Tuesday September 19, 2017
Latest Updates

കാന്‍ഡി ( കഥ – രാജന്‍ വയലുങ്കല്‍ )

കാന്‍ഡി ( കഥ – രാജന്‍ വയലുങ്കല്‍ )

ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് കണ്ടപ്പോള്‍ ആദ്യമൊന്ന് ഞെട്ടി. ഇതവള്‍ തന്നെയായിരിക്കുമോ എന്ന് സംശയിച്ചു. 

ഏയ്; ആയിരിക്കില്ല. 30 വര്‍ഷം മുന്‍പ് അവള്‍ക്കുണ്ടായിരുന്ന ദിവ്യമായ പ്രണയം തകര്‍ത്തെറിഞ്ഞ എന്നെ വീണ്ടും സുഹൃത്താക്കാന്‍ തയ്യാറാവില്ല. പക്ഷെ, ഫേസ്ബുക്കിലെ കൂടുതല്‍ പേജുകള്‍ മറിച്ചപ്പോള്‍ അതവള്‍ തന്നെയെന്ന് ബോധ്യപ്പെട്ടു. 

ഞാനസ്വസ്ഥനായിരുന്നു. കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ഭാര്യയുടെ ഉറക്കത്തിന് തടസ്സമുണ്ടാകുന്നതറിഞ്ഞു.മെല്ലെയെണീറ്റു ഹാളില്‍ ചെന്നപ്പോള്‍ കൂടുതല്‍ തണുപ്പനുഭവപ്പെട്ടു. കര്‍ട്ടന്‍ വകഞ്ഞു മാറ്റി നേര്‍ത്ത മഞ്ഞികണങ്ങള്‍ പറ്റിപ്പിടിച്ചിരുന്ന ചില്ലുപാളിയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ രാത്രിയിലെപ്പൊഴോ പെയ്ത് മഞ്ഞില്‍ പുല്‍ത്തകിടിയും, മരങ്ങളും, പാര്‍ക്ക് ചെയ്തിരുന്ന കാറുകളും പുതച്ചു മൂടിക്കിടക്കുന്നതു കണ്ടു. ഒരു സിഗരറ്റ് വലിക്കണമെന്ന് തോന്നി; പക്ഷെ,പുകവലി തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുന്നത് കൊണ്ട് അതിന് നിവൃത്തിയില്ലാതെ പോയി. 

തിരികെവന്ന് സോഫയില്‍ തനിയെ കിടക്കുമ്പോള്‍ അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എനിക്ക് മുന്നില്‍ കെട്ടഴിഞ്ഞു വീണു.

ബോംബെ നരിമന്‍ പോയന്റിലുള്ള എയര്‍ ഇന്‍ഡ്യ ബില്‍ഡിങ്ങിലെ 19!ാം നിലയിലുള്ള പെട്രോ കെമിക്കല്‍ കമ്പനിയുടെ ഓഫീസില്‍ ആദ്യമായി ജോലിക്കു പോകുന്ന ദിവസമാണ് ഇവളെ കണ്ടുമുട്ടിയത്. ലിഫ്റ്റിനായ് ക്യൂ നില്‍ക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ധൃതിയില്‍ ഓടിവന്നു ക്യൂവില്‍ ചേര്‍ന്നു. സ്വര്‍ണ്ണനിറത്തിലുള്ള ഫ്രോക്കിന്റെ മധ്യഭാഗം വീതികുറഞ്ഞ കറുത്ത ബെല്‍റ്റുകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. കാലില്‍ സ്വര്‍ണ്ണക്കൊലുസും, ഇടതുകൈയ്യില്‍ സ്വര്‍ണ്ണ നിറത്തിലുള്ള വാച്ചും കെട്ടിയിരുന്നു. മുഖത്തുള്ള മേയ്ക്കപ്പില്‍ കണ്ണുകള്‍ വിടരുകയും, ചുണ്ടുകള്‍ ചുവക്കുകയും ചെയ്തിരുന്നു.മേയ്ക്കപ്പില്ലെങ്കിലും ഇവള്‍ സുന്ദരി തന്നെ.എണ്ണമയമില്ലാത്ത മുടിയിഴകള്‍ ഇളകിമറിഞ്ഞു.ഒറ്റനോട്ടത്തില്‍ ഒരു ഗോവക്കാരിയെന്ന് തോന്നാം.പക്ഷെ, മുഖശ്രീ കൊണ്ടൊരു മലയാളിത്തം മിന്നി നില്‍ക്കുന്നതായും തോന്നി.19!ാം നിലയില്‍ ഞാനിറങ്ങുമ്പോഴും അവള്‍ ലിഫ്റ്റില്‍ത്തന്നെയുണ്ടായിരുന്നു.അതിനു മുകളിലുള്ള ഏതെങ്കിലും ഓഫീസില്‍ ഇവള്‍ ജോലിചെയ്യുന്നതാകാമെന്നുറപ്പിച്ചു.

