Sunday July 22, 2018
Latest Updates

കാവനിലെ ടോണി ജോസഫിന്റെ അപകടം: ഇന്ത്യന്‍ എംബസിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി, അപകടം വാഹനമിടിച്ചു തന്നെ 

കാവനിലെ ടോണി ജോസഫിന്റെ അപകടം: ഇന്ത്യന്‍ എംബസിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി, അപകടം വാഹനമിടിച്ചു തന്നെ 

ഡബ്ലിന്‍:കാവനില്‍ വെച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായ പരിക്കുകളേറ്റ ഡബ്ലിനിലെ കൈനകരി സ്വദേശി ടോണി ജോസഫ് മുക്കാടന്റെ അപകട കാരണം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് ഗാര്‍ഡ അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് കൈമാറി.

വാഹനമിടിച്ച് തന്നെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ടോണിയ്ക്ക് നേരെയുണ്ടായത് വംശീയ അക്രമണമാണെന്ന സംശയത്തെ തുടര്‍ന്ന് ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ എംബസി പ്രശ്നത്തില്‍ ഇടപെട്ടത്.ആദ്യ ഘട്ടത്തില്‍ മന്ദഗതിയില്‍ ആയിരുന്ന അന്വേഷണം ഇതേ തുടര്‍ന്ന് ഗാര്‍ഡ ഊര്‍ജ്ജിതമാക്കി.

സംഭവദിവസം ടോണിയെ അപകടത്തില്‍ പെട്ട് കണ്ടെത്തിയ സ്ഥലത്തിന് സമീപമുളള ഒരു സിസിടിവി യില്‍ നിന്നുമുള്ള ദൂരക്കാഴ്ചയാണ് അപകടത്തിന്റെ നിജസ്ഥിതി കണ്ടെത്താന്‍ സഹായകമായത്.

റോഡ് ക്രോസ് ചെയ്യവേ കറുത്ത നിറമുള്ള ഒരു കാര്‍ ടോണിയുടെ നേരെ വരുന്നതും,തൊട്ടടുത്തായി നിര്‍ത്തുന്നതും പുറകില്‍ നിന്നും ലഭ്യമായ ദൃശ്യങ്ങളില്‍ നിന്നും കാണാം.പിറകില്‍ നിന്നുള്ള ദൃശ്യമായതിനാല്‍ വാഹനം ഇടിച്ചതായിയുള്ള ദൃശ്യങ്ങള്‍ കാമറയില്‍ ലഭ്യമല്ല.അതേ സമയം വീണു കിടക്കുന്നയാളുടെ അടുത്തേയ്ക്ക് ഡ്രൈവര്‍ പോകുന്നതും,വീണിടത്തു നിന്നും ടോണി എഴുന്നേറ്റ് ഏതാനം അടി നടക്കുന്നതും,വാഹനം വിട്ടു പോകുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.

എന്നാല്‍ പിന്നീട് ടോണി അവിടെ തന്നെ വീഴുകയും ബോധരഹിതനാവുകയും ചെയ്തു എന്നാണ് കരുതപ്പെടുന്നത്.തൊട്ടു പിന്നാലെ വന്ന വെള്ള നിറമുള്ള കാറിലെ ഡ്രൈവര്‍ ടോണിയുടെ സമീപത്തേക്ക് പോകുന്നതും,മിനുറ്റുകള്‍ക്കകം ഗാര്‍ഡ സ്ഥലത്ത് എത്തുന്നതും,ടോണിയെ ആംബുലന്‍സിലേയ്ക്ക് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.

ആദ്യ വാഹനം തന്നെ ഇടിച്ചോ എന്നതിനെ കുറിച്ച് ഇപ്പോഴും ടോണിയ്ക്ക് വ്യക്തതയില്ല.എന്നാല്‍ രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവര്‍ തന്റെ പക്കല്‍ എത്തി അപകടം സംഭവിച്ചതാണോ എന്ന് അന്വേഷിച്ചത് ഇദ്ദേഹത്തിന്റെ ഓര്‍മ്മയിലുണ്ട്.

ഈസ്റ്റര്‍ ദിവസം പുലര്‍ച്ചെയാണ് ടോണിയ്ക്ക് അപകടം സംഭവിച്ചത്.

രാത്രി 11 മണിയോടെയാണ് കാവനിലെ ഇന്ത്യന്‍ റസ്റ്റോറന്റിലെ ജോലികള്‍ അവസാനിച്ചത്.അതിന് ശേഷം കാവന്‍ ടൌണ്‍ പള്ളിയിലെ ഈസ്റ്റര്‍ വിജില്‍ കുര്‍ബാന കൂടാനായിരുന്നു പദ്ധതി.എന്നാല്‍ പള്ളിയിലെത്തിയപ്പോഴേയ്ക്കും തിരുക്കര്‍മ്മങ്ങള്‍ കഴിഞ്ഞിരുന്നു.

