Friday February 24, 2017
Latest Updates

കേജരിവാളിന്റെ പ്രഹരത്തില്‍ ‘അംബാനിമാര്‍ വിറയ്ക്കുന്നു… റിലയന്‍സിന്റെ ഓഹരി വിലയില്‍ ഇടിവ് തുടരുമെന്ന് പ്രവചനം

കേജരിവാളിന്റെ പ്രഹരത്തില്‍ ‘അംബാനിമാര്‍ വിറയ്ക്കുന്നു… റിലയന്‍സിന്റെ ഓഹരി വിലയില്‍ ഇടിവ് തുടരുമെന്ന് പ്രവചനം

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ റിലയന്‍സ് കമ്പനിയ്‌ക്കെതിരെ പടവാളുയര്‍ത്തി രംഗത്ത് വന്നതോടെ റിലയന്‍സ് എന്ന മഹാസാമ്രാജ്യത്തിന്റെ അടിവേരുകള്‍ ഇളകുന്നുവോ ?ബി ജെ പി യും കോണ്‍ഗ്രസും മാറി മാറി ഇന്ത്യ ഭരിച്ചപ്പോഴും ഭരണക്കാരെ അണിവിരലില്‍ വട്ടം കറക്കിയിരുന്ന പ്രൌഡി ആം ആദ്മി പാര്‍ട്ടിയുടെയും കേജരിവാളിന്റെയും അടുത്ത് ചിലവാകുന്നില്ലെന്ന സൂചനയാണ് രാഷ്ട്രീയഭാരതം ഇപ്പോള്‍ കാണുന്നത്.

ചട്ടവിരുദ്ധമായി റിലയന്‍സ് കമ്പനിയും ഗ്യാസ് വില കൂട്ടാന്‍ അവസരമൊരുക്കിയതിന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി, മുന്‍ മന്ത്രി മുരളി ദേവ്‌റ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഉത്തരവിട്ടുകഴിഞ്ഞു.

തൊട്ടുപിന്നാലെ റിലയന്‍സിന്റെ ഷെയര്‍ വില 2% കുറഞ്ഞു.ഓഹരി മാര്‍ക്കറ്റിലെ ഇടിവ് ഇനിയും തുടരുമെന്നാണ് വിദഗ്ദര്‍ പ്രവചിക്കുന്നത്.
,
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗവണ്‍മെന്റ് ഉടമയിലുള്ള ഊര്‍ജ ഉത്പാദന കമ്പനികള്‍ക്കും വളം ഫാക്ടറികള്‍ക്കും കൂടിയ നിരക്കില്‍ ഗ്യാസ് വിറ്റ് കൊള്ള ലാഭമെടുക്കാന്‍ അനുമതി നല്‍കിയതായാണ് ആരോപണം.

യൂണിറ്റിന് 2.3 ഡോളര്‍ നിരക്കി ല്‍ 10 ലക്ഷം തെര്‍മല്‍ യൂണിറ്റ് എന്‍.ടി.പി.സിക്ക് നല്‍കാനാണ് റിലയന്‍സ് സമ്മതിച്ചിരുന്നത്. എന്നാല്‍, മുരളി ദേവ്‌റ കേന്ദ്ര പെട്രോളിയം മന്ത്രിയായിരുന്നപ്പോള്‍ കൃഷ്ണാഗോദാവരി തടത്തിലെ കിഴക്കന്‍ തീരത്തെ ഡി ബ്‌ളോക്കില്‍ നിന്നു റിലയന്‍സ് ഗ്യാസ് നല്‍കിയത് 4.3 ഡോളര്‍ നിരക്കിലാണ്.

വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ യൂണിറ്റിന് 8 ഡോളര്‍ നിരക്കില്‍ ഗ്യാസ് വില്‍ക്കാന്‍ റിലയന്‍സിന് അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് ഇക്കഴിഞ്ഞ ഡിസംബറില്‍ ഉത്തരവിട്ടു. അത് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് മുഖ്യമന്ത്രി കേജ്‌രിവാള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടിയ വിലയ്ക്ക് ഗ്യാസ് വില്‍ക്കാന്‍ അനുമതി നേടിയെടുക്കാന്‍ റിലയന്‍സ് കമ്പനി ഗ്യാസ് ക്ഷാമഭീഷണി മുഴക്കി ഗവണ്‍മെന്റിനെ ബ്‌ളാക്ക് മെയില്‍ ചെയ്യുകയാണെന്ന് കേജ്‌രിവാള്‍ കുറ്റപ്പെടുത്തി.

ഡി 6 ബ്‌ളോക്കില്‍ നിന്ന് 2010ന് ശേഷം ഗ്യാസ് ഉത്പാദനത്തില്‍ ഗണ്യമായ കുറവു സംഭവിച്ചതായാണ് ഗ്യാസ് ക്ഷാമത്തിന് കാരണമായി റിലയന്‍സ് കമ്പനിക്കാര്‍ പറയുന്നത്. പ്രതിദിനം 600 ലക്ഷം ക്യുബിക് മീറ്റര്‍ പ്രകൃതി വാതകം കിട്ടിക്കൊണ്ടിരുന്നത് 140 ലക്ഷമായി കുറഞ്ഞുവെന്നാണ് വാദം.

എന്നാല്‍, വേണ്ടത്ര എണ്ണക്കിണറുകള്‍ കുഴിച്ച് എണ്ണയെടുക്കുന്നതിന് തയ്യാറാകാതെ റിലയന്‍സുകാര്‍ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതായി അധികൃതര്‍ പറയുന്നു.
അരവിന്ദ് കേജരിവാളിന്റെ ആരോപണം ശരിയാണെങ്കില്‍ ഇന്ത്യയിലെ ഇന്ധന ദൗര്‍ലഭ്യത്തിനും ,വിലക്കയറ്റത്തിനും കാരണം ഈ കുത്തക കമ്പനിയും ,അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരുകളും ആണെന്ന് കരുതേണ്ടി വരും.പട്ടിണി പാവങ്ങളായ ജനകോടികളുടെ അവകാശത്തിലും അന്നത്തിലും കൃത്രിമത്വം കാണിക്കുന്നവരെ ‘ചൂല് കൊണ്ടടിക്കാന്‍’ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഈ ആരോപണം ‘തുരുപ്പുചീട്ടാ’ക്കിയാലും അത്ഭുതപ്പെടേണ്ടതില്ല.

Scroll To Top