Friday February 24, 2017
Latest Updates

കൂടിയ ശമ്പള നിരക്കും, യാഥാര്‍ഥ്യങ്ങളും :ഒരു പഠനം 

കൂടിയ ശമ്പള നിരക്കും, യാഥാര്‍ഥ്യങ്ങളും :ഒരു പഠനം 

ലോകത്താകമാനം രൂപപ്പെട്ട സാമ്പത്തിക പ്രതിഭാസം മൂലധനശക്തികളെ പിടിച്ചുലച്ചു എന്നത് വാസ്തവമാണ്. ഇനിയും കരകയറാന്‍ കഴിഞ്ഞിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചു എന്നു വരുത്തി തീര്‍ക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങളാണ് മൂലധനം കൈയ്യാളുന്നവര്‍ സ്വീകരിച്ചു പോരുന്നത്.ഇതിന്റെ ഭാഗമായി വിവിധതോതിലുള്ളമോഹനവാഗ്ദാനങ്ങളാണ് പൊതുസമൂഹത്തിന്റെ മുന്നില്‍ വിവിധ സര്‍ക്കാര്‍സര്‍ക്കാരിതര ഏജന്‍സികള്‍ അവതരിപ്പിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഏതൊരു തൊഴിലാളിയേയും തൊഴില്‍ദാതാവിനേയും ഒരേപോലെ ഗുണകരമാണെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് പുത്തന്‍മധുരം പൊതിഞ്ഞുവച്ചിരിക്കുന്നത്.

അയര്‍ലണ്ടില്‍ കൂടിയ ശമ്പളനിരക്കില്‍ സന്തോഷിക്കുന്ന ചെറിയ ഒരുവിഭാഗമുണ്ടെങ്കിലും യാഥാര്‍ഥ്യങ്ങള്‍ അതിനുമപ്പുറത്താണ്. അയര്‍ലണ്ടിലെ വിവിധ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ പുറപ്പെടുവിച്ച റിപ്പോര്‍ട്ട് പ്രകാരംനിലവിലുള്ള വിവിധ ജോലികളുടെ കൂടിയ ശമ്പളം വര്‍ദ്ധിപ്പിച്ചിട്ടുണ്ട് . സര്‍ക്കാര്‍ നല്‍കുന്ന വിവിധ പരസ്യങ്ങളിലും പ്രധാന പ്രചാരണം ശമ്പളനിരക്കിലെ വര്‍ദ്ധന സാമ്പത്തിക മുന്നേറ്റത്തിന്റെ കാലത്തേതിന് ഒപ്പമെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ്. യഥാര്‍ത്ഥ വസ്തുത പരിശോധിച്ചാല്‍ ഇത് ശരിയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും സാമ്പത്തിക മാന്ദ്യം അതിജീവിക്കാനുള്ള നെട്ടോട്ടത്തില്‍ ഒരു സാധാരണ തൊഴിലാളി സ്വീകരിച്ചുപോരുന്ന മാര്‍ഗ്ഗം ഏതെന്നു ബോദ്ധ്യമായാല്‍ മാത്രമേ ഇതിനുള്ളില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന പൊള്ളത്തരം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. 

ഉദാഹരണത്തിനായി ഇവിടെ കൊടുത്തിരിക്കുന്ന ചാര്‍ട്ട് പ്രകാരം വിവിധജോലികളുടെ മൂന്നുതരം ശമ്പള വ്യവസ്ഥ വിവരിക്കുന്നുണ്ട്. സാമ്പത്തിക മുന്നേറ്റം നിലനിന്നിരുന്ന 2007 കാലത്തും, സാമ്പത്തിക മാന്ദ്യം ലോകത്താകമാനം നടമാടിയ 2010ലും, സാമ്പത്തികമാന്ദ്യം മാറി എന്നവകാശപ്പെടുന്ന 2014ലേതും.SALARIES

സാമ്പത്തിക മാന്ദ്യ കാലത്ത് സര്‍ക്കരിതര മേഖലയില്‍ 30%40% വരെ ആളുകളുടെ ജോലി നഷ്ടപ്പെടുകയോ, ജോലിമാറ്റം അനിവര്യമാവുകയോ ചെയ്തിട്ടുണ്ട് എന്നാണ് പഠനങ്ങള്‍. അങ്ങിനെ പുതുതായി ജോലിക്കു ചേര്‍ന്നവരുടെ അവസ്ഥ പരിശോധിച്ചാല്‍ 30%-40% വരെ ആളുകള്‍ സാമ്പത്തിക മുന്നേറ്റമുണ്ടായിരുന്ന 2007 കാലത്തേതിലും താഴ്ന്ന വേതന വ്യവസ്തയിലാണ്‍ ജോലിക്ക് കയറുകയോ ജോലിമാറ്റം നേടുകയോ ചെയ്തിട്ടുള്ളത് എന്നു മനസ്സിലാക്കാന്‍ കഴിയും.

