Monday September 25, 2017
Latest Updates

കാറിന് പകരം ബീഫ്;യൂറോപ്യന്‍ യൂണിയന്‍ പദ്ധതി വഴി കൂടുതല്‍ ജപ്പാന്‍ വാഹനങ്ങള്‍ ഐറിഷ് നിരത്തിലെത്തും 

കാറിന് പകരം ബീഫ്;യൂറോപ്യന്‍ യൂണിയന്‍ പദ്ധതി വഴി കൂടുതല്‍ ജപ്പാന്‍ വാഹനങ്ങള്‍ ഐറിഷ് നിരത്തിലെത്തും 

ഡബ്ലിന്‍ :ജപ്പാനും യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരബന്ധങ്ങള്‍ കൂടുതല്‍ ദൃഡമാവുന്നു.ജപ്പാനില്‍ നിന്നും കൂടുതല്‍ വാഹനങ്ങള്‍ ഇറക്കുമതി ചെയ്ത് കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യാനുള്ള വമ്പന്‍ വ്യാപാര പദ്ധതിക്ക് യൂറോപ്യന്‍ യൂണിയന്‍ തയ്യാറെടുക്കുകയാണ്.

ജപ്പാനുമായി ചേര്‍ന്നു നടത്തുന്ന ഈ പദ്ധതി അയര്‍ലണ്ടിലെ ബീഫ് കര്‍ഷകര്‍ക്ക് വലിയ അവസരങ്ങള്‍ നല്‍കുന്നതാണെന്നു കൃഷി മന്ത്രി മൈക്കിള്‍ ക്രീഡ് വെളിപ്പെടുത്തി.പദ്ധതിയുടെ ഭാഗമായി ആദ്യ വര്‍ഷം 43500 ടണ്‍ ബീഫ് ജപ്പാനിലേക്ക് അയക്കും.തുടര്‍ന്ന് അടുത്ത 15 വര്‍ഷത്തേക്ക് 9% ഉയര്‍ന്ന നിരക്കും ഇറച്ചിക്ക് ലഭിക്കും.ടോക്കിയോ യുറോപ്യന്‍ ഫാം ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിലക്കു നീക്കിയതോടെയാണ് യൂറോപ്യന്‍ യൂണിയന്‍ അതിന്റെ വിപണി ജപ്പാന്‍ വാഹന വ്യവസായത്തിനു വേണ്ടിയും തുറന്നത്.

നാല് വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കുമൊടുവിലാണ് ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നത്. ജര്‍മ്മനിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയോടെ ഇത് യാഥാര്‍ഥ്യമായി കഴിഞ്ഞു.പദ്ധതി ആരംഭിക്കണമെങ്കില്‍ ഇനി രാഷ്ട്രീയ തീരുമാനം മാത്രമേ ലഭിക്കേണ്ടതുള്ളുവെന്നും മന്ത്രി ക്രീഡ് വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയനിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പൊതുവില്‍ ഈ പദ്ധതിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും വിഷയം കോടതിയിലെത്തിയിട്ടുണ്ട്. ജനാധിപത്യവിരുദ്ധവും ബഹുരാഷ്ട്രക്കുത്തകകമ്പനികളെ സഹായിക്കുന്നതുമാണ് ഈ പദ്ധതിയെന്നാണ് എതിരാളികളുടെ ആരോപണം.ഷീന്‍ ഫെയ്നും ,ഗ്രീന്‍ പീസും പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.പദ്ധതിയുടെ വിശദാംശങ്ങളെല്ലാം ഡെയ്ല്‍ ചര്‍ച്ച ചെയ്യണമെന്ന് ഷിന്‍ഫെയ്ന്‍ ആവശ്യപ്പെട്ടപ്പോള്‍ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്നതാണെന്നാണ് ഗ്രീന്‍പീസ് വിമര്‍ശിച്ചത്.

അയര്‍ലണ്ടില്‍ നിന്നും ബീഫ് കയറ്റി അയയ്ക്കാനും അയര്‍ലണ്ടിലേക്ക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാനുമുള്ള പദ്ധതിയ്ക്ക് പക്ഷെ മാറ്റമൊന്നും ഉണ്ടാവാനിടയില്ലെന്നും മന്ത്രി വെളിപ്പെടുത്തി.

Scroll To Top