Tuesday April 25, 2017
Latest Updates

കിൽക്കനിയിലെ കറുത്തമണ്ണിൽ കനകം വിളയിച്ചു കേരളത്തിന്റെ കർഷകപുത്രൻ

കിൽക്കനിയിലെ കറുത്തമണ്ണിൽ കനകം വിളയിച്ചു കേരളത്തിന്റെ കർഷകപുത്രൻ

അർലിംഗ് ഫോർഡ് ( കിൽക്കനി) : ബ്രോക്കോളി , തക്കാളി ,ഉരുള കിഴങ്ങ് ,സ്പൌറ്റ് ,ബീൻസ് പയർ ,കോളി ഫ്ലവർ ,കാബേജ് ,സബോള ,കുക്കുംബർ ,പച്ച മുളക് ,വെളുത്തുള്ളി …..തീർന്നില്ല, കിൽക്കനി അർലിങ്ങ് ഫോർഡിലെ ഒരു മലയാളിയുടെ പുരയിടത്തിലെ കൃഷിയിനങ്ങൾ . അയർലണ്ടിലും കൃഷിയെ നെഞ്ചോട്‌ ചേർത്ത് ജീവിക്കുന്ന അപൂർവ്വം കേരളീയരിൽ ഒരാളാണ് കൗണ്ടി കിൽക്കനിയിലെ ജയ്സണ്‍ ജോസ് .പോർട്ട്‌ ലീസിൽ നിന്നും എം 8 വഴി യാത്രചെയ്യുമ്പോൾ മെയിൻ റോഡിനു തൊട്ടടുത്തായി തന്നെയാണ് ജയ്സന്റെ കൊച്ചു’ കൃഷിതോട്ടം ‘ ‘.
jaisonഇടുക്കി വെണ്മണിയിലെ കർഷക കുടുംബത്തിൽ നിന്നുള്ള ഈ മുപ്പത്തി മൂന്നു വയസുകാരൻ നേഴ്സിംഗ് ഹോമിലെ ജോലിക്കൊപ്പമാണ് കൃഷിയും പ്രകൃതി ജീവനവും ശീലിക്കാൻ തയാറായിരിക്കുന്നത് .കൃഷിയെന്നാൽ ജയ്സണ് പണ്ട് മുതലേ ഒരു ഹരമാണ് .അയർലണ്ടിൽ എത്തിയിട്ട് നാലു വർഷമേ ആയിട്ടുള്ളൂവെങ്കിലും ഈ മണ്ണിന്റെ സ്വഭാവവും ഗുണവുമൊക്കെ ജയ്സണ് മനപാഠം .

വീടിന് പിന്നിലായി ഉണ്ടായിരുന്ന പത്ത് സെന്റ്‌ സ്ഥലം നിരപ്പാക്കി കൃഷി തുടങ്ങാൻ തീരുമാനിച്ചത് മൂന്ന് വർഷം മുൻപാണ് .അതിനായി നാട്ടിൽ നിന്നും തൂമ്പയും മറ്റ് കാർഷികോ പകരണങ്ങളും കൊണ്ടുവന്നു .പണി തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ നട്ട പച്ചക്കറികളൊക്കെ നല്ല ഫലം തരുന്നുണ്ടെന്നു കണ്ടപ്പോൾ കൃഷി വിപുലീകരിച്ചു . അൽപ്പം ശാസ്ത്രീയമായ സങ്കേതങ്ങൾ ഒക്കെ ഉപയോഗിച്ചു .ഇപ്പോൾ ഗ്രീൻ ഹൌസിനുള്ളിലാണ് ജയ്സന്റെ കൃഷിയിൽ അധികവും .

വെറും ഒരു മാസം മതി കാബേജ് വിളവെത്താൻ .നിലത്തുള്ള പരമാവധി സ്ഥലങ്ങളിൽ ഇനങ്ങൾ നാട്ടുകഴിഞ്ഞപ്പോൾ ബാക്കി പോളിത്തീൻ ബാഗുകളിലാക്കി കമ്പിയഴികളിൽ പിടിപ്പിച്ചു.ഇങ്ങനെ പോളിത്തീൻ ബാഗുകളിൽ വളരുന്ന ലെത്യൂസടക്കമുള്ള കൃഷികൾ കണ്ട് ‘വണ്ടറ’ടിച്ചിരിക്കുകയാണ് അർലിംഗ് ഫോർഡിലെ ജയ്സന്റെ അയൽക്കാർ .

ജയ്സന്റെ കൃഷി താത്പര്യം കണ്ട് അയൽക്കാരൻ കൂടിയായ ഫാമുടമ ഒരേക്കർ സ്ഥലം വെറും നൂറു യൂറോ പാട്ടത്തിന് നൽകാമെന്ന വാഗ്ദാനവുമായി മുൻപോട്ടു വന്നിട്ടുണ്ട് .

