Monday January 23, 2017
Latest Updates

കെ എം മാണി കേരളത്തിന്റെ ശാപമാണെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി

കെ എം മാണി കേരളത്തിന്റെ ശാപമാണെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി

നെടുങ്കണ്ടം: കെ എം മാണിയ്‌ക്കെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി . തന്നെക്കാള്‍ വലിയ കര്‍ഷക സ്‌നേഹം ആരും പ്രകടിപ്പിക്കേണ്ടെന്നു പറഞ്ഞ മന്ത്രി കെ.എം.മാണിയുടെ വാക്കുകള്‍ക്കെതിരെയാണ് സമിതിയുടെ പ്രതിഷേധം.മാണി കേരളത്തിന്റെ ശാപമാണെന്നാണ് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റിയന്‍ കൊച്ചുപുരയ്ക്കല്‍ അഭിപ്രായപ്പെട്ടത്.

മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്തു നടത്തിയ നയ വിശദീകരണ യോഗത്തിലാണ് മന്ത്രി കെ.എം. മാണിക്കെതിരെ അദ്ദേഹം തുറന്നടിച്ചത്. കസ്തുരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ ഓഫീസ് മെമ്മോറാണ്ടങ്ങള്‍ മാറി മാറി ഇറക്കിയും സര്‍ക്കാര്‍ ചെലവില്‍ മന്ത്രിമാര്‍ ഡല്‍ഹിയില്‍ പലതവണ പോവുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ്. .

ജില്ലയില്‍ പിടിമുറുക്കുന്ന പരിസ്ഥിതി മാഫിയയെ സഹായിക്കാനാണ് സര്‍ക്കാര്‍ പട്ടയ നടപടി അട്ടിമറിക്കുന്നത്. 1993ലെ ഭൂമി പതിവ് ചട്ടം അനുസരിച്ച് 25,581 ഹെക്ടര്‍ സ്ഥലത്തിന് പട്ടയം നല്‍കാന്‍ തടസമില്ല. പട്ടയത്തിന്റെ പേരില്‍ കര്‍ഷക സ്‌നേഹം പ്രകടിപ്പിക്കുന്ന സര്‍ക്കാരുകള്‍ 20 വര്‍ഷം കൊണ്ട് 2500 ഹെക്ടര്‍ സ്ഥലത്തെ 7000 കര്‍ഷകര്‍ക്ക് മാത്രമാണ് പട്ടയം നല്‍കിയത്. നാലേക്കര്‍ വരെ ഉപാധി രഹിത പട്ടയം നല്‍കുമെന്ന് റവന്യു മന്ത്രി ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ യാതൊരു സംഭവിച്ചില്ല.

കര്‍ഷകരെ വഞ്ചിച്ച സര്‍ക്കാരിനു നിലനില്‍ക്കാനുള്ള അവകാശമില്ലെന്നും ഫാ. സെബാസ്റ്റിയന്‍ കൊച്ചുപുരയ്ക്കല്‍ കുറ്റപ്പെടുത്തി. യോഗത്തില്‍ നെടുങ്കണ്ടം ജമാ അത്ത് ഇമാം മുഹമ്മദ് റഫീഖ് അല്‍ ഖാസിമി അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഫീഖ് മൗലവി അല്‍ കൗസരി മുഖ്യ പ്രഭാഷണം നടത്തി.

സി.കെ മോഹനന്‍, കെ.കെ ദേവസ്യാ, അഡ്വ. ജോയിസ് ജോര്‍ജ്, ഫാ. ജോസഫ് പാപ്പാടി, പി. കൃഷ്ണപിള്ള, ആര്‍. സുരേഷ്, ജോണ്‍സണ്‍ കൊച്ചുപറമ്പില്‍, ഫാ. ജോസഫ് പാറയ്ക്കല്‍, പി.എസ് ഷുക്കൂര്‍, രമേശ് മാത്യു, സി.എന്‍. രാമകൃഷണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തിനു മുന്നോടിയായി ടൗണില്‍ നടന്ന പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളും വ്യദ്ധരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

Scroll To Top