Friday February 24, 2017
Latest Updates

കുട്ടികളുടെ ടര്‍ക്കിക്കോഴികള്‍

കുട്ടികളുടെ ടര്‍ക്കിക്കോഴികള്‍

അവധി ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ തങ്ങളുടെ സ്‌കൂള്‍ ലാബ് റൂമുകള്‍ അലങ്കോലമാക്കപ്പെട്ടിരിക്കുന്നത് അന്താളിപ്പോടെയാണ് അവരില്‍ പലരും നോക്കിനിന്നത്. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു രൂപവുമില്ലായിരുന്നു. ഒടുവില്‍ അവരുടെ ടീച്ചര്‍മാരാണ് അവരുടെ ലാപ്‌ടോപ്പുകളും ക്യാമറകളും കള്ളന്‍മാര്‍ കൊണ്ടുപോയി എന്ന് അവരെ അറിയിച്ചത്.
ഒരു കഥയുടെ ഭാഗങ്ങള്‍ എഴുതിക്കൂട്ടിയതല്ല. കുറച്ചു നാളുകള്‍ക്കുമുന്‍പ് കൗണ്ടി ലൂത്തിലെ ഡില്‍സ് ടൌണ്‍ സെന്റ് ഫിനിയന്‍സ് നാഷണല്‍ സ്‌കൂളില്‍ വച്ച് നടന്ന ഒരു മോഷണം വിവരിച്ചതാണ്. ഈ മോഷണത്തിലൂടെ അവര്‍ക്ക് പഠനോപകരണങ്ങള്‍ പലതും നഷ്ടമായി. അതിനെ പുനക്രമീകരിക്കാനായി കുട്ടികളും അദ്ധ്യാപകരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.
പഠനകാര്യങ്ങള്‍ വീണ്ടും പഴയനിലയിലേക്കെത്തിയെങ്കിലും കള്ളന്‍മാര്‍ കൊണ്ടുപോയ ലാപ്‌ടോപ്പുകള്‍ക്കും ക്യാമറകള്‍ക്കും പകരമായി മറ്റൊന്ന് കൊണ്ടു വരാന്‍ സ്‌കൂളിന് സാധിച്ചില്ല. എന്തുചെയ്യുമെന്ന ചോദ്യത്തിനുമുന്നില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒരുപോലെ കൂടിയിരുന്നാലോചിക്കാന്‍ തുടങ്ങി. ഏതെങ്കിലും പദ്ധതി നടപ്പിലാക്കുക വഴി പണം സമാഹരിച്ച് തങ്ങളുടെ നഷ്ടപ്പെട്ട സാധനങ്ങള്‍ക്ക് പകരമായി പുതിയത് വാങ്ങിക്കാം എന്നാണ് ഒടുവില്‍ അവര്‍ തീരുമാനിച്ചത്.
പല പദ്ധതികളും മുന്നോട്ടു വന്നുവെങ്കിലും എല്ലാവരും ഒരുപോലെ ഒകെ പറഞ്ഞത് ടെര്‍ക്കി കോഴികളെ പരിപാലിച്ച് വില്‍പ്പന നടത്തുന്നതിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ 30തോളം ടെര്‍ക്കികളെ സ്‌കൂള്‍ അധികൃതര്‍ വാങ്ങി. ക്രിസ്തുമസ് മാര്‍ക്കറ്റ് ലക്ഷ്യം വച്ചുകൊണ്ടാണ് അത്തരം പദ്ധതി സ്‌കൂളില്‍ ഒരുങ്ങിയത്. ടെര്‍ക്കികളെ പരിപാലിക്കാനും അവയ്ക്ക് തീറ്റ നല്‍കാനും മറ്റു ജീവികളില്‍ നിന്നും അവയെ സംരക്ഷിക്കാനും എല്ലാം തന്നെ അവിടെയുള്ള കുരുന്നുകള്‍ തന്നെ ഉത്സാഹം കാണിച്ചു. എല്ലാ കാര്യങ്ങള്‍ക്കും ഓടിനടക്കാന്‍ മുന്‍പന്തിയില്‍ 10ഉം 11ഉം വയസ്സു പ്രായമുള്ള ഒട്ടേറെ കുട്ടികളും ഉണ്ടായിരുന്നു.