അടുത്ത ദിവസങ്ങളിലും നിറപ്പകിട്ടുള്ള പല വേഷങ്ങളില്‍ അവളെക്കണ്ടു. ദിവസങ്ങള്‍ ആഴ്ചകളായപ്പോള്‍ അവള്‍ എന്നേയും ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായി. പതിവുപോലെ വി.റ്റി (വിക്‌റ്റോറിയ ടെര്‍മിനസ്) സ്റ്റേഷനിലിറങ്ങി കൂപ്പര്‍ മൈതാനം മുറിച്ചുകടന്ന് ചര്‍ച്ച് ഗേറ്റ് വഴി നരിമന്‍ പോയന്റിലേക്ക് നടക്കുമ്പോള്‍ എനിക്ക് മുന്‍പിലായ് അവളെക്കണ്ടു.നടപ്പിനു വേഗം കൂട്ടി അവളോടൊപ്പമെത്തിയിട്ട് പരിചയപ്പെടാന്‍ മനസ്സുപറഞ്ഞു. ഒപ്പമെത്തിയപ്പോള്‍ ധൈര്യം ചോര്‍ന്നുപോയതുപോലെ.കിട്ടിയ അവസരം പാഴാക്കരുതെന്ന് മനസ്സ് വീണ്ടും മന്ത്രിച്ചപ്പോള്‍ ധൈര്യം സംഭരിച്ച് ഞാനവളോട് സംസാരിക്കാന്‍ തുടങ്ങി.

ഗുഡ് മോണിങ്ങ് പറഞ്ഞപ്പോള്‍ മോണിങ്ങ് എന്നവള്‍ തിരിച്ചുപറഞ്ഞു, പക്ഷെ How are you എന്ന ചോദ്യത്തിന് അവള്‍ മറുപടി പറഞ്ഞില്ല.

You are from ? പതറിയ സ്വരത്തില്‍ ഞാന്‍ വീണ്ടും ചോദിച്ചപ്പോള്‍ From India എന്ന മറുപടിയാണ് കിട്ടിയത്. എനിക്കുണ്ടായ ജാള്യത മറച്ചുവച്ച് ഞാന്‍ വീണ്ടും സംസാരിച്ചു.

‘I mean which part of India’

‘I don’t know. I am born and brought up in Bombay. My dad is from Mangalore and Mom from Kerala. Now you can judge yourself where I belong to.’ അവള്‍ അത്രയും പറഞ്ഞു നിര്‍ത്തി.

‘ഇനി കൂടുതലെന്തെങ്കിലും അറിയേണ്ടതുണ്ടോ?’മലയാളത്തില്‍ പെട്ടന്നുള്ള ചോദ്യമെനിക്കിഷ്ടപ്പെട്ടു. 

‘അപ്പോള്‍ മലയാളം അറിയാമല്ലേ?’

‘അറിയാം’ അവളുടെ മറുപടി

‘തര്‍ക്കുത്തരം പറയാനുമറിയാം;അല്ലേ?’ എന്റെയീ ചോദ്യം അവളെ ശുണ്ഠി പിടിപ്പിച്ചു.

‘അതുമറിയാം, എന്താ ? ഓഫീസടുത്തു, സൌകര്യപ്പെട്ടാല്‍ നമ്മുക്ക് വീണ്ടും കാണാം.’

അവള്‍ തന്നെ സംസാരത്തിന് തല്‍ക്കാലം വിരാമമിട്ടു.ഞങ്ങള്‍ വീണ്ടും ലിഫ്റ്റില്‍ കയറാനുള്ള ക്യൂവില്‍ നിന്നു.

ഓഫീസിലിരിക്കുമ്പോള്‍ ചില്ലുപാത്രം വീണുടയുന്നതു പോലെയുള്ള അവളുടെ സ്വരം എന്റെ കാതില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.

വൈകുന്നേരം ഓഫീസ് വിട്ടിറങ്ങുമ്പോള്‍ അവളാരേയോ കാത്തു താഴെ നില്‍ക്കുന്നതുകണ്ടു.

‘എന്താ, എന്നെക്കാത്ത് നില്‍ക്കുകയായിരുന്നോ?’ ഒരു കുറുമ്പ് ചോദ്യം തൊടുത്തുവിടാന്‍ കിട്ടിയ അവസരം ഞാന്‍ പാഴാക്കിയില്ല.

‘വേണമെങ്കില്‍ അങ്ങനെ കരുതിക്കൊള്ളൂ, ഒരുമിച്ചു നടന്നാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന പേടിയൊന്നും എനിക്കില്ല’

ഞങ്ങള്‍ വി റ്റി സ്റ്റേഷനിലേക്ക് ഒരുമിച്ച് നടന്നു.

‘ഇതുവരെ പേരു പറഞ്ഞില്ല’ പേരറിയാനുള്ള ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചു.

‘പേര് ചോദിച്ചാലല്ലേ പറയാന്‍ പറ്റൂ’ അവള്‍ പരിഭവിച്ചു.

‘പേര് കാന്‍ഡി’

‘ഇതെന്ത് പേരാണ്, ഇങ്ങനെയൊരു പേര് ഇതുവരെ ഞാന്‍ കേട്ടിട്ടേയില്ല’

കേട്ടിട്ടില്ലെങ്കില്‍ ഡിക്ഷ്ണറി നോക്കിയാല്‍ മതി’

‘പേരന്റ്‌സ് ?’ എന്റെയന്വേഷണം തുടര്‍ന്നു.

