Thursday July 27, 2017
Latest Updates

കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം;കത്തോലിക്കാ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക അവകാശം എടുത്തുകളയും, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുടരും

കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം;കത്തോലിക്കാ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക അവകാശം എടുത്തുകളയും, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുടരും

ഡബ്ലിന്‍:കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ടു കത്തോലിക്കാ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക അവകാശം എടുത്തുകളയാന്‍ നീക്കം.എന്നാല്‍ മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അവ തുടരാനും സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും.അതായത് ,ന്യൂനപക്ഷ വിഭാഗത്തിന്റെ സ്‌കൂളുകളില്‍ ഉപജാതിയുടെ അടിസ്ഥാനത്തില്‍ മറ്റ് സമുദായക്കാര്‍ക്ക് പ്രവേശനം നിരസിക്കുന്നതിന് അവര്‍ക്ക് അധികാരമുണ്ടാകും.വിദ്യാഭ്യാസരംഗത്ത് വിവാദത്തിന് തിരികൊളുത്തുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ 2800 സ്‌കൂളുകളില്‍ മാമോദീസ മുങ്ങാത്തതിന്റെ പേരിലുള്ള സ്‌കൂള്‍ പ്രവേശനത്തിലെ വിവേചനം അവസാനിപ്പിക്കാനുള്ള പ്രപ്പോസലാണ് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണ്‍ മുന്നോട്ടുവെച്ചത്.എന്നിരുന്നാലും ചര്‍ച്ച് ഓഫ് അയര്‍ലണ്ടിന്റെയോ മറ്റു ന്യൂന പക്ഷ സമുദായങ്ങളുടെയോ രക്ഷാധികാരത്തിലുള്ള സ്‌കൂളുകളില്‍ ജാതിപരമായ സ്വഭാവമനുസരിച്ച് നിലവിലുള്ള പ്രവേശന നടപടികള്‍ തുടരാനും സര്‍ക്കാര്‍ അനുമതി നല്‍കി.ഇതനുസരിച്ച് കത്തോലിക്കാ സ്‌കൂളുകള്‍ ഒഴികെയുള്ള എല്ലാ മത,ന്യൂനപക്ഷങ്ങള്‍ക്കും സ്‌കൂള്‍ പ്രവേശനത്തില്‍ അവരരവരുടെ മതത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കാനാവും.

സ്‌കൂള്‍ പ്രവേശനത്തിന് മാമ്മോദീസാ സര്‍ട്ടിഫിക്കേറ്റ് വേണമെന്ന കത്തോലിക്കാ സ്‌കൂളുകളുടെ നിലപാട് വിവാദമുയര്‍ത്തിയിരുന്നു.ഫിനഗേലിന്റെയും മറ്റും ശക്തമായ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിവാദപരമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

പ്രൊട്ടസ്റ്റന്റ് സ്‌കൂളുകളില്‍ അവിചാരിതമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.94 ശതമാനം സ്‌കൂളുകളും കത്തോലിക്കാ നിയമങ്ങളുടെ കീഴിലാണ്.191 സ്‌കൂളുകള്‍ (6%)മാത്രമാണ് മറ്റ് സമുദായ സംഘടനകള്‍ നത്തുന്നത്.ബ്രൂട്ടന്റെ പുതിയ പ്രഖ്യാപനത്തിന്റെ നിയമപരവും ഭരണഘടനാപരവുമായ സങ്കീര്‍ണതകള്‍ ഇനിയും വിലയിരുത്തപ്പെട്ടില്ല. വരും നാളുകളില്‍ അവയെയും സര്‍ക്കാരിന് നേരിടേണ്ടതായി വരും.

ന്യൂനപക്ഷ സമുദായ കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നയപരമായ തീരരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.’പൊതുഫണ്ട് ഉപയോഗിച്ചു നടത്തുന്ന സ്‌കൂളുകളില്‍ പ്രത്യേക മതത്തിന്റെയോ മതമില്ലായ്മയുടെയോ പേരിലോ വിവേചനം കാണിക്കുന്നത് ശരിയല്ലെന്ന് വിശ്വസിക്കുന്നു.മാതാപിതാക്കള്‍ കുട്ടികളെ മാമ്മോദീസ മുക്കിയില്ലെങ്കില്‍ സ്‌കൂള്‍ പ്രവേശനം ലഭിക്കില്ലെന്ന കാരണത്താല്‍ മാത്രം ഇഷ്ടമല്ലെങ്കിലും മാതാപിതാക്കള്‍ കുട്ടികളെ അങ്ങനെ ചെയ്യിക്കുന്നതും നന്നല്ല’ മന്ത്രി ബ്രൂട്ടണ്‍ പറഞ്ഞു.

സംഭവത്തില്‍ കത്തോലിക്കാ മാനേജ് മെന്റുകളുടെ ഔദ്യോഗിക പ്രതീകരണം ഇനിയും അറിവായിട്ടില്ല.

Scroll To Top