മാർച്ച് മുതൽ ഒക്റ്റോബർ വരെയുള്ള മാസങ്ങളിൽ കൃഷി ചെയ്യാവുന്ന ഇനങ്ങൾ തിരഞ്ഞെടുത്ത് അയർലണ്ടിലും ആർക്കും ഒരു കൃഷിക്കാരൻ ആവാമെന്ന അഭിപ്രായമാണ് ജയ്സനു ളളത് .ഗ്രീൻ ഹൗസ് കൂടിയുണ്ടെങ്കിൽ മറ്റു മാസങ്ങളിലും അനുയോജ്യമായ വിളവിറക്കാം .” സ്വന്തമായോ വാടകയ്ക്കോ അഞ്ചു സെന്റ്‌ സ്ഥലം എങ്കിലും ഉണ്ടെങ്കിൽ ഒരു വീട്ടിലേയ്ക്ക് വേണ്ട എല്ലാ പച്ചക്കറികളും ,അത്യാവശ്യം പഴവർഗങ്ങളും അയർലണ്ടിൽ വിളയിച്ചെടുക്കാൻ സാധിക്കും” .

SAMSUNGസ്ഥലം പത്തു സെന്റെ ഉള്ളെങ്കിലും പച്ചക്കറി കൃഷി മാത്രമല്ല ജയ്സണ് ഉള്ളത് .ഒരു ഡസണോളം കോഴികൾ ,താറാവുകൾ എന്നിവയും ഇവിടെ സ്വൈര്യവിഹാരം നടത്തുന്നുണ്ട് .24 കോഴിമുട്ട ലോക്കൽ മാർക്കറ്റിൽ കൊടുത്താൽ 5 യൂറോ വില കിട്ടും.ഇതിന് ആവശ്യക്കാർ ഏറെയാണ്‌ . കൃഷിയിടത്തിലെയും സമീപങ്ങളിലെയും പുല്ലും കളകളും മറ്റും കോഴിക്കൂടിനു താഴെയായി ക്രമീകരിച്ചിരിക്കുന്ന കമ്പോസ്റ്റ് കുഴിയിലേക്കാണ് മാറ്റുന്നത്.കോഴി കാഷ്ട്ടത്തോടൊപ്പം ചേർന്ന് ഏതാനം നാളുകൾക്കകം ഇതും വളമായി മാറും .ഈ വളമാണ് ജയ്സൻ സ്വന്തം കൃഷിയിടത്തിൽ വിളകൾക്ക് ഉപയോഗിക്കുന്നത് .

തൊടുപുഴ ചിലവ് പുളിന്താനം കുടുംബാംഗമാണ് ജയ്സണ്‍ .കൃഷിക്കും പ്രകൃതി ജീവനത്തിനും ഇദ്ദേഹത്തിനു കൂട്ടും പിന്തുണയുമായി ഭാര്യ കല്ലൂർക്കാട് വട്ടക്കുഴി കുടുംബാംഗമായ സീമയുമുണ്ട് ..ഏക മകൻ ജഫിൻ
കൃഷിയെ ഏറെ ഇഷ്ട്ടമെങ്കിലും അയർലണ്ടിൽ കൃഷിയെ ഒരു തൊഴിലായി സ്വീകരിക്കുന്നതിനോട് ജയ്സണ് താത്പര്യമില്ല .ഇവിടുത്തെ സാങ്കേതിക വിദ്യകളും വൻകിട സങ്കേതവും ഉപയോഗിച്ചു കൃഷി ചെയ്യാൻ ചിലവിടുന്നതിന്റെ പത്തിലൊന്ന് ചെലവ് കൊണ്ട് കേരളത്തിൽ ഉപയോഗ്യശൂന്യമായി കിടക്കുന്ന പ്രദേശങ്ങളിൽ ‘ഇക്കോ ഫാമുകൾ ‘തുടങ്ങുവാൻ പ്രവാസി തയ്യാറാവണം എന്നാണ് ഈ യുവാവിന്റെ അഭിപ്രായം .

കേരളത്തിന്റെ സ്വയം പര്യാപ്തതയ്ക്ക് തുടക്കം കുറിയ്ക്കുന്ന ഇക്കോ ഫാമുകളിലൂടെ വിഷമയമില്ലാത്ത ആഹാരവും സാമ്പത്തിക സുസ്ഥിരതയും ഉറപ്പിക്കാനാവുമെന്ന് ജയ്സണ്‍ കരുതുന്നു .അത്തരം അഭിപ്രായക്കാരായ പ്രവാസികളുടെ ഒരു കൂട്ടായ്മ രൂപപ്പെടുത്താനും ജയ്സണ് ഉദ്ദേശമുണ്ട് .അവസരങ്ങൾ തേടി കാത്തിരിക്കുകയാണ് മണ്ണിന്റെ ഈ മകൻ

Scroll To Top