Thursday October 18, 2018
Latest Updates

കുറഞ്ഞ വരുമാനക്കാരുടെയും ഇടത്തരക്കാരുടെയും പോക്കറ്റ് നിറയ്ക്കുന്ന ബജറ്റ്, ‘ഹെല്‍പ് ടു ബൈ ‘ സ്‌കീമിന് ബദല്‍ പദ്ധതിയ്ക്ക് ബദലില്ല

കുറഞ്ഞ വരുമാനക്കാരുടെയും ഇടത്തരക്കാരുടെയും പോക്കറ്റ് നിറയ്ക്കുന്ന ബജറ്റ്, ‘ഹെല്‍പ് ടു ബൈ ‘ സ്‌കീമിന് ബദല്‍ പദ്ധതിയ്ക്ക് ബദലില്ല

ഡബ്ലിന്‍ : കുറഞ്ഞ വരുമാനക്കാരുടെയും ഇടത്തരക്കാരുടെയും പോക്കറ്റ് നിറയ്ക്കുന്ന ബജറ്റാണ് ധനമന്ത്രി പാസ്‌കല്‍ ഡോണോഹു അവതരിപ്പിച്ചത്.എന്ന് അവകാശപ്പെടുമ്പോഴും കുടിയേറ്റക്കാര്‍ അടക്കമുള്ള മധ്യവര്‍ഗ വരുമാനക്കാര്‍ക്ക് നിരാശയാണ് ഇന്നത്തെ ഐറിഷ് ബജറ്റ് സമ്മാനിക്കുന്നതെന്ന് വിലയിരുത്തല്‍.

ഏറെ പദ്ധതികള്‍ പ്രതീക്ഷിച്ചിരുന്ന ഭവനമേഖലയിലെ ആവശ്യക്കാര്‍ കരുതിയിരുന്നത് പോലെ ധനമന്ത്രി ആനുകൂല്യങ്ങള്‍ ഒന്നും വാരി വിതറിയില്ല.നിലവില്‍ ടാക്‌സ് ക്രഡിറ്റ് ലഭിക്കുന്ന ‘ഹെല്‍പ് ടു ബൈ ‘സ്‌കീമിനെ കുറിച്ച് ഒരക്ഷരം ധനമന്ത്രി ബജറ്റില്‍ പറഞ്ഞില്ല.അഞ്ച് ലക്ഷം യൂറോ വരെ വിലയുള്ള വീട് വാങ്ങുന്നവര്‍ക്ക് 5 ശതമാനം സബ്സിഡി ടാക്‌സ് ബാക്കായി ലഭിക്കുന്ന ഈ പദ്ധതി അയര്‍ലണ്ടുകാരെ വീടെന്ന സ്വപ്നത്തിലേക്ക് എത്തിച്ചിരുന്നു.2019 ഡിസംബറില്‍ ഈ സ്‌കീം അവസാനിക്കും.സ്വാഭാവികമായും അതിനൊരു ബദല്‍ പദ്ധതി പ്രതീക്ഷിച്ചിരുന്നവരൊക്കെ നിരാശരായി.

സോഷ്യല്‍ ഹൗസിങ് നിര്‍മ്മാണത്തിനായി കൂടുതല്‍ തുക നീക്കിവെയ്ക്കുകയും,കൂടുതല്‍ വീടുകള്‍ പണിയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മലയാളികളടക്കമുള്ള മധ്യവര്‍ഗ വരുമാനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കാന്‍ സാധ്യതയില്ല.ഈ ബജറ്റില്‍ 121 മില്യണ്‍ യൂറോ നീക്കിവച്ചിരിക്കുന്ന ഹൗസിങ് അസിസ്റ്റന്റ് പേയ്മെന്റും നഴ്‌സുമാരടക്കമുള്ള ജീവനക്കാര്‍ക്ക് ലഭിക്കില്ല.പക്ഷെ താഴ്ന്ന വരുമാനക്കാര്‍ക്കും സോഷ്യല്‍ ഹൗസിങ് പ്രതീക്ഷിച്ചിരുക്കുന്നവര്‍ക്കും ബജറ്റ് പ്രഖ്യാപനങ്ങള്‍ ഗുണകരമാവും.

അഫോഡബിള്‍ ഹൗസിംഗ് മേഖലയില്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം പക്ഷെ ആശാവഹമാണ്.മാര്‍ക്കറ്റ് വിലയില്‍ നിന്നും 40 ശതമാനം വരെ വില കുറച്ച് നല്‍കുമെന്ന് പറയുന്ന വീടുകള്‍ എപ്പോള്‍ പണി ആരംഭിക്കുമെന്ന സൂചനകള്‍ ബജറ്റിലില്ല.അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 6000 വീടുകളാണ് അഫോഡബിള്‍ ഹൗസിംഗ് മേഖലയില്‍ പണിയാന്‍ ലക്ഷ്യമിടുന്നത്.വ്യക്തിഗതമായി അമ്പതിനായിരം യൂറോ വരെയും,ദമ്പതികള്‍ക്ക് 75000 യൂറോ വരെയും വരുമാനപരിധി ആണെങ്കില്‍ ഈ സ്‌കീമില്‍ അപേക്ഷിക്കാനാവും.

