Friday November 16, 2018
Latest Updates

കൊള്ളക്കാരെ പിടിച്ച വാട്ടര്‍ഫോര്‍ഡിലെ ഗാര്‍ഡയ്ക്ക് അഭിനന്ദനപ്രവാഹം,ഞെട്ടല്‍ വിട്ടുമാറാതെ മലയാളി ജീവനക്കാര്‍ 

കൊള്ളക്കാരെ പിടിച്ച വാട്ടര്‍ഫോര്‍ഡിലെ ഗാര്‍ഡയ്ക്ക് അഭിനന്ദനപ്രവാഹം,ഞെട്ടല്‍ വിട്ടുമാറാതെ മലയാളി ജീവനക്കാര്‍ 

വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡിലെ മാക്സോളില്‍ മലയാളികളായ ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി കൊള്ളയ്ക്ക് ശ്രമിച്ച സംഘത്തെ പിടി കൂടിയ ഗാര്‍ഡയ്ക്ക് അഭിനന്ദനവര്‍ഷം.മുഖം മൂടിയിട്ട് വന്ന് കൊള്ളയ്ക്ക് ശ്രമിക്കുന്ന കള്ളന്മാരെകുറിച്ച് അന്വേഷണം നടത്തിയാലും സാധാരണയായി പിന്നീട് ഒരു വിവരവും ഗാര്‍ഡയ്ക്ക് ലഭിക്കാറില്ല.അതുകൊണ്ടു തന്നെ കൊള്ള സംഘത്തെ അര മണിക്കൂറോളം ചേസ് ചെയ്തു പിടിച്ച ഗാര്‍ഡയ്ക്ക് വാട്ടര്‍ഫോര്‍ഡിലെ പൊതുസമൂഹത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങാനായി.

വാട്ടര്‍ഫോര്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗാര്‍ഡ സംഘം സംഭവമറിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ വിവിധ വഴികളിലൂടെ പാഞ്ഞെത്തിയാണ് കൊള്ളക്കാരെ പിടിച്ചത്.മാക്സോള്‍ ഗാരേജില്‍ നിന്നും കൊള്ളസംഘം രക്ഷപ്പെടുന്നത് കണ്ട മറ്റൊരാള്‍ കൊള്ളസംഘത്തെ പിന്തുടര്‍ന്നത് അവര്‍ എവിടെയാണ് ഉള്ളതെന്ന കൃത്യമായ അറിവ് നല്‍കാന്‍ സഹായകമായി.’ശിക്കാരി ശംഭു’വീരനായകത്വം അവകാശപ്പെടുന്നത് പോലെ സ്ഥലത്തെത്തിയ ഗാര്‍ഡ കൊള്ളക്കാരെ പിടി കൂടുകയും ചെയ്തു.

ആക്രമണം സൃഷ്ടിച്ച ഞെട്ടലില്‍ നിന്നും വിമുഖരായിട്ടില്ല മലയാളികളായ ജീവനക്കാര്‍.രാത്രി 12.10 ന് ഷോപ്പിലും,ഡെലിയിലുമായി ഒട്ടേറെ ഇടപാടുകാര്‍ ഉള്ളപ്പോഴാണ് മുഖം മൂടിധാരി ടില്ലില്‍ എത്തിയത്.ടില്ലിന് എതിര്‍വശത്തു നിന്ന് നിന്ന് ആവശ്യം ഉന്നയിച്ച ശേഷം കൗണ്ടറിന് ഉള്ളിലേയ്ക്ക് ഓടി കയറിയ അക്രമി ടില്ലില്‍ ഉണ്ടായിരുന്ന ഷിനു ജോര്‍ജിന് വയറ്റിന് നേരെ മൂന്ന് പ്രാവശ്യം കത്തി വീശി.ഭയന്ന് പോയ ഷിനു ആദ്യ റ്റില്‍ തുറന്നു കൊടുത്തു.

ഇതിനിടെ ഷോപ്പില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഇടപാടുകാരും നിലവിളിയോടെ പുറത്തേയ്ക്ക് ഓടി.ഡെലിയില്‍ ഉണ്ടായിരുന്ന ഷാജു ജോസ് ഈ സമയത്ത് കൗണ്ടറിലേക്ക് ഓടികയറാന്‍ ശ്രമിച്ചെങ്കിലും അക്രമിയുടെ കൈവശം ആയുധമുണ്ടെന്ന സൂചന ഷിനു നല്‍കിയതോടെ ഷാജു ആ ശ്രമം ഉപേക്ഷിച്ചു.ഷാജു ജോസ് മലയാളത്തില്‍ ഷിനുവിനോട് കൗണ്ടറില്‍ നിന്നും പുറത്തുചാടാന്‍ വിളിച്ചു പറഞ്ഞതോടെ ഷിനുവും കൗണ്ടറിന് പുറത്തെത്തി.ആദ്യ ടില്ലിലെ പണം വാരാനുള്ള ശ്രമത്തിനിടയില്‍ കള്ളന്റെ ശ്രദ്ധ അതിലായിരുന്നു.

