Monday February 27, 2017
Latest Updates

കേരളാ കോണ്‍ഗ്രസ് യൂ ഡി എഫ് വിട്ട് വന്നാല്‍ കെ എം മാണിയുടെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ഇടതുപക്ഷം വീണ്ടും ശ്രമം തുടങ്ങി

കേരളാ കോണ്‍ഗ്രസ് യൂ ഡി എഫ് വിട്ട് വന്നാല്‍ കെ എം മാണിയുടെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ഇടതുപക്ഷം വീണ്ടും ശ്രമം തുടങ്ങി

കോട്ടയം :കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസ് യൂഡി എഫ് ബന്ധം പോലും ഉപേക്ഷിക്കുമെന്ന സൂചനകള്‍ക്കിടയില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ ഭാവി വീണ്ടും അവതാളത്തിലായി.മാണിയും കൂട്ടരും മുന്നണി വിട്ടാല്‍ രാജി വെയ്ക്കുകയെ ഉമ്മന്‍ ചാണ്ടിയ്ക്ക് നിര്‍വാഹമുള്ളൂ എന്ന അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ് കേരള രാഷ്ട്രീയം.

അത്തരം ഒരു സാധ്യതയെ മുന്നില്‍ കണ്ടുകൊണ്ട് ഇന്നലെ മുതല്‍ തന്നെ കേരളാ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.ഇലക്ഷന് കോട്ടയത്തും ഇടുക്കിയിലും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതോടൊപ്പം ,മറ്റു സ്ഥലങ്ങളില്‍ ഇടതു മുന്നണിയ്ക്ക് പിന്തുണ നല്‍കി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നാണ് പാര്‍ട്ടിയിലെ പൊതു വികാരം .ഇടുക്കിയിലും ,കോട്ടയത്തും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് വേണ്ടി ഇടതു പക്ഷവും പിന്തുണ നല്‍കാനും സാധ്യതകള്‍ ഉണ്ട്.

ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കുകയാണെങ്കില്‍ പകരം കെ എം മാണിയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ ഉണ്ടാക്കാന്‍ ഇടതു പക്ഷം പിന്തുണ നല്‍കിയേക്കും.

കേരള കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി അതീവ ക്ഷുഭിതരാണെന്നതാണ് കെ.എം. മാണിയെ അലട്ടുന്ന വിഷയം. കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ അവര്‍ ഒരുക്കമല്ല. മകന്‍ ജോസ്.കെ. മാണിയുടെ വിജയസാധ്യത യു.ഡി.എഫില്‍ നില്‍ക്കുന്നതിനേക്കാള്‍ എല്‍.ഡി.എഫ് പക്ഷത്താണ് കൂടുതലെന്നും മാണി കണക്ക് കൂട്ടുന്നു. മാത്രമല്ല ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ മങ്ങുന്ന ജനപ്രിയതയും മാണിയെ മനസില്ലാക്കിക്കാന്‍ പാര്‍ട്ടിയിലെ ‘ഇടതുപക്ഷ’ വാദികള്‍ക്ക് കഴിഞ്ഞിട്ടുണ്ടത്രേ.കോട്ടയത്ത് നിന്നും വീണ്ടും ജോസ് കെ മാണി ജയിച്ചാലും കേന്ദ്രമന്ത്രിസഭയില്‍ ‘ബര്‍ത്ത്’ കിട്ടുമെന്ന് ഉറപ്പൊന്നുമില്ല.

ഇടഞ്ഞു നില്‍ക്കുന്ന പി.ജെ. ജോസഫ് വിഭാഗത്തെ മെരുക്കുക കോട്ടയത്തിന് പുറമെ ഇടുക്കി സീറ്റില്‍ കൂടി ജയിക്കാന്‍ കഴിയുക എന്നിങ്ങനെ അടിയന്തര രാഷ്ട്രീയ നേട്ടങ്ങള്‍ കൈവരിക്കാന്‍ യു.ഡി.എഫ് വിടുന്നതിലൂടെ മാണിക്ക് കഴിയും. എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് സംസ്ഥാന ഭരണത്തില്‍ കൂടുതല്‍ പങ്ക് ഭാവിയില്‍ നേടാന്‍ ആവുമെന്നും മാണി കണക്ക് കൂട്ടുന്നു.