എക്‌സിക്യൂട്ടീവ് പി. എ തസ്തിക ഒരു ഉദാഹരണമായി എടുത്താല്‍, 2007 ലെ ശമ്പള നിരക്ക് 30,000-40,000 വരെ ആയിരുന്നത് സാമ്പത്തിക മാന്ദ്യ കാലത്ത് 28,000-55,000 ആയി കുത്തനെ ഇടിയുകയും അതു നിലവില്‍ 25,000-55,000 ആയി കൂപ്പുകുത്തുകയുമാണു ചെയ്തിരിക്കുന്നത്. റീജോയിന്റ് സ്‌കീമില്‍ നിരവധി ആളുകള്‍ ജോലിക്കു കയറിയ നിരവധിപേരെ ബാധിച്ച വെട്ടിച്ചുരക്കല്‍ എന്ന പ്രതിഭാസത്തിനു പുറമെയാണിത് എന്നോര്‍ക്കണം.

ചാര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്ന ഏറ്റവും ഉയര്‍ന്ന ശമ്പളസ്‌കെയിലിന്റെ സ്ഥിതിയും ഇതു തന്നെ എന്നു കാണാം.

ലോകത്താകമാനം സാമ്പത്തികമൂലധന ശക്തികള്‍ക്ക് തിരിച്ചടി നേരിട്ട സാമ്പത്തിക പ്രതിസന്ധിയില്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെട്ടത് സാധാരണ തൊഴിലാളി വര്‍ഗ്ഗത്തെയാണ്. എന്നാല്‍ മുതലാളികളാകട്ടെ കുത്തനെ ആസ്തി വര്‍ദ്ധിപ്പുന്ന കാഴ്ചയാണ് എങ്ങും കാണാന്‍ കഴിഞ്ഞത്. ലോകത്തിലെ 100 സമ്പന്നരുടെ പട്ടികയില്‍ 2005 ലെ സ്വത്തും ലാഭവും നിലവിലെ സ്വത്തും ലാഭവും പരിശോധിച്ചാല്‍ ഇതു വ്യക്തമാകും.

പട്ടിക ബി യില്‍ കാണുന്നതുപോലെ പ്രമുഖരായ 10 പേരുടെ വിവരങ്ങളില്‍ നിന്നും ലോകത്തിലെ സാമ്പത്തിന്റെ ഏകീകരണം അനുമാനിക്കാവുന്നതാണ്.billionaire

ഐ ടി മേഖലയില്‍ അല്ലാത്ത പ്രമുഖ ബിസ്സിനസ്സുകാരുടെയെല്ലാം ആസ്തി കുത്തനെ വര്‍ദ്ധിച്ചിരിക്കുന്നതായാണു പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. പ്രമുഖ വ്യവസായിആയ അമാന്‍ഷ്യോ ഓട്ട്ഗാ 2000 ല്‍ 5.3 ബില്ല്യണ്‍ ഡോളറുമായി വ്യവസായം വിപുലപ്പെടുത്തി, ഇന്ന് അദ്ദേഹത്തിന്റെ കമ്പനി ആസ്തി 64.1 ബില്യണ്‍ ഡോളറില്‍ എത്തിനില്ക്കുന്നത്  സ്‌തോഭജനകം തന്നെ.

ചുരുക്കത്തില്‍ ബഹുവര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ് നമ്മുടേ തീന്‍മേശയിലേക്കു തരുന്ന ഭക്ഷണങ്ങള്‍ ചുട്ടുപൊള്ളുന്നതാണെന്നും, അതു നമ്മുടെ അന്നനാളം കടന്ന് ആമാശയവും വെന്തുവെണ്ണീറാക്കാന്‍ പോന്ന കരുത്തുള്ളതാണെന്നും അറിയാന്‍ കുറച്ചുകാലം കൂടെ വേണ്ടിവന്നേക്കും. അപ്പോളേക്കും ലോകസമ്പത്തില്‍ നിലവിലുള്ള ചുരുങ്ങിയ ശതമാനം കൂടെ ശതകോടീശ്വരന്മാരില്‍ എത്തിയിട്ടുണ്ടാകും. സര്‍ക്കരുകള്‍ അവര്‍ക്കുവേണ്ടി കുടപിടിക്കുന്ന കാലത്തോളം.

-രാജന്‍ ചിറ്റാര്‍ 
(രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകനായ രാജന്‍ ചിറ്റാര്‍ ലിമറിക്കില്‍ താമസിക്കുന്നു.ഒട്ടേറെ കവിതകള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം പത്തനതിട്ട ചിറ്റാര്‍ സ്വദേശിയാണ്) 


Scroll To Top