Friday April 28, 2017
Latest Updates

കുറുപ്പംപടിയില്‍ ഒരു ക്രിസ്തുമസ് പ്രഭാതത്തില്‍…..

കുറുപ്പംപടിയില്‍ ഒരു ക്രിസ്തുമസ് പ്രഭാതത്തില്‍…..

ഒരു ക്രിസ്മസ് പ്രഭാതം. കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ ക്രിസ്മസ് കുര്‍ബാനക്ക് ശേഷം ഇടവകക്കാരുമായി സംസാരിച്ചു നില്‍ക്കുന്ന സമയത്താണ് അയാള്‍ എന്റെ മുന്നിലെത്തിയത്. കണ്ണുകളില്‍ ദൈന്യം നിഴലിച്ച് ഒരു വടിയും കുത്തി അയാള്‍ ഏറെ നേരം എന്നെ കാത്തു നിന്നു. ശരീരത്തിന്റെ ഒരു ഭാഗം സ്വാധീനമില്ലാത്ത ആളാണെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. ആളുകള്‍ പോവും വരെ അയാള്‍ എന്നെ കാത്തു നിന്നു. ഞാന്‍ അയാളുടെ അടുത്ത് ചെന്നപ്പോള്‍ അയാളുടെ നയനങ്ങളില്‍ നിന്ന് ധാരധാരയായി കണ്ണുനീര് ഒഴുകുന്നുണ്ടായിരുന്നു. അയാളെന്നോട് പറഞ്ഞു.
‘അച്ഛാ ഇന്നാണ് മരുന്ന് വാങ്ങേണ്ട ദിവസം. ഇന്നലെത്തോടെ മരുന്ന് തീര്‍ന്നു പോയി’
ഏതോ വീട്ടുകാരുടെ കരുണകൊണ്ട് മാത്രം നേരത്ത് ഭക്ഷണം കഴിക്കുന്ന അദ്ദേഹത്തിന്റെ ഏക ചെലവ് മരുന്നിനുള്ള പണമാണെന്ന് എനിക്ക് മനസ്സിലായി.
ഞാന്‍ ളോഹയുടെ കീശയില്‍ നിന്ന് പേഴ്‌സെടുത്തു. ആകെ 85 രൂപയാണുണ്ടായിരുന്നത്. 80 രൂപ അയാള്‍ക്ക് കൊടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു.
‘ധൈര്യമായി പൊയ്‌ക്കോളൂ. ഞാന്‍ പ്രാര്‍ത്ഥിക്കാം’
ഉച്ചയൂണ് കഴിഞ്ഞ് വീണ്ടും പള്ളി മുറ്റത്ത് എത്തിയപ്പോള്‍ അതേ ആളുണ്ട് മുറ്റത്ത് വീണ്ടും.
‘അച്ഛാ, ദേ 35 രൂപയേ മരുന്നിനായുള്ളൂ. ബാക്കി 45 രൂപ ഇതാ.അച്ഛന് മറ്റേതെങ്കിലും ആവശ്യക്കാരെ സഹായിക്കാമല്ലോ’
ഞാന്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി. അവിടെ ദൈന്യത ഉണ്ടായിരുന്നില്ല. പ്രകാശം മാത്രം. സന്തോഷത്തിന്റെ ദിവ്യമുഖം പോലെ അതു തിളങ്ങി. എനിക്കയാളെ. ആശ്ലേഷിക്കാതിരിക്കാ
ന്‍ ആവുമായിരുന്നില്ല. ഞാന്‍ പറഞ്ഞു.
‘സഹോദരാ, ഞാനിവിടെ ഉള്ളത്ര കാലം മരുന്നിനാകുന്ന ചെലവ് മുഴുവന്‍ ഞാനെടുത്തോളാം’.
ഇന്നും ആ ക്രിസ്മസ് എനിക്ക് ഒരു ഓര്‍മയും കടപ്പാടുമാണ്. ഇല്ലായ്മയിലും മറ്റുള്ള ആവശ്യക്കാരെ കാണാന്‍ തയ്യാറായ ആ പാവത്താന്റെ മുഖം നമുക്ക് എത്ര പേര്‍ക്കുണ്ട്. നമ്മള്‍ പങ്കുവെക്കാന്‍ തയ്യാറാവുന്നില്ല എന്നതാണ് സത്യം. ഇല്ലായ്മയുടെ കഥ പറയാനാണ് നമുക്ക് താത്പര്യം.
ബത്‌ലഹേമില്‍ യേശുകുഞ്ഞിനെ ഉടുപ്പിക്കാന്‍ മറിയം കണ്ടെത്തിയ കീറ്റുചീല അവര്‍ക്ക് ആരെങ്കിലും ദാനം കൊടുത്തതാവുമെന്നാണ് എന്റെ വിചാരം. ചാണകം മണക്കുന്ന ആ തൊഴുത്തില്‍ വന്ന ആട്ടിടയന്മാരില്‍ ആരുടെയെങ്കിലും സംഭാവനയാവുമത്. ആ കീറ്റുചീല ഉടുത്ത ദൈവപുത്രന് കുരിശോളം കൂട്ട് ദാരിദ്ര്യമായിരുന്നു.
ഇന്ന് തിന്നും കുടിച്ചും അലങ്കരിച്ചും നാം ക്രിസ്തുമസ് ആഘോഷിക്കുന്ന സമയത്ത് നാം കാട്ടുന്ന ധാരാളിത്തത്തില്‍ എവിടെയാണ് നാം എളിമപ്പെടുന്നത് എന്ന് ഓര്‍ക്കണം. പൊന്നും മീറയും കുന്തിരിക്കവുമായി വന്ന രാജാക്കള്‍ മുട്ടുമടക്കിയതു പോലെ നാം മുട്ടുമടക്കി അവനെ കാണുന്നില്ലെങ്കില്‍ നമ്മുടെ ക്രിസ്മസ് അര്‍ത്ഥ ശൂന്യമാവും. എളിമയുടെ കീറ്റുചീല ധരിക്കാതെ പുതുമകളാഘോഷിച്ചാല്‍ നമുക്ക് പൈതൃകത്തിന്റെ തനിമ നഷ്ടപ്പെടുകയാണെന്നോര്‍ക്കണം.fr thomas

