Tuesday April 25, 2017
Latest Updates

കണ്ണൂര്‍ അത്ര ചുവന്ന മണ്ണല്ല ;പക്ഷേ സുധാകരന് ,ശ്രീമതി ടീച്ചര്‍ വെല്ലുവിളിയാവുമോ?കാവനിലെ ബിജു ചീരാംകുന്നേല്‍ കണ്ണൂരിന്റെ മനസ് തേടുന്നു

കണ്ണൂര്‍ അത്ര ചുവന്ന മണ്ണല്ല ;പക്ഷേ സുധാകരന് ,ശ്രീമതി ടീച്ചര്‍ വെല്ലുവിളിയാവുമോ?കാവനിലെ ബിജു ചീരാംകുന്നേല്‍ കണ്ണൂരിന്റെ മനസ് തേടുന്നു

കണ്ണൂരില്‍ ആര് ജയിക്കും എന്നൊരു ചോദ്യത്തിന് പെട്ടന്ന് ഒരു ഉത്തരം പറയാനാവില്ല ഇത്തവണ.അത്രയ്ക്ക് കടുത്ത പോരാട്ടമാണ് അവിടെ നടക്കുന്നത്.ഇരു മുന്നണികള്‍ക്കും അഭിമാനപ്രശ്‌നമാണ് കണ്ണൂരിലെ വിജയം.ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറയിട്ട പിണറായിയിലെ പാറപ്പുറം ഉള്‍പ്പെടുന്ന കണ്ണൂരിന്റെ മണ്ണ് സി പി എമ്മിന് ചങ്കിലെ ചോര പോലെയാണ്.ഹൃദയരക്തം.സംസ്ഥാന സെക്രട്ടറിയുടെ തട്ടകത്തില്‍ തോറ്റു പോയാല്‍ അതവര്‍ക്ക് സഹിക്കാനാവില്ല.

ഇനി ലോകസഭയിലെയ്ക്ക് മത്സരിക്കാനില്ല എന്ന രീതിയില്‍ ആദ്യം പ്രതീകരിച്ച കെ സുധാകരന്‍ തന്നെ യൂ ഡി എഫിന്റെ സ്ഥാനാര്‍ഥിയായി വന്നപ്പോള്‍ എല്‍ ഡി എഫ് ഞെട്ടിയൊന്നുമില്ല.അവര്‍ക്ക് സുധാകരനെ നേരത്തെയറിയാവുന്നവരാണ് .മത്സരിക്കാന്‍ ഇല്ല എന്ന് സുധാകരന്‍ മുന്‍ കൂട്ടി പറഞ്ഞപ്പോള്‍ തന്നെ ,സുധാകരന്‍ തന്നെയാവും സ്ഥാനാര്‍ഥിയെന്നു ഉറപ്പിച്ചു കൊള്ളാന്‍ സി പി എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റികളില്‍ വരെ സൂചന വന്നു.

യാഥാര്‍ഥത്തില്‍ കണ്ണൂരില്‍ സി പി എമ്മിന് അല്‍പ്പം പേടിയുള്ള ഒരേയൊരു കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എന്ന ഈ മല്ലന്‍ മാത്രമാണ്.കോണ്‍ഗ്രസ് പാര്‍ട്ടിയെ ചില മേഖലകളില്‍ തലപൊക്കാന്‍ പോലും അനുവദിക്കാതിരുന്ന കാലത്ത് നിന്നും തലയുയര്‍ത്തി നടക്കാന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ക്ക് ശക്തി നല്കിയത് സുധാകരന്റെ ചങ്കൂറ്റത്തിലുള്ള വിശ്വാസമാണെന്ന് പറഞ്ഞാല്‍ കണ്ണൂരിലെ ഇടതുപക്ഷക്കാര്‍ പോലും നിഷേധിക്കില്ല.

