Tuesday September 25, 2018
Latest Updates

കുടിവെള്ള പ്രശ്നം പരിഹാരം നീളുമെന്ന് സൂചന:സമാധാനം തേടി ജനസഹസ്രങ്ങള്‍ ,ഉത്തരം പറയാനില്ലാതെ സര്‍ക്കാര്‍

കുടിവെള്ള പ്രശ്നം പരിഹാരം നീളുമെന്ന് സൂചന:സമാധാനം തേടി ജനസഹസ്രങ്ങള്‍ ,ഉത്തരം പറയാനില്ലാതെ സര്‍ക്കാര്‍

ഡബ്ലിന്‍ : കുടിവെള്ളമില്ലാതെ ജീവിതം വഴിമുട്ടിയ ആളുകളുടെ മുന്നില്‍ മുട്ടുന്യായങ്ങളുമായെത്തിയ  ഹൗസിംഗ് മന്ത്രി ഓവന്‍ മര്‍ഫിക്ക് ഒടുവില്‍ ക്ഷമാപണം നടത്തി മടങ്ങേണ്ടതായി വന്നു.വെള്ളമില്ലാതെ കഷ്ടപ്പെടുന്ന ലൂത്തിലെയും ഈസ്റ്റ്മീത്തിലെയും നിരവധിയായ ആളുകളുടെ സ്വാഭാവികമായ ചോദ്യങ്ങള്‍ക്കു മുന്നില്‍ ആദ്യം ന്യായീകരണവാദങ്ങളാണ് ഉന്നയിച്ചത്. ഐറീഷ് വാട്ടറിനെയും സര്‍ക്കാരിനെയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ജല്‍പ്പനങ്ങളൊന്നും ജനം മുഖവിലക്കെടുക്കുന്നില്ലെന്നറിഞ്ഞതോടെ മാപ്പുപറഞ്ഞും നല്ല വാക്ക് പറഞ്ഞും തലയൂരുകയായിരുന്നു യുവമന്ത്രി.

അതേസമയം ജലവിതരണം സംബന്ധിച്ച പ്രശ്നങ്ങള്‍ അടുത്തിടെയൊന്നും നല്ല നിലയില്‍ പൂര്‍ണമായി പരിഹരിക്കാനാവില്ലെന്ന സൂചനയാണ് മന്ത്രി നല്‍കിയത്.2.2കിലോമീറ്റര്‍ പൈപ്പ് മാറിയിടാന്‍ ഏതാനും മാസങ്ങള്‍ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

സ്റ്റാമീന്‍ ഹൗസിംഗ് എസ്റ്റേറ്റിലെ താല്‍ക്കാലിക ജലവിതരണ കേന്ദ്രത്തിലെത്തിയതായിരുന്നു മന്ത്രി. വെള്ളിയാഴ്ച രാവിലെ തകരാറിലായ പൈപ്പുകള്‍ മാറ്റാനുള്ള മൂന്നു ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ശ്രദ്ധ ഇങ്ങോട്ടേക്ക് എത്തിയത്. രണ്ടു ലക്ഷത്തിലധികം ആളുകള്‍ കുടിവെള്ളം മുടങ്ങി അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കാത്ത സര്‍ക്കാര്‍ നിലപാട് പരക്കെ ആക്ഷേപത്തിനും വഴിവെച്ചിരുന്നു. ഇതിനിടെയാണ് സ്ഥലത്തെത്തിയ മന്ത്രി ആളുകളുടെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ പതറിയത്.ഒന്നു കുളിക്കാന്‍ പോലുമോ പ്രാഥമികാവശ്യങ്ങള്‍ക്കോ വെള്ളം ലഭിക്കാതെ പരക്കം പായുന്ന ആളുകളോടായിരുന്നു മന്ത്രി സംസാരിച്ചത്. അവരുടെ രോഷം നേരിട്ട് മനസ്സിലാക്കാനുള്ള അവസരം കൂടിയായി മാറി അത്.

ഐറീഷ് വാട്ടര്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വിള്ളലുള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനുള്ള മൂന്നു ശ്രമങ്ങള്‍ ഇതിനകം പരാജയപ്പെട്ടു. നാലാമത്തെ യത്നം വിജയം കാണുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.കാലഹരണപ്പെട്ട പൈപ്പുകള്‍ യഥാസമയം മാറ്റി സ്ഥാപിക്കാത്തതാണ് ഈ മേഖലയിലെ ജലവിതരണത്തെയാകെ പ്രതിസന്ധിയിലാക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചത്.’നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നടക്കം 43 ടാങ്കറുകളില്‍ വെള്ളം എത്തിക്കുന്നുണ്ട്. 100ഓളം താല്‍ക്കാലിക വാട്ടര്‍ സപ്ലൈ കേന്ദ്രങ്ങളും തുറന്നു’ മന്ത്രി പറഞ്ഞു.

എന്നാല്‍ പ്രശ്നപരിഹാരത്തിനുള്ള സമയപരിധി മാറ്റിമാറ്റിപ്പറയുന്ന ഐറീഷ് വാട്ടറിനെതിരെ ജനം ശക്തമായ പ്രതികരണമാണ് നടത്തിയത്. ചിലര്‍ പൊട്ടിത്തെറിച്ചു. വാക്കുകള്‍ മാറ്റിമാറ്റിപ്പറയുന്ന ഐറീഷ് വാട്ടറിനെ വിശ്വസിക്കില്ലെന്ന് നിലപാടാണ് പലരും സ്വീകരിച്ചത്.

പുതിയ പൈപ്പുകള്‍ ഭൂമിക്കടിയില്‍ സ്ഥാപിക്കുന്ന ജോലിയാണ് നടക്കുന്നതെന്നു മന്ത്രി വിശദീകരിച്ചു.2.2 കിലോമീറ്റര്‍ ദൂരത്തില്‍ ആണ് സ്ഥാപിക്കേണ്ടത്.മൂന്നുതവണ ഇതിനു നടത്തിയ ശ്രമങ്ങള്‍ വിജയിക്കാതെ പോവുകയായിരുന്നു. നാലാം തവണ വിജയിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.

പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനു മുന്‍ഗണന നല്‍കി ഈ വര്‍ഷം 500മില്യന്‍ യൂറോ ഐറീഷ് വാട്ടറിന് അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.അടുത്തവര്‍ഷവും ആനുപാതികമായ വര്‍ധന ഇക്കാര്യത്തിലുണ്ടാകും. ദേശീയതലത്തില്‍ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും നടപടികളുണ്ടാകും.

കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിലെ സര്‍ക്കാരിന്റെ നിഷ്‌ക്രിയതയെ ന്യായീകരിക്കുകയായിരുന്നു മന്ത്രി ചെയ്തത്.പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മൂന്നു ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നായിരുന്നു മന്ത്രി പറഞ്ഞത്.ഐറീഷ് വാട്ടറില്‍ സര്‍ക്കാരിന് ഉറച്ച വിശ്വാസമുണ്ട്.എന്നിരുന്നാലും കുടിവെള്ളമില്ലാത്തതിന്റെ ദുരിതം പൂര്‍ണമായും മനസ്സിലാക്കുന്നു. ഇക്കാരണത്താല്‍ ജനങ്ങള്‍ക്കുണ്ടായ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും ക്ഷമ ചോദിക്കുന്നതായും മന്ത്രി പറഞ്ഞു.

പ്രശ്നമേഖലയിലെ ചില സ്ഥലങ്ങളില്‍ ഇന്നലെ മിലട്ടറിയുടെ സഹായത്തോടെയാണ് കുടിവെള്ളം വിതരണം ചെയ്തത്

Scroll To Top