‘Dad, Vincent Perera, a catholic from Mangalore and Mom, Letha Menon, a Malayalee Hindu. രണ്ടും ചേര്‍ന്ന് ഞാന്‍ കാന്‍ഡി വിന്‍സന്റ് മേനോന്‍ ആയി. ഒരുമാതിരിയുള്ള മത സൌഹാര്‍ദ്ദം. പക്ഷെ, എനിക്ക് പ്രത്യേകിച്ച് ജാതിയോ മതമോ ഇല്ല. Whenever I feel like going to church or to temple, I do that and the choice is mine.’

ഇദ്ദേഹത്തിന്റെ പേര് പറഞ്ഞില്ലല്ലോ എന്നോര്‍മ്മിപ്പിച്ചപ്പോള്‍ ചോദിക്കാതെ എങ്ങനെ പറയും എന്ന് ഞാനും മറുപടി കൊടുത്തു.

‘ഞാന്‍ സണ്ണി, സണ്ണി ജോസ്, മധ്യതിരുവതാംകൂറിലെ ഒരു കത്തോലിക്ക കുടുംബം. അപ്പന്‍ ഒരു ഓര്‍ത്തഡോക്‌സ് ചിന്താഗതിക്കാരന്‍.അമ്മയും അങ്ങനൊക്കെത്തന്നെ, ഞാന്‍ ഒരേയൊരു മകന്‍.’

വര്‍ത്തമാനം പറഞ്ഞും പറയാതെയും ഞങ്ങള്‍ വിറ്റി സ്റ്റേഷനിലെത്തി. സ്റ്റേഷനിലെ ആള്‍ക്കൂട്ടത്തില്‍ ഇരുവരും അലിഞ്ഞു ചേര്‍ന്നു.

പിറ്റേന്ന് രാവിലെ വി റ്റി സ്റ്റേഷനില്‍ ഞാനവള്‍ക്കായി കാത്തുനിന്നു. ഷൂ പോളീഷ് ചെയ്യാനായി പെട്ടിയില്‍ കൊട്ടിവിളിക്കുന്ന പയ്യന്റെ നിലവിളിക്ക് ഞാന്‍ ചെവികൊടുത്തില്ല. ഹാര്‍ബര്‍ ലൈനില്‍ ചൂളം വിളിച്ച് പാഞ്ഞടുക്കുന്ന ട്രെയില്‍ നില്‍ക്കുന്നതിനുമുമ്പ് തന്നെ ജീവന്‍ പണയം വച്ച് ആളുകള്‍ ചാടിയിറങ്ങി ഓടിത്തുടങ്ങി.സമയത്ത് ഓഫീസിലെത്താനുള്ള തത്രപ്പാടില്‍ സ്വന്തം ജീവന്റെ സുരക്ഷ പലരും ശ്രദ്ധിക്കാറില്ല. അതാണ് ബോംബെ. ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ നിന്നും ചാടിയിറങ്ങി ആള്‍ക്കൂട്ടത്തിനിടയിലൂടെ തലയെടുപ്പോടെ വേഗത്തില്‍ അവള്‍ നടന്നടുക്കുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവള്‍ കാണത്തക്കവിധം ഞാന്‍ പ്രധാന വാതിലിനരികില്‍ നിലകൊണ്ടു. ഞങ്ങളൊരുമിച്ച് വീണ്ടും കൂപ്പര്‍ മൈതാനം മുറിച്ചുകടന്ന് ചര്‍ച്ച് ഗേറ്റ് വഴി ഓഫീസിലേക്ക് നടന്നു.

‘ഇന്നലെ വീട്ടില്‍ ചെന്നു ഡിക്ഷ്ണറി നോക്കി’ ഞാന്‍ സംസാരത്തിന് തുടക്കമിട്ടു. ‘Candy means sweet, you are sweet, എന്താ മതിയോ ?’

അവളുടെ കണ്ണൂകള്‍ വിടരുന്നതും, തിളക്കം വര്‍ദ്ധിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു. You are my sweet heart, എന്ന് പറയാനുള്ള ധൈര്യമുണ്ടായില്ല.

രാവിലേയും വൈകുന്നേരവും ഒരാള്‍ മറ്റൊരാള്‍ക്കായ് കാത്തു നില്‍ക്കുന്നത് പതിവായി. ഞങ്ങള്‍ ഒരുമിച്ചു നടന്നു, വിശേഷങ്ങള്‍ പങ്കുവച്ചു.

ഒരു ദിവസം അവള്‍ പറഞ്ഞു, ‘നാളെ രാവിലെ നേരത്തേ വരണം, നമ്മുക്കൊരുമിച്ച് ഹോട്ടലില്‍ നിന്നും ബ്രേക്!ഫാസ്റ്റ് കഴിക്കാം’

‘എന്തെങ്കിലും പ്രത്യേകിച്ചു വിശേഷം?’

‘ഏയ്, ഒന്നുമില്ല വെറുതെ’

‘ശരി’ ഞാന്‍ സമ്മതം കൊടുത്തു.

