Thursday February 23, 2017
Latest Updates

കുടിയൊഴിപ്പിക്കാന്‍ വന്ന കോടതി ഉദ്യോഗസ്ഥരെ നാട്ടുകാര്‍ സംഘടിച്ച് ഓടിച്ചു ; കില്‍ഡയറിലെ ഇയാന് കിടപ്പാടം തിരികെ ലഭിച്ചു

കുടിയൊഴിപ്പിക്കാന്‍ വന്ന കോടതി ഉദ്യോഗസ്ഥരെ നാട്ടുകാര്‍ സംഘടിച്ച് ഓടിച്ചു ; കില്‍ഡയറിലെ ഇയാന് കിടപ്പാടം തിരികെ ലഭിച്ചു

കില്‍ഡയര്‍: മലയോര സംരക്ഷണ സമിതിയും,കര്‍ഷകരക്ഷാ സമിതിയുമൊക്കെ കേരളത്തില്‍ മിക്കപ്പോഴും പരീക്ഷിച്ചു തോല്‍ക്കുന്ന ഒരു പ്രതിരോധ സമരം കഴിഞ്ഞ ദിവസം നാസിലെ നാട്ടുകാരും പരീക്ഷിച്ചു നോക്കി. മോര്‍ട്ട്‌ഗേജ് ജപ്തി നടപടിയുടെ ഭാഗമായി ഇരുപതു വര്‍ഷമായി താമസിക്കുന്ന വീട്ടില്‍ നിന്നും കുടുംബത്തെ ഒഴിപ്പിക്കാനെത്തിയ ഷെരീഫ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞു. കൗണ്ടി കില്‍ഡയറിലെ നാസില്‍ , കാര്‍ഡിഫ് പാര്‍ക്ക് നിവാസി ഇയാന്‍ ഫിറ്റ്‌സ്ഗിബോണി (54) നും കുടുംബത്തിനുമാണ് ഈ അപ്രതീക്ഷിത പിന്തുണ ലഭിച്ചത്. ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ അയല്‍ക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു. അപരിചിതര്‍ പോലും തടയാനെത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ കുടുംബം ആദ്യം ഒന്നു ഞെട്ടിയെങ്കിലും കാര്യങ്ങള്‍ പിന്നീട് സന്തോഷത്തിന് വഴിമാറി.ജനശക്തി കണ്ടു പേടിച്ചിട്ടാവണം ആരോടും ഒന്നും മിണ്ടാതെ ഉദ്ദ്യോഗസ്ഥസംഘം മടങ്ങിപ്പോയി

ഒഴിപ്പിക്കല്‍ നേരിടാന്‍ തയ്യാറായിക്കൊള്ളാന്‍ ഷെരീഫ് ഓഫീസില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ഫിറ്റ്‌സ്ഗിബോണിന് അറിയിപ്പ് ലഭിച്ചത്. ഭാര്യയും കുട്ടികളുമായി വീടിന് പുറത്ത് ഇറങ്ങാനായിരുന്നു നിര്‍ദേശം. ഈ നീക്കമാണ് നാട്ടുകാര്‍ തടഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം ഉച്ചവരെ കുടുംബത്തിന് ഷെരീഫ് ഉദ്യോഗസ്ഥരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെങ്കിലും നാസ സര്‍ക്യൂട്ട് കോര്‍ട്ടില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നിര്‍ദേശം എപ്പോള്‍ വേണമെങ്കിലും വരാമെന്ന ആശങ്ക ഇവരെ വിട്ടൊഴിഞ്ഞിട്ടില്ല. എന്നാല്‍ പുതിയ സംഭവവികാസങ്ങള്‍ക്ക് ശേഷം ഫിറ്റ്‌സ്ഗബോണിനെതിരേയുള്ള നടപടിയുമായി ബന്ധപ്പെട്ട ഒരു പ്രതികരണവും ഷെരീഫ്‌സ് ഓഫീസില്‍ നിന്നും ഇതുവരെ ലഭ്യമായിട്ടില്ല.

മാറ്റി മക്ഗ്രാത്ത് ടി ഡി ഉള്‍പ്പെടെയുള്ളവര്‍ തടയാനെത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു. ജറി ബേഡ് , ബാങ്കിംഗ് അയര്‍ലണ്ട് സുഹൃത്തുക്കള്‍, ലാന്‍ഡ്‌ലീഗ് എന്നിവരെല്ലാം ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പകുതി പേരെയും തനിക്കറിയില്ലെന്നും ഇത്രയും പിന്തുണ നല്‍കിയതിന് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും ഫിറ്റ്‌സ്ഗിബോണ്‍ പറഞ്ഞു. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം 1990 മുതല്‍ ഇവിടെ താമസിക്കുകയാണ്. 1990 ന്റെ പകുതിയോടെയാണ് ഇവര്‍ ഈ വീട് വാങ്ങിയത്.

എസിസി ബാങ്കിന്റെ എക്‌സിക്യുട്ടീവ് മാനേജര്‍ ഓപ്പറേഷന്‍ ജീവനക്കാരനായി 2000 നും 2005 നും ഇടയില്‍ ജോലി ചെയ്തിരുന്ന ഫിറ്റ്‌സ്ഗിബണ്‍ 2003 ലാണ് റീമോര്‍ട്ട്‌ഗേജായി മൂന്ന് ലക്ഷം യൂറോ എസിസിസി ബാങ്കില്‍ നിന്നും എടുത്തിരുന്നു. 2008 ല്‍ ഇത് തിരിച്ചടയ്‌ക്കേണ്ടുതുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് നല്ല ശമ്പളം കിട്ടുന്ന മറ്റൊരു മുഴുനീള ജോലിയിലേക്ക് ഇയാള്‍ മാറുകയും ചെയ്തു. ഇപ്പോള്‍ ഇവര്‍ താമസിക്കുന്ന വീടിന് 420,000 425,000 യൂറോയ്ക്കും ഇടയിലാണ് യഥാര്‍ത്ഥ മൂല്യം കണക്കാക്കപ്പെട്ടിരിക്കുന്നത്.

Scroll To Top