കെ എം മാണിയെ അംഗീകരിക്കാന്‍ ഇടതു മുന്നണിയിലെ ഒട്ടു മിക്ക ഘടകകക്ഷി നേതാക്കളും തയ്യാറായി കഴിഞ്ഞു എന്നാണു റിപ്പോര്‍ട്ടുകള്‍.മാണിയെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ വി എസ് അച്യുതാനന്ദനെയും ഒതുക്കാമെന്ന് പിണറായി പക്ഷവും കരുതുന്നു.
വിചാരണ കോടതി ലാവലിന്‍ കേസിലെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയതോടെ പിണറായി വിജയനും മുഖ്യമന്ത്രി പദത്തിന് അര്‍ഹനാണെന്ന ധാരണ സി പി എമ്മില്‍ അടക്കം വളര്‍ന്നിട്ടുണ്ട്.ഉമ്മന്‍ ചാണ്ടി മന്ത്രിസഭ രാജിവെച്ചാല്‍ പക്ഷെ പെട്ടന്ന് പിണറായി പകരക്കാരനായി ഇടതു മുന്നണിയില്‍ നിന്ന് വരണമെന്ന് സി പി എമ്മിലെ ഉയര്‍ന്ന നേതാക്കള്‍ക്ക് പോലും അഭിപ്രായമില്ലത്രേ.അത് കൊണ്ട് തന്നെ യൂ ഡി എഫ് വിട്ടാല്‍ കെ എം മാണിയുടെ നേതൃത്വത്തെ ഇടതുമുന്നണി തല്‍ക്കാലത്തെയ്ക്ക് പിന്തുണയ്‌ച്ചേക്കും.

മത മേലദ്ധ്യക്ഷന്‍മാരും ,മറ്റ് ചില മധ്യസ്ഥരും ഇടപെട്ട് കേരളാ കോണ്‍ഗ്രസിനെയും ,ഇടതു മുന്നണിയേയും ധാരണയില്‍ എത്തിച്ചു കഴിഞ്ഞതായും ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട് .

അനിശ്ചിതിത്വങ്ങള്‍ തുടരുമ്പോള്‍ എല്ലാവരും വീണ്ടും കെ എം മാണിയെയാണ് നോക്കിയിരിക്കുന്നത്. അതിനിടയില്‍ കെഎം മാണിക്ക് ഇടതുപക്ഷത്തു നിന്നും ഔദ്യോഗിക ക്ഷണം വന്നു കഴിഞ്ഞു.കോടിയേരി ബാലകൃഷ്ണന്‍ കെ എം മാണിയെ കൂടെ നില്‍ക്കാന്‍ ക്ഷണിച്ചുകഴിഞ്ഞു.കെ എം മാണി യുഡിഎഫ് വിട്ടാല്‍ അനാഥമാകില്ലെന്ന് കോടിയേരി പറഞ്ഞു.

ഇതിനിടെ ജോസഫിനെ അനുകൂലിക്കുന്ന നേതാക്കളായ ടി യു കുരുവിള, മോന്‍സ് ജോസഫ്, ആന്റണി രാജു എന്നിവരുമായി പി ജെ ജോസഫ് രാവിലെ കൂടിക്കാഴ്ച നടത്തി. അവസാന നിമിഷം വരെ യൂ ഡി എഫില്‍ തുടരാനുള്ള സാധ്യതകള്‍ക്ക് ശേഷമേ മുന്നണി വിടാനുള്ള ചര്‍ച്ചകള്‍ക്ക് സാധ്യതയുള്ളൂ എന്നാണ് പി ജെ ജോസഫിന്റെ നിലപാട് എന്നറിയുന്നു.മുഖ്യമന്ത്രി പറഞ്ഞ പ്രകാരം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് കെ എം മാണിയും ,ജോസഫും.ഇന്ന് രാവിലെ മാണി ഉമ്മന്‍ ചാണ്ടിയെ കണ്ട് ഒരിക്കല്‍ കൂടി ഈ ഉറപ്പു വാങ്ങി.

കരട് വിജ്ഞാപനം ഇറങ്ങിയില്ലെങ്കില്‍ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കണമെന്നാണ് നേതാക്കള്‍ ചര്‍ച്ചകള്‍ വഴി ധാരണ ഉണ്ടാക്കിയിട്ടുണ്ട്.രാഷ്ട്രീയത്തില്‍ അപ്രതീക്ഷിതമായ സംഭവങ്ങള്‍ ഇപ്പോഴും പ്രതീക്ഷിക്കാവുന്നതെയുള്ളൂ.ഓരോ ഇലക്ഷന്‍ കാലത്തും അത്തരം അനിശ്ചിതങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്.കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ,ഇടുക്കി ലോകസഭാ സീറ്റും ചേര്‍ന്ന് കേരളത്തെ വീണ്ടും അത്തരം ഒരവസ്ഥയിലേയ്ക്ക് നയിക്കുന്ന സൂചനകളാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നത്

Scroll To Top