പിറ്റേദിവസം ഞാന്‍ സ്റ്റേഷനിലെത്തുമ്പോള്‍ അവളെന്നെക്കാത്ത് നില്‍ക്കുകയായിരുന്നു.പതിവിന് വിപരീതമായ് പട്ടുസാരിയുടുത്ത്, മുല്ലപ്പൂ ചൂടി, ചന്ദനക്കുറി തൊട്ട്, ശാലീനയായ നാടന്‍ മലയാളി പെണ്‍കുട്ടിയെപ്പോലെ. പണ്ടെങ്ങോ വായിച്ച ചങ്ങമ്പുഴ കവിതയിലെ

മഞ്ഞത്തെച്ചിപ്പൂങ്കുലപോലെ
മഞ്ജിമവിടരും പുലര്‍കാലേ
നിന്നൂ ലളിതേ നീയെന്‍ മുന്നില്‍
നിര്‍വൃതി തന്‍ പൊന്‍കതിര്‍ പോലെ

ആദ്യ ദര്‍ശനത്തില്‍ത്തന്നെ നീയെന്റെ മനസ്സില്‍ കുടിയേറിയതാണ്. ഇന്നിപ്പോള്‍ ഈ നിമിഷം നിന്നെ സ്വന്തമാക്കാന്‍ ഞാനാഗ്രഹിക്കുന്നുവെന്ന് പറയണമെന്ന് തോന്നി.

‘ഇന്നെന്താ പതിവില്ലാത്തൊരു വേഷപ്പകര്‍ച്ച? ‘

‘ഇന്നെന്റെ ബര്‍ത്ത് ഡേ ആണ്, ഈ ദിവസം ഇങ്ങനെ വേണമെന്നത് അമ്മയുടെ നിര്‍ബന്ധമാണ്.രാവിലെ ക്ഷേത്രത്തില്‍ പോയി ഇഷ്ടദേവനോട് പ്രാര്‍ത്ഥിച്ചു’

‘എന്ത്?’

‘എന്റെ ഇഷ്ടങ്ങള്‍ സാധിച്ചു തരണേയെന്ന് ‘ അവള്‍ നവവധുവിനെപ്പോലെ നിന്ന് നാണം കുണുങ്ങി.

‘ഇതെന്തേ നേരത്തേ നീ എന്നോട് പറഞ്ഞില്ല. ഒരു സമ്മാനം കരുതാനുള്ള സാവകാശം നീ തന്നില്ല്.’

‘Many many happy returns of the day’ഞാനാദ്യമായ് അവളുടെ കൈയ്യില്‍ പിടിച്ചു കൊണ്ട് പിറന്നാളാശംസകള്‍ അറിയിച്ചു.അവളുടെ മൃദുലമായ കൈയ്യിലെ തണുപ്പ് ഏറ്റുവാങ്ങുമ്പോള്‍ അവളോടുള്ള പ്രണയമെങ്ങനെ അറിയിക്കണമെന്ന ചിന്തയിലായിരുന്നു ഞാന്‍.

ചര്‍ച്ച് ഗേറ്റിലെ ഹോട്ടല്‍ അംബാസഡറിലെ സോള്‍ട്ട് & പെപ്പര്‍ കോഫിഷോപ്പില്‍ മുഖത്തോട് മുഖം നോക്കി കാപ്പികുടിക്കുമ്പോള്‍ ഞാനെന്റെ പ്രണയം ആദ്യമായി അവളോട് തുറന്നു പറഞ്ഞു.ഈ നിമിഷത്തിനായ് അവളും കാത്തിരിക്കുകയായിരുന്നുവെന്ന് എനിക്കു ബോധ്യപ്പെട്ടു.ഈ ഹോട്ടലിന്റെ ഏറ്റവും മുകളിലായ് ഒരു റിവോള്‍വിങ്ങ് റെസ്റ്റോറന്റ് ഉണ്ട്. ഒരുനാള്‍ ഡിന്നറിനായി നമ്മുക്കവിടെ പോണം. അവള്‍ പറഞ്ഞുതുടങ്ങി.

‘അവിടെയിരിക്കുമ്പോള്‍ ഈ മഹാനഗരം നമ്മുക്ക് ചുറ്റും മെല്ലെ കറങ്ങുന്നതുപോലെ തോന്നും.മേലാപ്പ് ചാര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങളുടെ വര്‍ണ്ണവെളിച്ചം നമ്മുക്കുചുറ്റും വലയം തീര്‍ക്കും.ക്യൂന്‍സ് നെക്ലസ് എന്നറിയപ്പെടുന്ന മറൈന്‍ ഡ്രൈവിലെ നിയോണ്‍ ബള്‍ബുകള്‍ രാജ്ഞിയുടെ നെക്ലസിലെ പവിഴമുത്തുകള്‍ പോലെ വെട്ടിത്തിളങ്ങുന്നത് കാണാം. അങ്ങകലെ വാങ്കഡെ സ്റ്റേഡിയത്തിലെ വെള്ളിവെളിച്ചം ക്രിക്കറ്റ് പ്രേമിയായ നിന്നെ അവിടേക്കാകര്‍ഷിക്കും.’

‘പേടിക്കണ്ട, ഒരു ഡിന്നറിനുള്ള ചിലവ് എനിക്ക് താങ്ങാനാകും’ അവള്‍ പറഞ്ഞു നിര്‍ത്തി.

ഞങ്ങളുടെ പ്രണയം വളരുകയും പടരുകയും ചെയ്തു. മാട്ടുംഗയിലെ കൊച്ചുഗുരുവായൂര്‍ ക്ഷേത്രത്തിലും, ബാന്ദ്രയിലെ മാതാവിന്റെ പള്ളിയിലും ഞങ്ങള്‍ പ്രാര്‍ത്ഥനകളര്‍പ്പിച്ചു.

