Wednesday September 26, 2018
Latest Updates

കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് സര്‍ക്കാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് സര്‍ക്കാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

ഡബ്ലിന്‍ : അയര്‍ലണ്ടിലെ കുടുംബങ്ങളില്‍ കുട്ടികള്‍ തീരെ സുരക്ഷിതരല്ലെന്ന് റിപോര്‍ട്.വീടുകളിലെ രക്ഷിതാക്കളുടെ പ്രാകൃതമായ പെരുമാറ്റം തടയാന്‍ കര്‍ശന നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ടെന്നാണ് കുട്ടികളുടെ അവകാശ സംരക്ഷണ സംഘടനകളും കുട്ടികളുടെ ഓംബുഡ്സ്മാനും ആവശ്യമുയര്‍ത്തുന്നത്

കുട്ടികളുടെ ക്ഷേമപദ്ധതികളെ കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ.ജോഫെറി ഷാനോനിന്റെ ഓഡിറ്റ് റിപ്പോര്‍ടാണ് കുട്ടികളുടെ സംരക്ഷണത്തിലെ പോരായ്മകള്‍ പുറത്തുകൊണ്ടുന്നത്.

‘ചൈല്‍ഡ് ആന്റ് ഫാമിലി ഏജന്‍സി (ടസ്ല)യുടെയും ഗാര്‍ഡ് സിയോചനയുമായുള്ള സഹകരണം തീര്‍ത്തും അപര്യാതമാണ്.നിലവറയില്‍ ഒതുങ്ങുന്ന പ്രവര്‍ത്തനത്തിന് സാംസ്‌കാരികമായ മാറ്റം അനിവാര്യമാണ്.ശോച്യാവസ്ഥയിലായ കുട്ടികള്‍ക്ക് മോശമായ പരിഗണനയാണ് ലഭിക്കുന്നത്.ടസ്ലയക്ക് പ്രൈവറ്റ് ഫോസ്റ്റര്‍ കെയര്‍ സര്‍വീസുകളില്ല,വെല്ലുവിളി ഉയര്‍ത്തുന്ന സ്വഭാവമുള്ള കുട്ടികളെ സ്വകാര്യ സര്‍വീസുകാര്‍ സ്വീകരിക്കില്ലെന്നത് പൂര്‍ണമായും അപകീര്‍ത്തികരമാണ്.ഇതിനെതിരെ നിയമങ്ങള്‍ ആവശ്യമാണ്’- ഇവയായിരുന്നു പ്രൊഫ.ഷാനോനിന്റെ റിപോര്‍ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്.

ശിശുസംരക്ഷണത്തെ ബാധിച്ചിരിക്കുന്ന മുറിവ് സുഖപ്പെടുത്താന്‍ കര്‍ശനമായ നടപടികള്‍ ആവശ്യമാണെന്ന് റിപോര്‍ട് ആവശ്യപ്പെടുന്നു.രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെയും കാണാത്ത അടിയന്തര സ്ഥിതിയാണ് ഈ രംഗത്തുള്ളത്.പോലിസിന്റെ അടിയന്തര പോലിസ് നടപടികളിലൂടെ ‘എല്ലാവരേയും വിളിച്ചുണര്‍ത്തുക’ എന്നതാണ് ഇവിടെ ആവശ്യമായുള്ളത്.91 കേസുകളിലായി കണ്ടെത്തിയ അപ്രിയസത്യങ്ങള്‍ മാത്രമാണ്.പ്രത്യേകിച്ചും മാതാപിക്കാളുടെ ഭാഗത്തുനിന്നും കിരാതമായ ക്രൂരതകളാണ് കുഞ്ഞുങ്ങള്‍ നേരിടുന്നത്.രക്ഷിതാക്കളില്‍ നിന്നും കുട്ടികള്‍ക്കേറ്റിട്ടുള്ള ആഘാതം അതിഭീകരമാണ്.

മദ്യപാനമാണ് 91 കേസുകളിലും കണ്ടെത്തിയ പൊതുവായ കാരണം.മദ്യത്തിന്റെ ദുരുപയോഗം തടയുന്നതില്‍ മാറിവരുന്ന സര്‍ക്കാരുകളെല്ലാം പരാജയപ്പെട്ടതാണ് പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനകാരണം.സര്‍ക്കാര്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ വെടിഞ്ഞ് കുട്ടികളുടെ നന്മക്കായി തീരുമാനമെടുത്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും.

ഗുരുതരമായ അപകടത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനു ഗാര്‍ഡയുടെ തീരുമാനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.എല്ലാ കേസുകളിലും നിയന്ത്രണത്തോടെ സെക്ഷന്‍ 12 പ്രകാരമുള്ള അധികാരങ്ങളാണ് അവര്‍ ഉപയോഗിച്ചിരിക്കുന്നത്.കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച പരിശീലനം അടിയന്തിരമായി ഗാര്‍ഡയ്ക്കു നല്‍കണം.-റിപോര്‍ട് ആവശ്യപ്പെടുന്നു.2015 നവംബര്‍ മുതല്‍ ടസ്ല നടപ്പാക്കി വരുന്ന’ഔട്ട് ഓഫ് അവേഴ്സ് സര്‍വീസ്’ രാജ്യവ്യാപകമായി ലഭിക്കുന്നുണ്ടോയെന്ന് സംശയമാണെന്ന് റിപോര്‍ട് ചൂണ്ടിക്കാട്ടുന്നു.

‘ഔട്ട് ഓഫ് അവേഴ്സ് സര്‍വീസ്’ സേവനം നിര്‍ബന്ധമായും രാജ്യ വ്യാപകമാക്കുമെന്ന് കുട്ടികളുടെ മന്ത്രി കാതറീന്‍ സാപ്പോണ്‍ പറഞ്ഞു.ഡബ്ലിന്‍,കോര്‍ക്ക് സിറ്റി,കില്‍ഡര്‍,വിക്ക്‌ലോ എന്നിവിടങ്ങളില്‍ ലഭ്യമായ സര്‍വീസ് കൂടുതല്‍ സ്പെഷലിസ്റ്റുകളെ ഉള്‍പ്പെടുത്തി കാര്യക്ഷമമാക്കും. ഗാര്‍ഡയുടെ സംശങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും സംവിധാനമൊരുക്കും.

Scroll To Top