Tuesday September 25, 2018
Latest Updates

കേരളത്തിലെ നഴ്സുമാര്‍ നഴ്സുമാര്‍ പൊരുതി നേടി,ശമ്പളം ഉയരുന്നത് 89 ശതമാനം വരെ,നിയമപരമായി നേരിടുമെന്ന് വാശി പിടിച്ച് മാനേജ് മെന്റിലെ ഒരു വിഭാഗം 

കേരളത്തിലെ നഴ്സുമാര്‍ നഴ്സുമാര്‍ പൊരുതി നേടി,ശമ്പളം ഉയരുന്നത് 89 ശതമാനം വരെ,നിയമപരമായി നേരിടുമെന്ന് വാശി പിടിച്ച് മാനേജ് മെന്റിലെ ഒരു വിഭാഗം 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കിയതോടെ കേരളത്തിലെ നഴ്സുമാരുടെ ഐതിഹാസികമായ സമരപരമ്പരയ്ക്ക് ഗംഭീരവിജയമായി. മിനിമം വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരവും ലോംഗ് മാര്‍ച്ചും ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്. ശമ്പള പരിഷ്‌കരണത്തില്‍ സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കിയതില്‍ സന്തോഷമുണ്ടെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേതാക്കള്‍ പ്രതികരിച്ചു.

വിജ്ഞാപനത്തിന്റെ പകര്‍പ്പ് ലഭിച്ചതോടെ സമരം പിന്‍വലിക്കുന്നതായി ഇന്നലെ അര്‍ധരാത്രിയോടെ സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. അതേസമയം, സര്‍ക്കാര്‍ വിജ്ഞാപനത്തെ നിയമപരമായി നേരിടുമെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചത്.

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നേരത്തെ സുപ്രീംകോടതി സമിതി നിര്‍ദേശിച്ച പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ അന്തിമ വിജ്ഞാപനമിറക്കിയത്. സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപനം അനുസരിച്ച് നഴ്‌സുമാരുടെ ശമ്പളം ഇങ്ങനെ:- 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍- 20000 രൂപ, 50 മുതല്‍ 100 കിടക്കകള്‍ വരെ- 24400 രൂപ, 100 മുതല്‍ 200 കിടക്കകള്‍ വരെ- 29400 രൂപ, 200ന് മുകളില്‍ കിടക്കകളുള്ള ആശുപത്രികളില്‍- 32400 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ശമ്പളം.

ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 31ന് അന്തിമ വിജ്ഞാപമിറക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ശമ്പള പരിഷ്‌കരണത്തിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചതോടെ വിജ്ഞാപനമിറക്കുന്നത് വൈകി. പക്ഷേ, ശമ്പള പരിഷ്‌കരിച്ചുള്ള വിജ്ഞാപനം പുറത്തിറക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യുഎന്‍എ അടക്കമുള്ള സംഘടനകള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 24ന് ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ചും പ്രഖ്യാപിച്ചു.

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് അന്തിമ വിജ്ഞാപനം പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചത്. നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പും ധന വകുപ്പും മന്ത്രിമാരും വേഗത്തില്‍ കാര്യങ്ങള്‍ നീക്കി. നഴ്‌സുമാരുടെ സമരം തുടങ്ങിയാല്‍ അത് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയും ഭയന്നിരുന്നു. ഈ സാഹചര്യത്തിലാണ് നഴ്‌സുമാരുടെ സമരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ സംസ്ഥാന സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അന്തിമ വിജ്ഞാപനമിറക്കിയെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങളൊന്നും സമരസമിതി നേതാക്കള്‍ക്ക് ലഭിച്ചിട്ടില്ല. വിജ്ഞാപനത്തിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് സമരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് യുഎന്‍എ പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തില്‍ നഴ്‌സുമാര്‍ സമരം പിന്‍വലിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ അലവന്‍സ് അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും നഴ്‌സുമാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. അതേസമയം, സര്‍ക്കാര്‍ വിജ്ഞാപനത്തിനെ നിയമപരമായി നേരിടുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ പ്രതികരിച്ചു. സമരം കണക്കിലെടുത്ത് തിങ്കളാഴ്ച വൈകീട്ട് മുതല്‍ സ്വകാര്യ ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിച്ചിരുന്നില്ല. നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോട് ഡിസ്ചാര്‍ജ് വാങ്ങി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകാനും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നിര്‍ദേശിച്ചിരുന്നു.

Scroll To Top