പിറ്റേദിവസം പതിവ് ട്രെയിന്‍ ക്യാന്‍സല്‍ ചെയ്തതുകൊണ്ട് പ്ലാറ്റ്‌ഫോമില്‍ തിരക്കുകൂടി.വി റ്റിയില്‍ കാന്‍ഡി എന്നെ കാത്തുനില്‍ക്കുമെന്നതുകൊണ്ട് തിരക്കേറെയുണ്ടായിട്ടും അടുത്ത വന്ന ട്രെയിനില്‍ ഞാന്‍ തള്ളിക്കയറി.പലരും വാതിലിന് വെളിയിലായ് തൂങ്ങിനില്‍ക്കുന്നുണ്ടായിരുന്നു.കണ്ടും കൊണ്ടും പരിചയമുണ്ടായിരുന്നതുകൊണ്ട് എനിക്കതില്‍ അത്ഭുതമോ പേടിയോ തോന്നിയില്ല. ബോംബേയിലെ ഇലക്ട്രിക് ട്രെയിനില്‍ സഞ്ചരിച്ചിട്ടുള്ള ഏതൊരാള്‍ക്കും ഇതില്‍ പുതുമ തോന്നില്ല. വണ്ടിയോരോ സ്റ്റെഷനിലെത്തുമ്പോഴും കുറേയാളുകളെ പ്ലാറ്റ്‌ഫോമിലേക്ക് ചവച്ചു തുപ്പുകയും, അതിലെറെ ആളുകളെ ആ നീണ്ട വായിലേക്ക് വലിച്ചെടുക്കുകയും ചെയ്തിരുന്നു.ട്രെയിന്‍ വി റ്റി സ്റ്റേഷനിലെത്തുമ്പോഴും കമ്പാര്‍ട്ട്‌മെന്റില്‍ നിറയെ ആളുകളുണ്ടായിരുന്നു.ഓരോ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഈ ആള്‍ക്കൂട്ടത്തെ പ്ലാറ്റ്‌ഫോമിലേക്ക് കുടഞ്ഞിട്ടു.അവിടെ വീണവരും വീഴാത്തവരും ഓടിത്തുടങ്ങി.

എല്ലാവരും ഈ മഹാനഗരത്തിലെ മാനംമുട്ടെ നില്‍ക്കുന്ന കോണ്‍ക്രീറ്റ് കാടുകളില്‍ ചെറുതും വലുതുമായ ഏതെങ്കിലും ഓഫീസില്‍ അതിജീവനത്തിനായ് ജീവിതം പണയപ്പെടുത്തിയവര്‍. റെയില്‍!വേസ്റ്റേഷനിലെ ടെലഫോണ്‍ ബൂത്തില്‍ നിന്നും അവളുടെ ഓഫീസിലേക്ക് വിളിച്ചപ്പൊള്‍ അവളവിടെ എത്തിയിട്ടുണ്ടെന്നറിഞ്ഞു.

വൈകുന്നേരം അവളെന്നെ കാത്തുനിന്നു. പക്ഷെ ഒന്നും മിണ്ടിയില്ല.ഞാന്‍ നടന്നു തുടങ്ങിയപ്പോള്‍ എനിക്ക് പിന്നിലായ് അവളും നടന്നു. ഓബ്‌റോയ് ഹോട്ടലിന്റെ മുമ്പിലെ ട്രാഫിക് സിഗ്‌നലില്‍ പച്ചനിറം തെളിഞ്ഞപ്പോള്‍ അവളെന്റെ ഓരം ചേര്‍ന്നുനിന്നു.അനുവാദത്തിനായ് കാത്തുനില്‍ക്കാതെ എന്റെ കൈപിടിച്ചുകൊണ്ട് റോഡ് മുറിച്ചുകടന്നു.ഞങ്ങള്‍ കടല്‍ഭിത്തിയോട് ചേര്‍ന്നുനിന്നു മുഖത്തോട് മുഖം നോക്കിയപ്പോള്‍ അവളുടെ പിണക്കം മാഞ്ഞ് മുഖത്ത് സൂര്യകാന്തിപ്പൂ വിടരുന്നത് കണ്ടു. 

ചെമ്പട്ട് പുതച്ച് പടിഞ്ഞാറേ ചക്രവാളത്തില്‍ ഒളിക്കാന്‍ തയ്യാറെടുക്കുന്ന സൂര്യഭഗവാന്റെ അഗ്‌നിപ്രഭയില്‍ തിരമാലകള്‍ക്ക് രാക്ഷസഭാവം. തീരം പുല്‍കാന്‍ ആര്‍ത്തിയോടെ പാഞ്ഞടുക്കുന്ന തിരമാലകള്‍ കടല്‍ഭിത്തിയില്‍ തട്ടി ജീവനൊടുക്കി.

‘Do you really love me?’അപ്രതീക്ഷിതമായിരുന്നു അവളുടെ ചോദ്യം.

ഞാനവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞുനിന്ന തുടുത്ത കവിളില്‍ കുറുനിരകള്‍ ഒട്ടിപ്പിടിച്ചിരുന്നു.അന്നാദ്യമായി ഞാനവളുടെ കവിളില്‍ ഉമ്മവച്ചിട്ട് ചോദിച്ചു 

‘ഈ മഹാസമുദ്രത്തില്‍ എത്രമാത്രം ജലമുണ്ടാകുമെന്ന് നിനക്ക് പറയാനാകുമോ?’

