Thursday February 23, 2017
Latest Updates

കൊറോണ വൈറസ് :ഗള്‍ഫ് മേഖല ഭീതിയില്‍ ,ലോകാരോഗ്യ സംഘടന യോഗം വിളിക്കുന്നു 

കൊറോണ വൈറസ് :ഗള്‍ഫ് മേഖല ഭീതിയില്‍ ,ലോകാരോഗ്യ സംഘടന യോഗം വിളിക്കുന്നു 

റിയാദ് :വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. ഇതു വരെ സൗദിയില്‍ മാത്രം 473 ആളുകള്‍ക്ക് വൈറസ് ബാധിച്ചതായും അതില്‍ 133 ആളുകള്‍ മരണപ്പെട്ടതായും സൗദി ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഏറ്റവും പുതിയ റിപോര്‍ട്ടില്‍ പറയുന്നു

അബുദാബിയില്‍ ഇന്നലെ മാത്രം 12 പുതിയ കൊറോണ വൈറസ് ബാധിതരെ കണ്ടെത്തിയതായി അബുദാബി ഹെല്‍ത്ത് അതോറിറ്റി വെളിപ്പെടുത്തി.അബുദാബിയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ തിരിച്ചെത്തിയ ഒരു നേഴ്‌സിനു കൊറോണ വൈറസ് ബാധിച്ചിട്ടുള്ളതായി മനീലയിലെ ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

കേരളത്തിലെ പ്രവാസികള്‍ക്കിടയിലും കൊറോണ വൈറസ് ബാധ ആശങ്കയുണര്‍ത്തുന്നുണ്ട്.ആയിരക്കണക്കിന് പേരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രതിദിനം കേരളത്തില്‍ എത്തുന്നത്.മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഗള്‍ഫില്‍ നിന്നെത്തിയ മൂന്ന് പേരില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടെങ്കിലും മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചില്ല. പശ്ചിമേഷ്യന്‍ മേഖലയില്‍ ധാരാളം മലയാളികള്‍ ജോലി ചെയ്യുന്നതിനാല്‍ കേരളത്തിലേക്ക് രോഗം എത്താനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അതേസമയം, കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കാത്തതിനാല്‍ വിമാനത്താവളങ്ങളിലെത്തുന്നവരെ നിരീക്ഷിക്കാനാവുന്നില്ല. കഴിഞ്ഞ വര്‍ഷം കൊറോണ വൈറസ് ഭീതി ഉണ്ടായപ്പോള്‍ കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

സൗദി അറേബ്യയെ കൂടാതെ മലേഷ്യ, ഫ്രാന്‍സ്, യു.കെ, ഇറ്റലി, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, ജോര്‍ദാന്‍, യു.എ.ഇ, യെമന്‍, ടുണീഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലൂടെ യാത്രചെയ്യുന്നത് സാധിക്കുമെങ്കില്‍ ഒഴിവാക്കണമെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

മെര്‍സ് കൊറോണ വൈറസ് കേസ് വര്‍ധിച്ചുവരുന്നതിനാല്‍ അടിയന്തയോഗം വിളിച്ച് ചര്‍ച്ച നടത്തുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്‌ള്യു.എച്ച്.ഒ) അറിയിച്ചു. 2012 മധ്യത്തോടെ വ്യാപിക്കാന്‍ തുടങ്ങിയ കൊറോണ വൈറസിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡബ്‌ള്യൂ.എച്ച്.ഒ നേരത്തെ നാല് തവണ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്.
ആശങ്കയുളവാക്കുന്ന വിധം മെര്‍സ് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച അടിയന്തര യോഗം ചേരുന്നതെന്ന് ഡബ്‌ള്യൂ.എച്ച്.ഒ വക്താവ് താരീഖ് ജാസറെവിക് ജനീവയില്‍ അറിയിച്ചു. വ്യത്യസ്ത രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണം പെരുകുന്നത് നിരവധി ചോദ്യങ്ങളുയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.
2003ല്‍ ഏഷ്യയിലുണ്ടായ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോമിന് (സാര്‍സ്) സമാനമായ രോഗമായാണ് മെര്‍സിനെ കണക്കാക്കുന്നത്. 8,273 പേര്‍ക്കാണ് സാര്‍സ് പിടിപെട്ടിരുന്നത്. ഇതില്‍ 800 പേര്‍ മരിച്ചു.
സാര്‍സിനെ പോലെ ശ്വാസകോശ അണുബാധ, ഉയര്‍ന്ന ശരീരോഷ്മാവ്, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ തന്നെയാണ് മെര്‍സിനും പ്രകടമാകുന്നത്. എന്നാല്‍, രോഗം ബാധിച്ചയാളുടെ വൃക്ക അതിവേഗം പ്രവര്‍ത്തനരഹിതമാകുന്നുവെന്നതിനാലാണ് മെര്‍സ് കൂടുതല്‍ ഭീതിദമാകുന്നത്. മെര്‍സ് കൊറോണ വൈറസിനെതിരെ കുത്തിവെപ്പോ ചികിത്സയോ ഇതുവരെ ലഭ്യമായിട്ടില്ല. ബാധിച്ചവരില്‍ 40 ശതമാനവും മരണപ്പെട്ട മെര്‍സിനെ കുറിച്ച് മനസ്സിലാക്കാന്‍ വിദഗ്ധര്‍ ശ്രമം തുടരുകയാണ്.
ഡബ്‌ള്യൂ.എച്ച്.ഒ കണക്ക് പ്രകാരം 2012 സെപ്റ്റബര്‍ മുതല്‍ 496 പേര്‍ക്കാണ് മെര്‍സ് ബാധിച്ചത്. ഇതില്‍ 463 പേരും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ളവരാണ്.

Scroll To Top