Sunday October 22, 2017
Latest Updates

കെ എം മാണിയുടെ അടുപ്പക്കാരെ തേടി വിജിലന്‍സ് എത്തുമെന്ന് സൂചനകള്‍ 

കെ എം മാണിയുടെ അടുപ്പക്കാരെ തേടി വിജിലന്‍സ് എത്തുമെന്ന് സൂചനകള്‍ 

കൊച്ചി:ധനമന്ത്രി കെ.എം. മാണിയുമായി തൊട്ടടുത്ത ബന്ധമുള്ള കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചതായി സൂചനകള്‍ .ഭരണകക്ഷിയിലെ തന്നെ ചിലരുടെ സമ്മര്‍ദം ഇക്കാര്യത്തില്‍ ഉള്ളതായാണ് പറയപ്പെടുന്നത്.

കെ എം മാണിയ്ക്ക് എതിരായി കോഴവിവാദം ഫലിച്ചെങ്കിലും ഉദ്ദേശിച്ച രീതിയില്‍ മന്ത്രി രാജി വെയ്ക്കാത്തതിനെ തുടര്‍ന്ന് അടുത്ത തന്ത്രങ്ങളിലേയ്ക്ക് ഇവര്‍ ചുവടു മാറ്റുകയാണത്രേ. ഏതൊക്കെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തുകയെന്ന വിവരം അതീവ രഹസ്യമായി സൂക്ഷിക്കുകയാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബാര്‍കോഴ കേസ് സര്‍ക്കാരിന്റെ പിടിയില്‍ നിന്നു പോകുന്നുവെന്ന സൂചനകള്‍ തന്നെയാണ് ഇപ്പോഴുമുള്ളത്.. വിജിലന്‍സ് മേധാവി വിന്‍സന്‍ എം പോള്‍ ശ്ക്തമായ നിലപാടെടുത്തു നില്‍ക്കുകയാണ്

മാണിയുടെ ബന്ധുക്കളുടെയോ ഉറ്റബന്ധം പുലര്‍ത്തുന്നവരുടെയോ വീടുകളും സ്ഥാപനങ്ങളും റെയ്ഡില്‍ പെടാം. കോഴ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശമുള്ള ബാറുടമകളുടെ വിവരങ്ങള്‍ വിജിലന്‍സ് വിഭാഗം ശേഖരിച്ചുകഴിഞ്ഞു. അവരുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് റെയ്ഡ് നടത്തേണ്ട ഇടങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

ക്വിക്ക് വെരിഫിക്കേഷനില്‍ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിശദ അന്വേഷണവുമായി മുന്നോട്ട് പോകാവൂവെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയോ പ്രലോഭനങ്ങള്‍ക്ക് വശംവദരാകുകയോ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം.

ഇതിനിടെ, വിന്‍സണ്‍ എം. പോളിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം നടക്കുന്നുണ്ട്. പക്ഷേ, ഈ ഘട്ടത്തില്‍ അദ്ദേഹത്തെ മാറ്റിയാല്‍ അതു സര്‍ക്കാരിനാകെ മാനക്കേടുണ്ടാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വത്തിനു ഭയമുണ്ട്.

വിജിലന്‍സ് ഡയറക്ടറായി പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയായ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബിനെ നിയമിക്കാന്‍ നീക്കമുണ്ടായി. എന്നാല്‍, ഈ സ്ഥാനം ഏറ്റെടുക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് അലക്‌സാണ്ടര്‍ ജേക്കബ് അറിയിച്ചതോടെ നീക്കം പാളുകയായിരുന്നു.

സ്ഥാനത്തു നിന്നു മാറ്റിയാല്‍ വിന്‍സന്‍ എം പോള്‍ ദീര്‍ഘ അവധിയില്‍ പോയേക്കുമെന്നും സംശയമുണ്ട്.

Scroll To Top