ഫാ, പീറ്റർ മാക്  വെറിയുടെ ഹൗസിങ് ചാരിറ്റി  അടക്കമുള്ളവർ ബജറ്റിനെ സ്വാഗതം ചെയ്തു.

നഴ്സുമാരുടെ ശമ്പള/ അലവന്‍സ് പരിഷ്‌കരണം പേ കമ്മിഷന്‍ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് നടപ്പാക്കും എന്ന് പ്രഖ്യാപിച്ച ബജറ്റില്‍ റിക്രൂട്ട്‌മെന്റിനായി പുതിയ പദ്ധതികള്‍ ഒന്നുമില്ല എന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ് (യുഎസ്സി)യില്‍ കുറവ് വരുത്തിയതും .തൊഴിലുടമയുടെ പി.ആര്‍.എസ്ഐ. പ്രതിവാരവിഹിത പരിധി ഉയര്‍ത്തിയതും ദിവസവേതനം വര്‍ധിപ്പിച്ചതും സ്വയം തൊഴില്‍സംരംഭകരുടെ ഏണ്‍ഡ് ഇന്‍കം ക്രെഡിറ്റ് ഉയര്‍ത്തിയതും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതുമെല്ലാം ബജറ്റിനെ സാധാരണക്കാര്‍ക്ക് പ്രിയങ്കരമാക്കുന്നതാണ്.

സര്‍ക്കാരിന്റെ ജനപ്രിയത ഉയര്‍ത്തുന്നതിനുള്ള പൊടിക്കൈകളാണ് ബജറ്റിന്റെ കാതല്‍.

യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ് (യുഎസ്സി)യില്‍ കുറവ് വരുത്തുന്നത് താഴ്ന്ന വരുമാനക്കാര്‍ക്കായുള്ള പ്രധാന മാറ്റമാണ്. ഈ മാറ്റങ്ങള്‍ 2019 ജനുവരി 1 മുതല്‍ ബാധകമാകും.താഴ്ന്ന- ഇടത്തരം വരുമാനക്കാര്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കുന്നതിന് യുഎസ്സിയുടെ താഴ്ന്ന നിരക്ക് 4.75 ല്‍ നിന്നും 4.5 ശതമാനമായി കുറയ്ക്കുമെന്ന് മന്ത്രി പാസ്‌കല്‍ ഡോണോഹു പ്രഖ്യാപിച്ചു.

യുഎസ്സിയുടെ രണ്ടാം നിരക്ക് 19,372 യൂറോയില്‍ നിന്ന് 19,874 യൂറോ ആയി ഉയര്‍ത്തി.മുഴുവന്‍ സമയ തൊഴിലാളിയുടെ മിനിമം വേതനം യുഎസ്സിയുടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാക്കുന്നതിനാണ് ഇത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

മിനിമം വേതന വര്‍ധനയും പ്രഖ്യാപിച്ചു.മണിക്കൂറിന് 9.80 യൂറോ.2019 ജനുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തി 20,000 യൂറോ നേടിയാലും14 യൂറോയെന്ന യുഎസ്സി സേവിംഗ്സ് ലഭിക്കും.സ്വയം തൊഴില്‍സംരംഭകരുടെ ഏണ്‍ഡ് ഇന്‍കം ക്രെഡിറ്റില്‍ 200 യൂറോയുടെ പ്രയോജനം നല്‍കിയിട്ടുണ്ട്, ഇത് 150,000 തൊഴിലാളികള്‍ക്ക് ഗുണകരമാകുമെന്ന് ഡോണോഹു പറയുന്നു.

അടുത്ത മാര്‍ച്ചു മുതല്‍ എല്ലാ ശിശു ക്ഷേമപദ്ധതികളിലും സര്‍ക്കാര്‍ 5 യൂറോയുടെ വര്‍ധന പ്രഖ്യാപിക്കും. ചൈല്‍ഡ് ബെനഫിറ്റ് 5 യൂറോ വര്‍ദ്ധിക്കും.

മാതാപിതാക്കള്‍ക്ക് നിലവിലുള്ള മെറ്റേണിറ്റി ബെനഫിറ്റിനു പുറമേ അവരുടെ കുട്ടികള്‍ പിറന്നതിന് ശേഷമുള്ള ആദ്യ വര്‍ഷം രണ്ടാഴ്ചക്കുള്ള അധിക ശമ്പള ആനുകൂല്യങ്ങള്‍ ലഭിക്കും.

ഹോസ്പിറ്റാലിറ്റി മേഖലയിലെ 50 ശതമാനം നികുതി വര്‍ധന ഹോട്ടല്‍ താമസത്തെയും ഭക്ഷണത്തേയും പോലും ബാധിക്കുന്നതാണ്.

സിഗററ്റിനു പുകവലിക്കാര്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. വി.ആര്‍.ടി. ബാന്‍ഡുകളിലായി ഡീസല്‍ വാഹനങ്ങള്‍ക്ക് 1 ശതമാനം സര്‍ചാര്‍ജും ചുമത്തിയിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top