Monday January 16, 2017
Latest Updates

കപ്പല്‍ ദുരന്തം: ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി രാജിവച്ചു

കപ്പല്‍ ദുരന്തം: ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി രാജിവച്ചു

സിയോള്‍: ദക്ഷിണ കൊറിയയില്‍ കപ്പല്‍ മുങ്ങി നിരവധി യാത്രക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ചങ് ഹൊങ്ങ് വോണ്‍ രാജിവച്ചു. ഞായറാഴ്ച രാവിലെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. കപ്പല്‍ ദുരന്തത്തില്‍ ദക്ഷിണ കൊറിയന്‍ ഗവണ്‍മെന്റിന് ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റസമ്മതം നടത്തി. അധ്യാപകരും വിദ്യാര്‍ത്ഥികളുമായി മുന്നൂറോളം പേരുമായി സിയോളില്‍ നിന്ന് വരികയായിരുന്ന കപ്പല്‍ ഏപ്രില്‍ 16 നാണ് മുങ്ങിയത്.

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 187 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇപ്പോഴും കപ്പലില്‍ അവശേഷിക്കുന്നവര്‍ക്കായി  തെരച്ചില്‍ പുരോഗമിക്കുകയാണ്. മുങ്ങിയ കപ്പലില്‍ കുടുങ്ങിയവര്‍ അവരവരുടെ ക്യാബിനില്‍ തന്നെ ഇരിക്കാന്‍ ദക്ഷിണ കൊറിയന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് ദുരന്തത്തിന്റെ ആക്കം കൂട്ടിയതായാണ് റിപ്പോര്‍ട്ട്. സിയോളിലെ ദാന്വോണ്‍ ഹൈസ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമായിരുന്നു കപ്പലിലെ യാത്രക്കാരില്‍ ഭൂരിപക്ഷം പേരും.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന് കൈമാറിയ രാജിക്കത്ത് ഇനി പ്രസിഡന്റ് അംഗീകരിക്കേണ്ടതുണ്ട്. ദുരന്തം കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചു എന്നും ദുരന്തത്തില്‍പ്പെട്ടവരോടും കുടുംബംഗങ്ങളോടും ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം രാജിക്കത്തില്‍ വിശദീകരിച്ചു. ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച പ്രധാനമന്ത്രിക്കെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Scroll To Top