ഇല്ലെന്ന ഭാവത്തില്‍ അവള്‍ തലയാട്ടി.

‘അത്രയേറെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’

എങ്കില്‍ ഞാന്‍ മറ്റൊരുകാര്യം തിരിച്ചു പറയുന്നു, എനിക്ക് നിന്നോടുള്ള പ്രണയാഗ്‌നിയെക്കെടുത്താന്‍ ഈ ജലമത്രയും മതിയാവില്ല.

അവളുടെ ഈ പ്രസ്താവനയില്‍ ഞാന്‍ ശൂന്യനായതുപോലെ തോന്നി.അവളുടെ കവിളില്‍ ഞാന്‍ വീണ്ടും ഉമ്മ കൊടുത്തു.മറ്റാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്നത് ഞാന്‍ പരിഗണിച്ചില്ല.

പക്ഷിക്കൂട്ടം അന്തിയുറങ്ങാന്‍ ചില്ലകള്‍ തേടി അര്‍ദ്ധവൃത്താകൃതിയില്‍ പറന്നകന്നു. നിരത്തില്‍ വഴിവിളക്കുകള്‍ പ്രകാശം പരത്തി.വീട്ടിലെത്താന്‍ അവള്‍ തിരക്കു കൂട്ടിയപ്പോള്‍ ഞങ്ങള്‍ നടപ്പിന് വേഗത കൂട്ടി.

ഞങ്ങളുടെ പ്രണയം വളര്‍ന്നു, കൊടുമുടിയോളം.ജൂഹു ബീച്ചും, ചൌപ്പാട്ടി ബീച്ചും, മലബാര്‍ ഹില്ലും, എലഫന്റാ കേവ്‌സും, ഗേറ്റ് വേ ഓഫ് ഇന്‍ഡ്യയും അതിനു സാക്ഷികളായി.ജൂഹു ബീച്ചിലെ നനഞ്ഞ മണലില്‍ കാല്‍!വിരല്‍ കൊണ്ട് പ്രേമസൂക്തങ്ങള്‍ രചിക്കുകയും, എഴുതിത്തീരും മുന്‍പേ കടല്‍ത്തിരകള്‍ അത് നക്കിയെടുക്കുകയും ചെയ്തു. ചൌപ്പാട്ടി ബീച്ചിലെ ഭയ്യായുടെ ഭേല്‍പ്പൂരി കഴിച്ചുകൊണ്ട് മുട്ടിയുരുമ്മിയിരിക്കുമ്പോള്‍ അവള്‍ പങ്കജ് ഉധാസിന്റെ പ്രേമം സ്ഫുരിക്കുന്ന ഗസലിലെ വരികള്‍ മൂളിക്കൊണ്ടിരുന്നു. ഗേറ്റ് വേ ഓഫ് ഇന്‍ഡ്യയിലെ കുറുകുന്ന പ്രാവിന്‍ കൂട്ടം ഞങ്ങളുടെ പ്രണയ ലീലകള്‍ക്ക് അകമ്പടി സേവിച്ചു.

ഏറ്റവുമൊടുവില്‍ ഒരുദിവസം എനിക്കവളോട് പറയേണ്ടി വന്നു, എനിക്ക് നാട്ടില്‍ പോകണം, വീട്ടില്‍ നിന്നുള്ള കല്പനയാണ്. പോകാതിരിക്കാന്‍ നിവൃത്തിയില്ല.എത്രയും വേഗം തിരിച്ചുവരാം.

നാട്ടിലേക്ക് പോകുന്നതിന്റെ തലേദിവസം അവളെന്നെ വീട്ടിലേക്ക് ക്ഷണിച്ചു.ഞാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അവള്‍ തനിച്ചേ ഉണ്ടായിരുന്നുള്ളൂ.ഞങ്ങളൊരുമിച്ച് ഭക്ഷണം കഴിച്ചു.സോഫയില്‍ മുട്ടിയുരുമ്മിയിരുന്നു.അവളെന്റെ മടിയില്‍ തലവച്ചു കിടന്നിട്ടു ചോദിച്ചു..

‘നീ എന്നെങ്കിലും തിരികെ വരുമോ?’

അവളുടെ ആ ചോദ്യം എന്നെ വേദനിപ്പിച്ചു.അഴിച്ചിട്ട മുടിയിഴകള്‍ തഴുകിക്കൊണ്ടിരുന്ന എന്റെ കൈകള്‍ കൊണ്ടവളുടെ മുഖം പിടിച്ചുയര്‍ത്തി. ചുവന്ന കവിളിലൂടെ കണ്ണീര്‍ച്ചാലൊഴുകുന്നതും, വിതുമ്പുന്ന ചുണ്ടുകളും എന്നെത്തളര്‍ത്തി.

