Tuesday September 19, 2017
Latest Updates

കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി അറസ്റ്റിലായി 

കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി അറസ്റ്റിലായി 

പാലക്കാട്: മൂന്നു വര്‍ഷമായി കേരള പൊലീസിനെ വട്ടംചുറ്റിക്കുന്ന പിടികിട്ടാപ്പുള്ളി ആട് ആന്റണി പാലക്കാട്ട് തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്ന ഗോപാലപുരത്തുനിന്നു പിടിയിലായി.

ഇന്ന് വെളുപ്പിനാണ് ഇയാള്‍ പിടിയിലായത്. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ പൊലീസുകാരനെ കുത്തിക്കൊന്നതുള്‍പ്പെടെ ഇരുനൂറിലധികം കേസുകളിലെ പ്രതിയാണ് ആട് ആന്റണി.അടുത്തിടെയാണ് പാലക്കാട് ഇയാള്‍ക്ക് രണ്ട് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ഇതില്‍ ഗോപാലപുരത്തുള്ള സ്ത്രീയുടെ വീട്ടില്‍ ആന്റണി സ്ഥിരമായി എത്തുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പാലക്കാട് പോലീസിലെ പ്രത്യേക സംഘം നിരീക്ഷണം നടത്തുകയും ആട് ആന്റണിയാണെന്ന് വ്യക്തമായ സൂചനയോടെ തന്നെ വലവിരിച്ച് പിടികൂടുകയായിരുന്നു.

ചിറ്റൂരില്‍ രഹസ്യകേന്ദ്രത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്. തുടര്‍ന്ന് കൊല്ലം പൊലീസിനു കൈമാറും.

വര്‍ഗ്ഗീസ് എന്നാണ് യഥാര്‍ഥ പേര്.2012ല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് മണിയന്‍പിള്ളയെ കുത്തിക്കൊന്ന കേസിലടക്കം നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാകുന്നത്.

ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ട്. ഇരുപതോളം സ്ത്രീകളെ വിവാഹം കഴിച്ചിരുന്നു. മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ ഇയാള്‍ ഉണ്ടെന്ന് പൊലീസിനു വ്യക്തമായ സൂചന കിട്ടിയിരുന്നു.സൂസന്‍ എന്ന സ്ത്രീയുമൊപ്പമാണ് ഇവിടെ കഴിഞ്ഞിരുന്നത്.

പൊലീസ് എത്തിയപ്പോള്‍ സൂസനെ ഉപേക്ഷിച്ച് ആന്റണി മുങ്ങിയിരുന്നു. സൂസനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും ആന്റണിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.

ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്ന മറ്റ് സ്ത്രീകളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും ആന്റണിയെക്കുറിച്ച് വിവരങ്ങള്‍ കിട്ടിയിരുന്നില്ല.
വാഹനപരിശോധനയ്ക്കിടെയാണ് മണിയന്‍ പിള്ളക്ക് കുത്തേറ്റത്. ഒരു വാനില്‍ മാരകായുധങ്ങളുമായി എത്തിയ ആട് ആന്റണിയെ പിടികൂടി ജീപ്പിലേക്ക് കയറ്റുമ്പോഴാണ് പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയേയും എ.എസ.ഐ ജോയിയേയും കുത്തിയശേഷം ഇയാള്‍ രക്ഷപ്പെട്ടത്.2012 ജൂണില്‍ കൊല്ലം പാരിപ്പള്ളിയില്‍ പോലീസുകാരനായ മണിയന്‍പിള്ളയെ കുത്തികൊലപ്പെടുത്തിയതിനു ശേഷം കടന്നുകളഞ്ഞ ആന്റണിയെ പിടികൂടാന്‍ പൊലീസ് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല.

ഇയാള്‍ സഞ്ചരിച്ച ഓമ്‌നി വാനിന്റെ നമ്പര്‍, വണ്ടിയിലുണ്ടായിരുന്ന വിരലടയാളം എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. പ്രതിക്കായി അന്വേഷണം കേരളത്തിലും തമിഴ്‌നാട്ടിലും ഊര്‍ജിതമാക്കിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അന്നുമുതല്‍ പ്രതിയെ പിടികൂടാന്‍ നിരവധി പദ്ധതികള്‍ പൊലീസ് ആസൂത്രണം ചെയ്തിരുന്നുവെങ്കിലും വിജയം കണ്ടില്ല. പൊലീസിനെ കബളിപ്പിക്കാന്‍ വേഷം മാറി സഞ്ചരിച്ചിരുന്ന ആന്റണിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും പരിമിതമായിരുന്നു.

ആടിനെ മോഷ്ടിച്ചിരുന്നതിനാലാണ് ഇയാള്‍ക്ക് ആട് ആന്റണി എന്ന പേരുവന്നത്. പിന്നീട് ഇലക്ട്രിക് ഉപകരണങ്ങളിലേക്ക് തിരിഞ്ഞു. കമ്പ്യൂട്ടര്‍ സാമഗ്രികള്‍ മോഷ്ടിക്കാന്‍ വിരുതനായ ഇയാള്‍ പാര്‍ട്‌സുകളാക്കി മാരുതി വാനില്‍ കടത്തിക്കൊണ്ടുപോവുകയാണ് പതിവ്.

1990ലാണ് ഇയാള്‍ ആദ്യം അറസ്റ്റിലാകുന്നത്. ജാമ്യത്തിലിറങ്ങിയ ആന്റണിയെ 2002ല്‍ പൊലീസും പിടികൂടിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 40 ഓളം മോഷണ കേസുകളാണ് അന്ന് കൊല്ലം ഈസ്റ്റ് പൊലീസ് തെളിയിച്ചത്.

കേരള പൊലീസിന്റെ ചരിത്രത്തിലെ മികച്ച കുറ്റാന്വേഷണ രീതിയായി ഇതിനെ കാണാമെന്നും ആന്റണിയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കെടുത്ത എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പാരിതോഷികം നല്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആട് ആന്റണിയെ പിടികൂടാന്‍ കഴിയാത്തതാണ് തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ വിഷമമെന്ന് സ്ഥാനമൊഴിഞ്ഞപ്പോള്‍ മുന്‍ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞിരുന്നു.

Scroll To Top