തങ്ങളുടെ ടര്‍ക്കികളെ പരിപാലിക്കുന്നത് മാത്രമല്ല വ്യാപാരത്തെക്കുറിച്ച് ഒരു ‘പ്രാക്ടിക്കല്‍’ ക്ലാസുകൂടി തങ്ങള്‍ക്കു ലഭിക്കുന്നുവെന്നാണ് പല കുട്ടികളും അഭിപ്രായപ്പെടുന്നത്.
ഓരോ വിഭാഗത്തില്‍ നിന്നുള്ളവരും അവരുടേതായ ‘സംഭാവന’കള്‍ ടര്‍ക്കി കോഴി വളര്‍ത്തലിനായി നല്‍കുന്നുണ്ട്. ആര്‍ട്‌സ് വിഭാഗത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഒരു പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്ത് തൊട്ടടുത്തുള്ള മാര്‍ക്കറ്റുകളിലും മറ്റും വിതരണം നടത്തിക്കഴിഞ്ഞു.
കുട്ടികളുടെ ബഹളത്തിനും ഉത്സാഹത്തിനും ഇടയില്‍ വെള്ള ടര്‍ക്കികള്‍ തങ്ങളുടെ ഊഴവും നോക്കിയിരിപ്പാണ്. ക്രിസ്തുമസ് രാവില്‍ പലരുടെയും അത്താഴമേശയുടെ മുകളില്‍ ചിരിച്ച മുഖങ്ങള്‍ക്കു മുന്നില്‍ കിടക്കാനായുള്ള അവരുടെ അവസരം അടുത്തെത്തിക്കഴിയുകയും ചെയ്തു.
ക്രിസ്തുമസ് അടുക്കും തോറും കുട്ടികളുടെ പ്രതീക്ഷയും ഉത്സാഹവും ഇവിടെ വര്‍ദ്ധിക്കുകയാണ്. എന്നാല്‍ അദ്ധ്യാപകര്‍ ആശങ്കയിലുമാണ്. ഈ ടര്‍ക്കികളെ വിറ്റാല്‍ ലഭിക്കുന്ന കാശുകൊണ്ട് എത്ര ലാപ്‌ടോപ്പുകളും ക്യാമറയും വാങ്ങാന്‍ സാധിക്കുമെന്നതു തന്നെയാണ് അവരുടെ ആശങ്കയുടെ പ്രധാന കാരണവും. മോഷ്ടിക്കപ്പെട്ട ക്യാമറകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും പകരമായുള്ള സാധനങ്ങള്‍ക്ക് വില തികയുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്. കണക്കുകൂട്ടലുകള്‍ അനുസരിച്ച് രണ്ട് ലാപ്‌ടോപ്പുകളും ഒരു ക്യാമറയും വാങ്ങിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് അവര്‍.
എന്നാല്‍ ടര്‍ക്കി കോഴികളുടെ വിലയും ഇവിടെ തടസമാവുകയാണ്. 8.50യൂറോയാണ് ഒരു ടര്‍ക്കിയുടെ വില. എന്നാല്‍ ലേലത്തിലൂടെ ആയതിനാല്‍ 50 യൂറോ വച്ചെങ്കിലും ഒരു ടര്‍ക്കിക്കു ലഭിക്കുമെന്ന് ഇവര്‍കണക്കുകൂട്ടുകയാണ്. ഇവരുടെ ലക്ഷ്യം അറിയാവുന്നവര്‍ സഹായിക്കും എന്നുള്ള പ്രതീക്ഷയും ഇവര്‍ക്കിപ്പോള്‍ ഉണ്ട്.
അന്നഗസിനിലെ സ്ലാന്‍സ് യാര്‍ഡില്‍ വച്ച് ഈ വരുന്ന ബുധനാഴ്ച്ചയാണ് ലേലം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ കുരുന്നുകളുടെ അധ്വാനത്തിന് അതിന്റേതായ വില ലഭിക്കുമെന്ന് നമുക്കും പ്രതീക്ഷിക്കാം.

Scroll To Top