love-man-woman-silhouette-wide-1680x1050അവളുടെ കണ്ണുകളിലെ ഉപ്പുരസവും, ചുണ്ടിന്റെ വിതുമ്പലും, തുടിക്കുന്ന മാറിന്റെ മാര്‍ദ്ദവവും ഞാനെന്റെ ചുണ്ടു കൊണ്ടൊപ്പിയെടുത്തു.മുറുകെ കെട്ടിപ്പിടിച്ചു.പ്രണയം കാമത്തിന് വഴിമാറുന്നത് ഞാന്‍ തിരിച്ചറിഞ്ഞെങ്കിലും നിയന്ത്രിക്കാനായില്ല. ഉടയാടകള്‍ ഓരോന്നായ് അഴിഞ്ഞു വീഴുമ്പോള്‍ അവളെന്റെ കാമത്തിന് മുന്നില്‍ കീഴടങ്ങുന്നതായി ഞാന്‍ രുചിച്ചറിഞ്ഞു.പെട്ടന്ന് കുതറിമാറിക്കൊണ്ട് അവള്‍ പറഞ്ഞു

‘എന്റെയീ ശരീരത്തിന് മറ്റാരും അവകാശിയാവില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ നിനക്കെന്നെ ഇപ്പോള്‍ എന്തുവേണമെങ്കിലും ചെയ്യാം, ഞാന്‍ പൂര്‍ണ്ണമായും സഹകരിക്കുകയും ചെയ്യാം..’

പക്ഷെ, എന്തുകൊണ്ടോ ഞാനങ്ങനെ പറഞ്ഞില്ല.എവിടെയോ ഒരു സംശയം ബാക്കി നില്‍ക്കുന്നത് പോലെ.എന്റെ കാമാര്‍ത്തിയില്‍ നിന്ന് ഞാന്‍ സ്വയം പിന്‍!വാങ്ങി.അഴിഞ്ഞുകിടന്ന ഷര്‍ട്ടിന്റെ ബട്ടനുകള്‍ നേരേയാക്കിയിട്ടിട്ട് അവളുടെ കൈപിടിച്ച് ഞാന്‍ പറഞ്ഞു.

‘എന്റെ പെണ്ണിനെ കൂട്ടിക്കൊണ്ട് പോകാന്‍ എനിക്കാവണേ എന്ന് ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നു.’

ഞാന്‍ തിരികെ പോന്നു.പിന്നീടൊരിക്കലും ഞാനവളെ കണ്ടിട്ടില്ല.സ്വരം കേട്ടിട്ടില്ല.ഒന്നിനും ശ്രമിച്ചില്ല എന്നതാണ് ശരി.

കമ്പ്യൂട്ടറിന്റെ സ്‌ക്രീനില്‍ ഇന്ന് ഞാനവളെ കണ്ടു, സ്വരവും കേട്ടു.മുഖം വിളറിയിരുന്നു.പ്രായത്തിനപ്പുറം ചുളിവുകളും കാണപ്പെട്ടു.കണ്ണുകളിലെ നക്ഷത്രത്തിളക്കം മാഞ്ഞിരുന്നു.ചില്ലുപാത്രം വീണുടയും പോലുള്ള സ്വരം അന്യമായതു പോലെ.

30 വര്‍ഷത്തെ അവളുടെ ജീവിതം ഏച്ചുകെട്ടില്ലാതെ മൂന്ന് മണിക്കൂറില്‍ പറഞ്ഞു തീര്‍ത്തു.പ്രണയത്തിന്റെ, തിരസ്‌കരണത്തിന്റെ, ഒറ്റപ്പെടലിന്റെ, ഒടുവില്‍ ജീവിത വിജയത്തിന്റെ. അപ്പന്റെ നിര്‍ബന്ധത്തിന് വഴങ്ങി മാംഗ്!ളൂരിയെ വിവാഹം കഴിച്ചതിന്റെ, അവളുടെ സ്വത്തിനെ ചൊല്ലിയുള്ള അയാളുടെ വഴക്കിനെക്കുറിച്ച്, അയാളില്‍ ഇരട്ടപ്പെണ്‍കുട്ടികള്‍ പിറന്നത്, കുട്ടികള്‍ ഓട്ടിസ്റ്റിക് ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം ബന്ധം ഉപേക്ഷിച്ച് പോയത്..എല്ലാം.

എല്ലാം കേട്ടുകഴിഞ്ഞ് ഞാനവളോട് യാചിച്ചു, അവിടെ വന്നു നിന്നെ ഞാനൊന്ന് കണ്ടോട്ടേയെന്ന്.അല്പ നേരത്തെ മൌനത്തിന് ശേഷം അവള്‍ പറഞ്ഞു

‘വേണ്ട, നിന്നെക്കാണാന്‍ കാത്തിരുന്ന നിമിഷങ്ങളുണ്ട്..ദിവസങ്ങളും, മാസങ്ങളും, വര്‍ഷങ്ങളുമുണ്ട്.നീ വന്നില്ല, ഇനിയും എനിക്ക് നിന്നെ കാണണ്ട. നിന്റെ സഹതാപവും, സാന്ത്വനവും എനിക്ക് വേണ്ട.’

‘ഇതെന്റെ നിയോഗമാണ്, എന്റെ മാത്രം. ഞാനെന്തായിത്തീരണമെന്നും, എങ്ങനെയായിത്തീരണമെന്നും എഴുതപ്പെട്ടിരുന്നു.ഓരോ നെന്മണിയും ആരുടെ വിശപ്പ് മാറ്റണമെന്ന് എഴുതപ്പെട്ടിട്ടുണ്ട്.അതു ഞാന്‍ തിരിച്ചറിയുന്നു.’

