Friday January 20, 2017
Latest Updates

കൊച്ചി മെട്രോയുടെ നിര്‍മ്മാണം നീങ്ങുന്നത് ഒച്ചിന്റെ വേഗതയില്‍; തൊഴിലാളികളും സാധനങ്ങളുമില്ലെന്ന് കെഎംആര്‍എല്ലിന്റെ വിശദീകരണം

കൊച്ചി മെട്രോയുടെ നിര്‍മ്മാണം നീങ്ങുന്നത് ഒച്ചിന്റെ വേഗതയില്‍; തൊഴിലാളികളും സാധനങ്ങളുമില്ലെന്ന് കെഎംആര്‍എല്ലിന്റെ വിശദീകരണം

കൊച്ചി: രണ്ടാഴ്ച്ച കാലം നീണ്ടുനിന്ന ക്വാറി സമരത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. എന്നാല്‍ മുന്‍പത്തെ വേഗതയിലേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കൊണ്ടു വരാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ക്കായിട്ടില്ല. സമരത്തെ തുടര്‍ന്ന് തൊഴിലാളികള്‍ അവരുടെ നാടുകളിലേക്ക് പോയതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഇല്ലാത്തതുമാണ് നിലവില്‍ തടസ്സമായി നില്‍ക്കുന്നതെന്ന് കെഎംആര്‍എല്‍ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ക്വാറി സമരത്തെ തുടര്‍ന്ന് പണി നിര്‍ത്തിവെച്ചപ്പോള്‍ ഇവരെല്ലാവരും തന്നെ നാട്ടില്‍ പോയി. ഇവരില്‍ പകുതി പേര്‍ മാത്രമെ മടങ്ങി എത്തിയിട്ടുള്ളു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധി. വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

ക്വാറി സമരം പിന്‍വലിച്ചിട്ട് ഒരാഴ്ച്ചയോളം ആയെങ്കിലും കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധന സാമഗ്രികള്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല. എത്തിച്ചതാകട്ടെ വേണ്ടതിന്റെ പകുതി പോലുമില്ല.

മഴക്കാലം തുടങ്ങുന്നതിന് മുന്‍പ് പ്രധാനപ്പെട്ട നിര്‍മ്മാണ ജോലികളെല്ലാം പൂര്‍ത്തിയായില്ലെങ്കില്‍ മെട്രോ റെയില്‍ പ്രതീക്ഷിച്ച സമയത്ത് ഓടിത്തുടങ്ങാന്‍ സാധിക്കില്ല. മഴക്കാലത്തിന് മുന്‍പായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തിയതായി കെഎംആര്‍എല്‍ പറയുന്നുണ്ടെങ്കിലും മെട്രോ സൈറ്റുകളില്‍ അത് കാണുന്നില്ല.

അതിനിടെ എറണാകുളം ജില്ലാ സഹകരണ ബാങ്ക് കെഎംആര്‍എല്ലിന് നല്‍കാമെന്ന് ഏറ്റ 470 കോടി രൂപയുടെ ലോണ്‍ ഇതുവരെ നല്‍കിയിട്ടില്ല. സ്ഥലം ഏറ്റെടുക്കലിനും വൈറ്റില പേട്ട സ്‌ട്രെച്ച് വികസിപ്പിക്കുന്നതിനും ആവശ്യമായ തുകയാണിത്. സംസ്ഥാന സര്‍ക്കാരും ബാങ്കും തമ്മില്‍ എത്തിച്ചേര്‍ന്ന മുന്‍ധാരണയില്‍ സംസ്ഥാന ധനമന്ത്രാലയം ചെറിയ മാറ്റങ്ങള്‍ വരുത്തിയതിനാലാണ് ലോണ്‍ വൈകുന്നത്. ധനമന്ത്രാലയത്തിന്റെ മാറ്റങ്ങള്‍ ജില്ലാ ബാങ്ക് ഭരണസമിതി അംഗീകരിക്കണം.

ബാങ്ക് ഭരണ സമിതി സര്‍ക്കാരിന്റെ മാറ്റങ്ങള്‍ അംഗീകരിച്ചെന്നും രണ്ട് ദിവസത്തിനകം നോട്ടിഫിക്കേഷന്‍ ഇറക്കുമെന്നും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. 9.95 ശതമാനം ഫ്‌ളോറ്റിംഗ് പലിശയ്ക്കാണ് കെഎംആര്‍എല്‍ ലോണെടുക്കുന്നത്. ഈ തുക ലഭിച്ചാലുടന്‍ തന്നെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്താനും വൈറ്റില പേട്ട സ്‌ട്രെച്ചിന്റെ വികസനം സാധ്യമാകുമെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.

Scroll To Top