Monday February 20, 2017
Latest Updates

കുമാര്‍ വിശ്വാസും, മെലിഞ്ഞ നേഴ്‌സുമാരും,കുറേ അസാധാരണക്കാരും

കുമാര്‍ വിശ്വാസും, മെലിഞ്ഞ നേഴ്‌സുമാരും,കുറേ അസാധാരണക്കാരും

സാധാരണക്കാരന് വേണ്ടി സാധാരണക്കാരാല്‍ നിര്‍മിക്കപ്പെട്ട് സാധാരണക്കാര്‍ നയിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ താരോദയമാണ് ആം ആദ് പാര്‍ട്ടി. നിര്‍വചനം ധ്വനിപ്പിക്കുന്നത് പോലെ പാര്‍ട്ടിയുടെ എല്ലാ നയനിലപാടുകള്‍ക്കും ഒരു തരം സാധാരണച്ചുവയുണ്ടാകും. ആ ചുവ പക്ഷേ അസാധാരണക്കാരായി മാത്രം ജീവിക്കുന്ന ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിനും നേതൃത്വത്തെ അന്ധമായി അനുകരിക്കുന്ന വിനീത വിധേയരായ അണികള്‍ക്കും അത്രയ്ക്കങ്ങ് പിടിക്കില്ല.

അതു കൊണ്ടാണ് ഈ സാധാരക്കാരായ നേതൃത്വം പറയുന്ന ചില മഹദ്വചനങ്ങള്‍ രാഷ്ട്രീയ ശത്രുക്കള്‍ വലിയ വിവാദങ്ങളാക്കുന്നത്. വിവാദങ്ങളില്‍ നിന്ന് മുക്തരെന്ന് സ്വയം വിശേഷിപ്പിക്കുന്ന പാര്‍ട്ടി നേതൃത്തിലെ പ്രമുഖനായ ഭരത് ഭൂഷണ്‍ ഈയിടെ പറഞ്ഞ കാശ്മീരിലെ ഹിതപരിശോധനാ പരാമര്‍ശം ദോഷൈക ദൃക്കുകളായ ചില രാഷ്ട്രീയ അസാധാരണക്കാര്‍ വലിയ പുകിലാക്കി. എന്നിട്ടെന്തുണ്ടായി അത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന ‘സാധാരണ’ ന്യായം പറഞ്ഞ് പാര്‍ട്ടി രക്ഷപ്പെട്ടില്ലേ?

അപ്പോള്‍ ദേ വരുന്ന അടുത്ത കുരിശ്. കുമാര്‍ വിശ്വാസാണ് പുതിയ മഹദ്വചനവുമായി മുന്നോട്ട് വന്നിരിക്കുന്ന സാധാരണക്കാരന്‍. അദ്ദേഹം പറഞ്ഞതിത്ര മാത്രം. കേരളത്തിലെ നഴ്‌സുമാര്‍ കറുത്ത മെലിഞ്ഞവരാണ്. അവരെ കാണുമ്പോള്‍ മറ്റു വികാരങ്ങളൊന്നും തോന്നാത്തതു കൊണ്ട് അവരെ അറിയാതെ സിസ്റ്റേഴ്‌സ് എന്ന് വിളിച്ചു പോകും,. ഇത് നഴ്‌സ് വര്‍ഗത്തെ തന്നെ അപമാനിക്കലായെന്നാണ് അവര്‍ കൊട്ടിഗ്‌ഘോഷിക്കുന്നത്. ഇവര്‍ക്കെന്തറിയാം സാധാരണക്കാരനായ ഒരു മനുഷ്യന്‍ സാധാരണമായ ഒരു കാര്യം സാധാരണമായ ഒരു ഭാഷയില്‍ പറഞ്ഞത് ഇവര്‍ക്ക് തിരയാതെ പോയതിന് എന്തു ചെയ്യും?

