് രാഹുല്‍ ഗാന്ധി തന്റെ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് നയിച്ചത് കോണ്‍ഗ്രസാണ്. ഇന്നത്തെ രാജ്യത്തെ രാഷ്ട്രീയ ക്രമത്തില്‍ സത്യവും ദയയും ലവലേശമില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷനായി അധികാരമേറ്റെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞു.13 വര്‍ഷമായി താന്‍ രാഷ്ട്രീയത്തിലെത്തിയിട്ട്. രാഷ്ട്രീയം ജനങ്ങളെ സേവിക്കാനുള്ളതാണ്. എന്നാല്‍ അവരെ ദുരിതത്തിലേക്ക് തള്ളിവിടാനാണ് രാഷ്ട്രീയ അധികാരം ഇപ്പോള്‍ ഉപയോഗിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇപ്പോള്‍ ശക്തി പ്രാപിച്ച് വരുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.ജനങ്ങള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാന്‍ ഇന്ന ്അവസരമില്ല. സ്വന്തം നേട്ടം മാത്രമാണ് ലക്ഷ്യം. മറ്റുള്ളവരെ അധികാരത്തിന്റെ മാര്‍ഗങ്ങളിലൂടെ അടിച്ചൊതുക്കുകയാണ് ബി ജെപിയുടെ രീതി. അത് വെറുപ്പിന്റെ രാഷ്ട്രീയമാണ്-രാഹുല്‍ പറഞ്ഞു.

രാഹുല്‍ പദവി ഏറ്റെടുക്കുന്നതോടെ താന്‍ വിരമിക്കുമെന്ന് സോണിയ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സോണിയ ഉദ്ദേശിച്ചത് അധ്യക്ഷ പദവിയില്‍ നിന്നുള്ള വിരമിക്കലാണെന്നും സജീവരാഷ്ട്രീയത്തില്‍ നിന്നുള്ള വിരമിക്കലല്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ അമരക്കാരനാകുന്ന പതിനേഴാമത്തെ വ്യക്തിയാണ് രാഹുല്‍ ഗാന്ധി. പുതിയ അധ്യക്ഷനെ വരവേല്‍ക്കാന്‍ വിപുലമായ ആഘോഷ പരിപാടികളാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.

Scroll To Top