Tuesday September 25, 2018
Latest Updates

കര്‍ണ്ണാടകത്തില്‍ യെദിയൂരപ്പ ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യും, നാളെ ഉച്ചയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് കോടതിയില്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി 

കര്‍ണ്ണാടകത്തില്‍ യെദിയൂരപ്പ ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യും, നാളെ ഉച്ചയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് കോടതിയില്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി 

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി ബി.ജെ.പിയുടെ ബി.എസ്.യെദിയൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ സുപ്രീംകോടതിയുടെ അനുമതി. മുന്‍ നിശ്ചയപ്രകാരം രാവിലെ 9 ന് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യും. ബിജെപി ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണ തെളിയിക്കുന്ന കത്ത് രണ്ടു മണിയോടെ കോടതിയില്‍ സമര്‍പ്പിക്കണം.കത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാന്‍ വെള്ളിയാഴ്ച 2 മണിയ്ക്ക് തന്നെ കോടതി വീണ്ടും ചേരും.

സത്യപ്രതിജ്ഞ മാറ്റിവയ്ക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. തങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് – ജനതാദള്‍ എസ് സഖ്യം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ തന്നെ കേട്ട് കേള്‍വിയില്ലാത്ത അസാധാരണ നീക്കങ്ങള്‍ക്കൊടുവിലാണ് ബുധനാഴ്ച പുലര്‍ച്ചെ ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷണ്‍, ബോബ്ഡേ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവം നടത്തിയത്. കേസില്‍ യെദിയൂരപ്പയെ കക്ഷി ചേര്‍ക്കാന്‍ നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു.

കോണ്‍ഗ്രസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വിയാണ് കോടതിയില്‍ ഹാജരായത്. ഭരണഘടന, നിയമവ്യവസ്ഥ, കീഴ്വഴക്കങ്ങള്‍ എന്നിവ ലംഘിച്ച് നടത്തിയ രാഷ്ട്രീയ തീരുമാനമാണ് ഗവര്‍ണര്‍ നടത്തിയതെന്നും യെദിയൂരപ്പയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണ് കര്‍ണാടകയില്‍ നടന്നിരിക്കുന്നത്. ഗവര്‍ണര്‍ക്ക് തോന്നിയവരെയല്ല സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കേണ്ടത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട ഭൂരിപക്ഷമുള്ളവരെയാണ് ആദ്യം ക്ഷണിക്കേണ്ടത്. ഇത് സംബന്ധിച്ച സര്‍ക്കാരിയ കമ്മിഷന്‍ റിപ്പോര്‍ട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി. അവസാനം മാത്രമേ ഏറ്റവും വലിയ ഒറ്റകക്ഷിയെ പരിഗണിക്കാവൂ. കുതിരക്കച്ചവടത്തിനുള്ള അവസരമാണ് കര്‍ണാടകയില്‍ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസ് -ജനതാദള്‍ സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും സിംഗ്വി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് -ജനതാദള്‍ സഖ്യത്തിനെ പിന്തുണച്ച് എം.എല്‍.എമാര്‍ നല്‍കിയ കത്തും അദ്ദേഹം കോടതിയില്‍ ഹാജരാക്കി.

യെദിയൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം അനുവദിച്ചതിനെയും സിംഗ്വി ചോദ്യം ചെയ്തു. താന്‍ നല്‍കിയ കത്തില്‍ പോലും ഭൂരിപക്ഷം തെളിയിക്കാന്‍ യെദിയൂരപ്പ ആവശ്യപ്പെട്ടിരുന്നത് ഏഴ് ദിവസമാണ്. എന്നാല്‍ ഗവര്‍ണര്‍ തന്റെ തന്നിഷ്ടം പോലെ 15 ദിവസം നല്‍കുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 48 മണിക്കൂറാണ് അനുവദിച്ചിരിന്നതെന്നും സിംഗ്വി ചൂണ്ടിക്കാട്ടി. എന്നാല്‍ യെദിയൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ഏത് അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്ന് കോടതി ചോദിച്ചു. ഇതിന് ഉത്തരം നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് കോടതി ബി.ജെ.പിക്ക് അനുകൂലമായി വാക്കാല്‍ വിധി പ്രസ്താവിച്ചത്.

എന്നാല്‍ എല്ലാ നിയമവശങ്ങളും പരിശോധിച്ചതിന് ശേഷമാണ് യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതെന്നാണ് ബി.ജെ.പിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്ത്ഗിയുടെ വാദം. ഏറ്റവും വലിയ ഒറ്റ കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം വിളിക്കുകയെന്നതാണ് കീഴ്വഴക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാതിരാത്രിയില്‍ പരിഗണിക്കേണ്ട എന്ത് പ്രാധാന്യമാണ് ഈ കേസിനുള്ളതെന്നും അദ്ദേഹം കോടതിയോട് ചോദിച്ചു. യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്ന ഗവര്‍ണറുടെ തീരുമാനം ബുധനാഴ്ച ഒമ്പതരയോടെ പുറത്ത് വന്നതിന് പിന്നാലെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വസതിയിലെത്തി കോണ്‍ഗ്രസ് ഹര്‍ജി നല്‍കുന്നത്. അടിയന്തര പ്രാധാന്യമുള്ള വിഷയമായി പരിഗണിച്ച് ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന കോണ്‍ഗ്രസ് ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു.

Scroll To Top