ഈസ്റ്റര്‍ ശനിയാഴ്ച ഉപവാസം ആയിരുന്നതിനാല്‍ പള്ളിയില്‍ നിന്നും റസ്റ്റോറന്റില്‍ തിരികെയെത്തിയാണ് ഭക്ഷണം കഴിച്ചത്.അതിന് ശേഷം കാവനില്‍ താമസിക്കുന്ന വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.ടോണി പറയുന്നു.

‘പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല’.കാവനിലെ ആശുപത്രിയില്‍ എത്തിച്ച ശേഷമുള്ള വിവരങ്ങള്‍ ഒന്നും തനിക്ക് ഓര്‍മ്മയില്ലെന്ന് ടോണി പറഞ്ഞു.

ആറു ദിനരാത്രങ്ങള്‍ക്ക് ശേഷമാണ് ബോധം വീണ്ടു കിട്ടിയത്.ബൂമോണ്ടിലെ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.

‘മരിച്ചു പോകും എന്നാണ് എല്ലാവരും കരുതിയത്.മോര്‍ച്ചറിയ്ക്ക് തൊട്ടടുത്തുള്ള റൂമിലാണ് വെന്റിലേറ്റര്‍ സൗകര്യം ഒരുക്കിയത്….മരിക്കുമെന്ന് ഉറപ്പുള്ളവരെയാണ് ആ റൂമില്‍ സാധാരണ കിടത്താറുള്ളതെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു.ഏതെങ്കിലും കാരണത്താല്‍
രക്ഷപ്പെട്ടാലും കോമ സ്റ്റേജിലേക്ക് പോവുകയോ ചലന ശേഷി നഷ്ടപ്പെടുകയോ ചെയ്യുമെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായമത്രേ’

നൂറു കണക്കിന് പേരുടെ പ്രാര്‍ത്ഥനാ സഹായമാണ് തന്നെ ജീവനിലേയ്ക്ക് തിരികെ കൊണ്ട് വന്നതെന്ന് ടോണി വിശ്വസിക്കുന്നു.’മത പരിധികളില്ലാതെ നൂറു കണക്കിന് പേരാണ് എനിക്ക് വേണ്ടി പ്രാര്‍ഥിച്ചത്.നാട്ടിലെ ബന്ധുക്കളായ കന്യാസ്ത്രികളുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യത്തിന് മുമ്പില്‍ തുടര്‍ച്ചയായ ആരാധന നടത്തിയിരുന്നു എന്ന് പിന്നീട് മനസിലാക്കാന്‍ കഴിഞ്ഞു.

ഡബ്ലിന്‍ ബ്‌ളാക്ക് റോക്കിലെ മലയാളി സമൂഹം മാത്രമല്ല,ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം ജീസസ് യൂത്ത് അംഗങ്ങളും,നിരവധി പ്രാര്‍ത്ഥനാ കൂട്ടായ്മകളുമാണ് നിസ്സാരനായ എനിക്ക് വേണ്ടി ഈശ്വര സഹായം തേടിയത്.ഹൈന്ദവരായ നിരവധി സുഹൃത്തുക്കള്‍ എന്നെ തേടി ആശുപത്രിയില്‍ എത്തിയിരുന്നു.ബോധം വീണ്ടെടുത്ത ശേഷം വാട്ട്‌സ് ആപ് തുറന്നപ്പോള്‍ സുഖ പ്രാപ്തിയ്ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ടുള്ള നൂറു കണക്കിന് മെസേജുകളാണ് അതിലുണ്ടായിരുന്നത്.’എല്ലാവര്‍ക്കും എത്ര നന്ദി പറഞ്ഞാലും തീരില്ല….അദ്ദേഹം പറയുന്നു.

ഇന്ത്യന്‍ എംബസിയുടെ സേവനവും സുസ്ത്യര്‍ഹമായിരുന്നു.അംബാസിഡര്‍ നേരിട്ട് ജൂലിയെ(ടോണിയുടെ ഭാര്യ)വിളിച്ചു വിശദവിവരങ്ങള്‍ അന്വേഷിച്ചു കൊണ്ടിരുന്നു.എംബസിയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ആശുപത്രി കിടക്കയില്‍ നേരിട്ടെത്തി ആശ്വസിപ്പിച്ചു.’ഒരു ഇന്ത്യന്‍ പൗരന്റെ സുരക്ഷാകാര്യങ്ങളിലും, എത്ര കാര്യക്ഷമമായി പ്രതീകരിക്കാനാവും എന്നതിന്റെ തെളിവാണ് എംബസിയുടെ ഇടപെടലിലൂടെ കാണേണ്ടത്..ടോണി പറയുന്നു.

അത്ഭുതകരമായി ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും ജോലിയിലേക്ക് തിരികെ പോകാന്‍ ഇനിയും മാസങ്ങളെടുത്തേക്കും.കേരളത്തില്‍ പോയി ആയുര്‍വേദ ചികിത്സ നേടാനുള്ള തയാറെടുപ്പിലാണ് ടോണിയിപ്പോള്‍.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top