ആദ്യ ടില്ലിലെ പണം വാരിക്കഴിഞ്ഞപ്പോഴാണ് രണ്ടാമത്തെ ടില്ലു തുറക്കാനായി കള്ളന്‍ വീണ്ടും ജീവനക്കാരെ തേടിയത്.ഇതിനിടെ കത്തി കൊണ്ട് റ്റില്‍ തുറക്കാനുള്ള ശ്രമവും അയാള്‍ നടത്തിയിരുന്നു.

കള്ളന്‍ തങ്ങള്‍ക്ക് നേരെ കത്തിയുമായി പാഞ്ഞു വരുന്നത് കണ്ട മലയാളി ജീവനക്കാര്‍ കടയ്ക്ക് പുറത്തേയ്ക്ക് പാഞ്ഞു. പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിന് ചുറ്റുമായി ഒരു മിനുട്ടോളം മോഷ്ടാവ് തങ്ങളെ പിടിയ്ക്കാനായി ഓടിച്ചെന്ന് ഷിനു ജോര്‍ജ് ഐറിഷ് മലയാളി’യോട് പറഞ്ഞു.ജീവന്‍ രക്ഷിക്കാനുള്ള ഓട്ടമായിരുന്നു.ആ സമയത്ത് അയാള്‍ക്ക് ഞങ്ങളെ കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എന്ത് സംഭവിക്കും എന്ന് പറയാനാവുന്നില്ല…അവര്‍ പറഞ്ഞു.

കമ്പനികളുടെ പോളിസി അനുസരിച്ച് റ്റില്‍ കൊള്ളയടിക്കാന്‍ ആരെങ്കിലും വന്നാല്‍ അതിന് വഴങ്ങി കൊടുക്കുക എന്നതാണ്.ഗാര്‍ഡ പറയുന്നതും അങ്ങനെ തന്നെയാണ്.എന്നാല്‍ മാക്സോളിലെ നാല് ടില്ലുകളിലുമായി വളരെ കുറഞ്ഞ പണമേ ഉണ്ടായിരുന്നുള്ളു.ആ സമയത്ത് ആദ്യ റ്റില്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുള്ളു.ആദ്യ ടില്ലില്‍ നിന്നും നാമമാത്രമായ പണം കിട്ടിയ കള്ളന്‍ മറ്റുള്ള ടില്ലുകളില്‍ പണമില്ലെന്നറിയുന്നതോടെ പണം എവിടെയാണ് സ്റ്റോര്‍ ചെയ്തിരിക്കുന്നതെന്ന് ചോദിക്കാനുള്ള സാധ്യതയും ഉണ്ട്.അതിന് ഉത്തരം നല്‍കിയാലും,ഉത്തരം നല്‍കിയില്ലെങ്കിലും അക്രമിക്കപ്പെടില്ല എന്നതിന് ഉറപ്പൊന്നുമില്ല.അവര്‍ പറഞ്ഞു.

കമ്പനിയുടെയും ഗാര്‍ഡയുടെയും റൂള്‍ അനുസരിക്കുമ്പോള്‍ തന്നെ സ്വയം രക്ഷപ്പെടാനുള്ള അവസരം ഉണ്ടോ എന്ന സാധ്യത പരിശോധിക്കാതെ നിവൃത്തിയില്ലായിരുന്നു,അതാണ് ചെയ്തതും.അവര്‍ പറയുന്നു.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഗാരേജുകളില്‍ ജോലി ചെയ്യുന്ന ഒട്ടേറെ ഇന്ത്യക്കാരുണ്ട്.മിക്ക സ്ഥലങ്ങളിലും അക്രമകാരികളുടെ ശല്യം സ്ഥിരമായി ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.രാത്രികാലങ്ങളില്‍ ജോലി ചെയ്യന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ചും.ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന ഇവര്‍ക്കൊന്നും വേണ്ടത്ര ഇന്‍ഷുറന്‍സോ,പരിരക്ഷയോ കമ്പനി ഉടമകള്‍ നല്കുന്നില്ലെന്ന പരാതിയുണ്ട്.ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി യൂണിയന്‍ പ്രവര്‍ത്തനങ്ങളും സജീവമല്ല.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ ബാധ്യസ്ഥരാണെങ്കിലും അപകടങ്ങളില്‍ നിന്നും സ്വയം രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ മെനയാതെ തരമില്ലെന്നാണ് ഇവിടങ്ങളിലെ ജീവനക്കാര്‍ പറയുന്നത്.ആകെയുള്ള പാനിക്ക് ബട്ടണുകള്‍ അമര്‍ത്തിയാലും ഗ്രാമമേഖലകളില്‍ ഗാര്‍ഡ എത്താന്‍ അരമണിക്കൂര്‍ വരെ സമയമെടുക്കും.അപ്പോഴേയ്ക്കും സംഭവിക്കാന്‍ ഉള്ളതെല്ലാം സംഭവിച്ചിരിക്കും.

കൂടുതല്‍ സുരക്ഷാമാര്‍ഗങ്ങളും,വര്‍ദ്ധിച്ച ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തി ജീവനക്കാരെ പരിരക്ഷിക്കാന്‍ മിക്ക കമ്പനികളും തയാറല്ല എന്നതാണ് യാഥാര്‍ഥ്യം.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top