‘നീ കൂടുതല്‍ ഫിലോസഫിക്കലാവുന്നു’ ഞാനോര്‍മ്മപ്പെടുത്തി.

‘ഇത് ഫിലോസഫിയല്ല, റിയാലിറ്റി, അബ്‌സൊല്യൂട്ട് റിയാലിറ്റി, എനിക്ക് സര്‍വൈവ് ചെയ്യണം, വളര്‍ന്നു വലുതായ എന്റെ കുഞ്ഞുങ്ങള്‍ക്കും.അതിനു വേണ്ടിയാണ്, അവര്‍ക്കു വേണ്ടിയും, അവരെപ്പോലെയുള്ള മറ്റു കുട്ടികള്‍ക്കും വേണ്ടി അപ്പന്‍ നീക്കിവച്ച എന്റെ വലിയ സമ്പത്തുകൊണ്ട് ഓട്ടിസത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള സ്‌കൂള്‍ തുടങ്ങിയത്. ഞാനാണവരുടെ അമ്മയും അച്ഛനും, ഗുരുവും.

പിന്നെ എന്തിന് വേണ്ടി നിന്നെ തിരഞ്ഞുകണ്ടുപിടിച്ചുവെന്ന് ചോദിച്ചേക്കാം. മൂന്നാല് കാര്യങ്ങള്‍ നിനക്ക് ബോധ്യപ്പെടുത്തിത്തരാന്‍.ഫലം കാണുമെന്ന് കരുതിയതല്ല.

1. ഞാനിന്നും ജീവിച്ചിരിക്കുന്നുവെന്ന് അറിയിക്കാന്‍,

2.നിരാലംബയായ ഒരു സ്ത്രീയുടെ ശക്തിയെക്കുറിച്ച് പറഞ്ഞ് നിന്നെ നാണം കെടുത്താന്‍.

3.നീയെന്നെ സ്‌നേഹിച്ചിരുന്നില്ല എന്ന കാര്യം ഓര്‍മ്മപ്പെടുത്താന്‍.എന്റെ ശരീരത്തെപ്പോലും നീ സ്‌നേഹിച്ചിരുന്നില്ല.അവസാനമായ് നമ്മള്‍ കണ്ട ദിവസം ഒറ്റ വ്യവസ്ഥയുടെ പേരില്‍ എനിക്കുള്ളതെല്ലാം തരാന്‍ ഞാന്‍ തയ്യാറായപ്പോഴും നീയത് വാങ്ങാതെ കടന്നു പോയി.

4. നീയെന്നില്‍ നിന്നും ഒഴിഞ്ഞുപോയതിന് നന്ദി പറയാന്‍.അതുകൊണ്ടാണെനിക്കിങ്ങനെ രണ്ട് കുട്ടികളെ കിട്ടിയതും, അവരോടൊപ്പം മറ്റുകുട്ടികളെ പരിപാലിക്കുന്നതും.ഈ പുണ്യപ്രവര്‍ത്തി ചെയ്യുന്ന ഓരോ നിമിഷവും ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു.

എല്ലാത്തിനും നന്ദി, ഒരുകാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, ബോംബെയുടെ പേര് മാറ്റി മുംബൈ എന്നും , വീ റ്റി സ്റ്റേഷന്റേത് ഛത്രപതി ശിവാജി ടെര്‍മിനസ് (CST) എന്നും , നീയിത് അറിഞ്ഞുകാണുമല്ലോ? ഞാനും നീയും മാറി, മാറ്റങ്ങള്‍ പലപ്പോഴും മറക്കാന്‍ പഠിപ്പിക്കുന്നു. 

തീര്‍ച്ചയായും നമ്മുടെ പ്രണയകാലം സുരഭിലമായിരുന്നു. നിറമുള്ള സ്വപ്നങ്ങള്‍ കാണുകയും അവയെ താലോലിക്കുകയും ചെയ്തിരുന്നു. പുത്തന്‍ പുസ്തകത്തിന്റെ മണമുള്ള താളുകള്‍ക്കിടയില്‍ കുട്ടികള്‍ മയിപ്പീലിത്തുണ്ടുകള്‍ സൂക്ഷിക്കുന്നതുപോലെ ഞാനും എന്റെ സ്വപ്നങ്ങള്‍ സൂക്ഷിച്ചുവച്ചു. സ്വപ്നങ്ങള്‍ക്ക് നിറം കെട്ടപ്പോള്‍ പലകാലങ്ങളിലായ് മിക്കതും മായിച്ചുകളഞ്ഞു. ശേഷിക്കുന്നവ ഇപ്പോള്‍ മായിക്കുന്നു.

മറുവാക്കിന് കാത്തുനില്‍ക്കാതെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നിന്നും അവള്‍ മിന്നിമറയുന്നത് നോക്കിനില്‍ക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ ശപിച്ചു.

rajanരാജന്‍ വയലുങ്കല്‍ (അയര്‍ലണ്ടിലെ കലാ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായ രാജന്‍ വയലുങ്കല്‍ സിന്‍ണ്ടിക്കേറ്റ് ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥനും ബാങ്ക് എംപ്ലോയീസ് ആര്‍ട്ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ സെക്രട്ടറിയുമായിരുന്നു.ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശി ) 

Scroll To Top