മാത്രമല്ല നഴ്‌സുമാരാകുന്ന അസാധാരണക്കാര്‍ ഈ സാധാരണക്കാരനായ നേതാവിനെതിരെ കൂടുതല്‍ തെളിവുകളുമായി രംഗത്തു വന്നിരിക്കയാണ്. പണ്ട് പണ്ട് ടിയാന്‍ ലൈംഗികച്ചുവയുള്ള പരാമര്‍ശവുമായി നഴ്‌സുമാര്‍ക്കെതിരെ രംഗത്ത് വന്നിരുന്നത്രെ. അന്ന് കേരളത്തിലെ നഴ്‌സുമാരെ അറിയാതെ സിസ്റ്ററെന്നു വിളിച്ചു പോകുമെന്ന് പറഞ്ഞ ടിയാന്‍ ഉത്തരേന്ത്യയിലെ നഴ്‌സുമാരെ കണ്ടാല്‍ രോഗമില്ലാത്തവര്‍ പോലും ആശുപത്രിയിലേക്ക് വരുമെന്ന് പറഞ്ഞിരുന്നത്രെ. ഈ വികാരങ്ങളും ചിന്തകളുമൊക്കെ എന്താ സാധാരണക്കാരന് പാടില്ലെന്നുണ്ടോ?

2010ല്‍ എന്‍ഐഎഫ്ടി ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്ത ഈ വീഡിയോ ആണ് ഇപ്പോള്‍ വലിയ തെളിവായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് കേരളത്തിലെ ചില മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതോട് കൂടി ദേശീയ മാധ്യമങ്ങള്‍ കൂടി ഇതേറ്റെടുത്തിരിക്കയാണ്. മാത്രമല്ല യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും വിഷയത്തില്‍ ഇടപെടുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. വിശ്വാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യുഎന്‍എ നേതാവ് ജാസ്മിന്‍ഷാ പറഞ്ഞു കഴിഞ്ഞു. കുമാര്‍ വിശ്വാസ് തന്നെ മോഡിയെ പ്രകീര്‍ത്തിച്ച് കവിത ചൊല്ലുന്ന ഇവര്‍ പ്രശ്‌നമാക്കുന്നുണ്ട്.
ഇതിന്റെ ഒക്കെ ഉത്തരം പാര്‍ട്ടി ആദ്യമേ പറഞ്ഞു വെച്ചിട്ടുണ്ട്. ഇത് സാധാരണക്കാരന്റെ പാര്‍ട്ടിയാണ്. സാധാരണക്കാരന്റെ ചില സാധാരണ വര്‍ത്തമാനങ്ങള്‍ ഈ അസാധാരണക്കാര്‍ക്ക് മനസ്സിലാകില്ല. പ്രത്യേകിച്ച് സ്ത്രീകളും സ്ത്രീസംബന്ധമായ വിഷയങ്ങളിലും പാര്‍ട്ടിക്ക് കുറച്ച് കൂടെ സാധാരണമായ നിലപാടുകളുണ്ട്. അതാണ് ആഫ്രിക്കന്‍ വനിതകള്‍ക്കെതിരെ ഡല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതി ഈയിടെ വംശീയ അധിക്ഷേപം നടത്തിയത്.
ആത്മാര്‍ത്ഥതയുള്ള ആം ആദ്മിക്കിനി ഒറ്റ വഴിയേ ഉള്ളൂ. എല്ലാം ഒരു മാറ്റമാണെന്ന് കരുതുക. ഈ മാറ്റത്തിലൂടെ അഴിമതി, സ്വജനപക്ഷപാതിത്വം, കൈക്കൂവലി, അവസരവാദപരമായ നയനിലപാടുകള്‍ തുടങ്ങി ജനാധിപത്യത്തിന്റെ സര്‍വ്വ ദുസ്സാധ്യതകളും കൊടികുത്തി വാഴുന്ന ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തെ മാമോദീസ മുക്കി പരിശുദ്ധയാക്കി വാഴ്ത്തി ഇന്ത്യക്ക് പുതിയൊരു പ്രഭാതം കൈവരുന്നത് സ്വപ്നം കാണുക മാത്രം ചെയ്യുക. നമ്മുടെ പാര്‍ട്ടി അഥവാ സാധാരണക്കാരുടെ പാര്‍ട്ടി വിവാദങ്ങളും പ്രസ്താവനകളുമായി എല്ലാം സാധാരണ പോലെ തന്നെയങ്ങ് നടത്തട്ടെ …

-ഗ്രേസ്

Scroll To Top