Thursday October 18, 2018
Latest Updates

കാണാതായി ഒരാഴ്ച കഴിഞ്ഞിട്ടും ലീഗയെ കുറിച്ച് ഒരു വിവരവുമില്ല: അയര്‍ലണ്ടില്‍ നിന്നും നിന്നും ഭര്‍ത്താവ് കേരളത്തിലെത്തി, അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പോലീസ് 

കാണാതായി ഒരാഴ്ച കഴിഞ്ഞിട്ടും ലീഗയെ കുറിച്ച് ഒരു വിവരവുമില്ല: അയര്‍ലണ്ടില്‍ നിന്നും നിന്നും ഭര്‍ത്താവ് കേരളത്തിലെത്തി, അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പോലീസ് 

തിരുവനന്തപുരം: പോത്തന്‍കോടുള്ള ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഐറിഷ് വനിതയുടെ തിരോധാനത്തിന് ഒരാഴ്ച തികഞ്ഞിട്ടും കണ്ടെത്താനാകാതെ പൊലീസ്.കോസ്റ്റല്‍ ഗാര്‍ഡുള്‍പ്പെടെ എല്ലാ ഏജന്‍സികളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള തിരച്ചിലാണ് നടത്തിവരുന്നതെന്ന് കോവളം പോലീസ് ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.

വിഷാദ രോഗത്തിന്റെ ചികിത്സയ്ക്കായാണ് കഴിഞ്ഞ മാസം 21ന് അയര്‍ലണ്ടിലെ കോര്‍ക്കില്‍ ഹോട്ടല്‍ ജീവനക്കാരിയായ ലിഗ സ്‌ക്രോമെനും സഹോദരി ലില്‍സിയും പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആയുര്‍വേദ ആശുപത്രിയിലെത്തുന്നത്. ഫോണും പാസ്പോര്‍ട്ടുമെല്ലാം ഉപേക്ഷിച്ച് ഒരു ഓട്ടോയില്‍ കയറി കോവളത്തുപോയ ലിഗയെ കുറിച്ച് പിന്നീട് ഒരു അറിവുമില്ലെന്നാണ് സഹോദരിയുടെ പരാതി.
ലിഗയെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംബസിയ്ക്കും ബന്ധുകള്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ ഇതുകൊണ്ടൊന്നും പ്രയോജനം ലഭിക്കാത്തതിനെ തുടര്‍ന്ന് ലിഗയെ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ബന്ധുക്കള്‍.

അതേസമയം, അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഓച്ചിറയില്‍ വച്ച് ലിഗയെ ചിലര്‍ കണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോത്തന്‍കോട് എസ്.ഐയും സംഘവും അവിടെ എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് അയര്‍ലണ്ടില്‍ നിന്നും വിവരമറിഞ്ഞെത്തിയ ലീഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ പറയുന്നു. പലയിടത്തും നേരിട്ട മോശം അനുഭവങ്ങളും അദ്ദേഹം മറച്ചുവെച്ചില്ല. പക്ഷേ അതൊന്നും ആന്‍ഡ്രുവിന് വിഷയമല്ല. ഭാര്യയെ കണ്ടെത്തുക മാത്രമാണ് ലക്ഷ്യം. തിരുവനന്തപുരം നഗരത്തിലെമ്പാടും ലീഗയെ തേടിയുള്ള ആന്‍ഡ്രുവിന്റെയും, ലീസയുടെയും പോസ്റ്ററുകള്‍ കാണാം.അതും ഇരുവരും സ്വന്തം നിലയ്ക്ക് ഒട്ടിച്ചതാണ്.നഗരത്തില്‍ നാലാള്‍ കൂടുന്നിടത്തെല്ലാം തൊഴുകൈയ്യേടെ അപേക്ഷിക്കുകയാണ് മാനസികരോഗിയായ തന്റെ ഭാര്യയെ കണ്ടെത്താന്‍ സഹായിക്കണേ എന്ന്.ഭാഷയോ,നാടോ, മതമോ ഒന്നും നോക്കാതെ നിരവധി തിരുവന്തപുരം നിവാസികള്‍ ആന്‍ഡ്രുവിന് സഹായവുമായെത്തുന്നുണ്ട്.

പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന തിരച്ചില്‍ രാത്രി വൈകിയും നീളും, കോവളത്തെ വിജനമായ ബീച്ചുകളില്‍ ഉള്‍പ്പടെ ആന്‍ഡ്രൂ അലഞ്ഞു തിരിയാത്ത വഴികളില്ല. രാത്രിയില്‍ ഒരു മൊബൈല്‍ ലൈറ്റിന്റെ വെളിച്ചത്തെ മാത്രം ആശ്രയിച്ചാണ് ആന്‍ഡ്രൂവിന്റെ തിരച്ചിലുകള്‍. ലക്ഷ്യം ഒന്നു മാത്രമായതിനാല്‍ ആന്‍ഡ്രു മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കുന്നതേയില്ല. സഹോദരി ലീസ കോവളത്തെ ഓരോ കടകളിലും, ഹോട്ടലുകളിലും കയറി തിരച്ചില്‍ തുടരുന്നു. ഭാര്യക്കൊന്നും സംഭവിക്കില്ല, സമാധാനമായി ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കൂ എന്ന പോലീസിന്റെ സ്ഥിരം പല്ലവി കേട്ടു കേട്ടു മടുത്തുവെന്ന് ആന്‍ഡ്രൂ പറയുന്നു. ഉറ്റവരോ ഉടയവരോ ഇല്ലാത്ത മറ്റൊരു നാട്ടില്‍ സമാന സാഹചര്യത്തില്‍ പെട്ടു പോകുന്ന ഒരാള്‍ക്കു മാത്രമേ തന്റെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ കഴിയൂ എന്ന് ആന്‍ഡ്രൂ പരിതപിക്കുകയാണ്. പക്ഷേ ഈ അന്വേഷണത്തിന്റെ വ്യാപ്തിയിലുപരി നമ്മുടെ അധികൃതര്‍ക്ക് ഇവരെ സഹായിക്കാനാകും. ബന്ധപ്പെട്ട ഭരണകൂടങ്ങള്‍ക്ക് ഇവരെ സഹായിക്കാനാകും. അതിനായുള്ള ശ്രമത്തിലാണ് ഇരുവരും. 7 ദിവസം പിന്നിട്ടതോടെ ഇവരുടെ താമസം ഉള്‍പ്പടെയുള്ളവ പ്രതിസന്ധിയിലായിരിക്കുകയാണ്

നീല നിറത്തിലുള്ള ടീ ഷര്‍ട്ടും കറുത്ത ലെഗിന്‍സുമാണ് കാണാതാകുമ്പോള്‍ ലിഗ ധരിച്ചിരുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0471 – 2716100 , 9497980148 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് പോത്തന്‍കോട് പൊലീസ് അറിയിച്ചു. മുമ്പ് വര്‍ക്കലയില്‍ വച്ചും ലിഗയെ കാണാതായി പരാതിയുണ്ടായിരുന്നു. അന്ന് നടത്തിയ അന്വേഷണത്തിനൊടില്‍ യുവതിയെ ബീച്ചില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

Scroll To Top