വളര്‍ച്ചയുടെയും വികസനത്തിന്റെയും നേട്ടങ്ങളുമായി കാലസരണിയിലൂടെ നമ്മളൊരുപാടു മുന്നേറി. പരസ്യങ്ങളുടെ നിറപ്പകിട്ടാര്‍ന്ന ഒരു നാല്‍ക്കവലയില്‍ അനുഗ്രഹങ്ങളുടെ മധ്യത്തിലാണിന്നു നമ്മുടെ സമൂഹം. അനുഗ്രഹങ്ങളുടെ ധാരാളിമയില്‍ എളിമയുടെ മാര്‍ഗ്ഗം അന്വേഷിക്കുവാന്‍ ആരുണ്ട്? വീടുണ്ടാക്കുമ്പോഴും വിവാഹം നടത്തുമ്പോഴും എന്തിനധികം മരണവേളകള്‍ പോലും ഗര്‍വ്വിന്റെ വേദികളാക്കുന്ന നാം പഠിക്കേണ്ടത് ഉണ്ണിയേശുവിന്റെ ബത് ലഹേമിലെ കാലിത്തൊഴുത്തില്‍ നിന്നാണ്. .ആ ദര്‍ശനം ഇനിയുള്ള എളിമയുടെ വഴികളില്‍ നമുക്കു പ്രകാശമേകട്ടെ…എല്ലാവര്‍ക്കും ക്രിസ്തുമസിന്റെ മംഗളാശംസകള്‍ നേരുന്നു .

ഫാ തോമസ് പുതിയാ മഠത്തില്‍

Scroll To Top