ബിജു ചീരാംകുന്നേല്‍

ബിജു ചീരാംകുന്നേല്‍

കണ്ണൂരിന്റെ കുടിയേറ്റ മേഖലയിലുള്ള ഉദയഗിരിയിലെ എന്റെ സുഹൃത്തുക്കളില്‍ പലരും ഇടതുപക്ഷ സഖാക്കള്‍ ആണ്.പൊതുവെ തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ഇരിക്കൂര്‍ നിയമസഭാമണ്ഡലത്തിലുള്ള എന്റെ ഗ്രാമം.കഴിഞ്ഞ ലോകസഭാ ഇലക്ഷന്‍ കാലത്ത്,തീവ്രപ്രവര്‍ത്തന സ്വഭാവമുള്ള എന്റെ ഇടതുപക്ഷ സുഹൃത്തുക്കള്‍ അവരുടെ കുടുംബാംഗങ്ങളെ പോലും പാര്‍ട്ടിയ്ക്ക് അനുകൂലമായി വോട്ടു ചെയ്യാന്‍ നിര്‍ബന്ധിച്ച്ചില്ല എന്ന് പറയുകയുണ്ടായി.അതിനൊരു കാരണം തനി രാഷ്ട്രീയ കാരണങ്ങളാലാല്ലാതെ ആരും സുധാകരനെ എതിര്‍ക്കുന്നില്ല എന്നതാണ്.ഏതു പാതിരായ്ക്കും സുധാകരന്റെ വീട്ടില്‍ ആര്‍ക്കും കയറിചെല്ലാനും.ഫോണ്‍ വിളിച്ചു സഹായമഭ്യര്‍ഥിക്കാനും ഇടതുപക്ഷക്കാര്‍ക്ക് പോലും ഇടനിലക്കാരുടെ ആവശ്യമില്ലെന്ന് പറയുമ്പോള്‍ പാര്‍ട്ടിക്കതീതനായ ജനപ്രീയനാവുന്നു അദ്ദേഹം.

നിയോജക ഇടതുമുന്നണിക്ക് അഭിമാനപ്പോരാട്ടം നടക്കുന്ന മണ്ഡലമാണ് കണ്ണൂര്‍. മണ്ഡലം നിലനിര്‍ത്താന്‍ കെ സുധാകരനും തിരിച്ച് പിടിക്കാന്‍ ശ്രീമതി ടീച്ചറും പോരാട്ടത്തിനിറങ്ങുന്നു. കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ മാധ്യമങ്ങള്‍ ചുവപ്പുകോട്ടയെന്നും ചുവന്ന മണ്ണ് എന്നുമൊക്കെ വിശേഷിപ്പിക്കുമെങ്കിലും കണ്ണൂര്‍ ഇടതുമുന്നണിക്ക് അത്ര വളക്കൂറുള്ള മണ്ണല്ല. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിച്ചാല്‍ ഈ വസ്തുത വ്യക്തമാകും. 1951 ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി സാക്ഷാല്‍ എകെജി കണ്ണൂരില്‍ നിന്ന് ജയിച്ചത് ഒഴിച്ചാല്‍ പിന്നീട് 1999 ല്‍ എപി അബ്ദുള്ളക്കുട്ടിയിലൂടെയാണ് സിപിഎം കണ്ണൂര്‍ തിരിച്ചു പിടിക്കുന്നത്. 1999 ലും 2004 ലുമാണ് അബ്ദുള്ളക്കുട്ടി കണ്ണൂര്‍ ഇടതുപക്ഷത്തോട് ചേര്‍ത്ത് നിര്‍ത്തിയത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇതേ അബ്ദുള്ളക്കുട്ടി തന്നെ കോണ്‍ഗ്രസില്‍ എത്തുകയും പിന്നീട് കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എ ആകുകയും ചെയ്തത് പിന്നത്തെ ചരിത്രം. 1977 ല്‍ അന്തരിച്ച സിപിഐ നേതാവ് സികെ ചന്ദ്രപ്പനും കണ്ണൂരില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ സിപിഐ അന്ന് കോണ്‍ഗ്രസ് സഖ്യത്തിലായിരുന്നു. ചന്ദ്രപ്പന്‍ അന്ന് പരാജയപ്പെടുത്തിയത് സിപിഎം നേതാവ് ഒ ഭരതനെയായിരുന്നു.

ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, എടക്കാട്, കൂത്തുപറമ്പ്, പേരാവൂര്‍, മട്ടന്നൂര്‍ നിയമസഭ മണ്ഡലങ്ങള്‍ ചേരുന്നതാണ് കണ്ണൂര്‍ ലോകസഭ മണ്ഡലം. അബ്ദുള്ളക്കുട്ടിയിലൂടെ സിപിഎം പിടിച്ച മണ്ഡലം തിരികെ പിടിക്കാന്‍ കെ സുധാകരനെയാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയത്. കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ കൃത്യമാകുകയും സുധാകരന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. മണ്ഡലം തിരിച്ചു പിടിക്കാന്‍ കെ സുധാകരന്‍ തന്നെയാണ് അനുയോജ്യനായ നേതാവെന്നു കോണ്‍ഗ്രസ് കണക്കുകൂട്ടി. അതുകൊണ്ടാണ് എംഎല്‍എ ആയിരുന്നിട്ട് പോലും സുധാകരനെ രംഗത്ത് ഇറക്കിയത്. എസ്എഫ്‌ഐ നേതാവായിരുന്ന കെ കെ രാഗേഷായിരുന്നു സുധാകരന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. അര്യമായ വെല്ലുവിളികള്‍ ഇല്ലാതെ സുധാകരന്‍ ജയിച്ചുവന്നു. എന്നാല്‍ ഇത്തവണ സ്ഥിതിഗതികള്‍ അല്‍പ്പം വ്യത്യസ്തമാണ്. മത്സരിക്കാനില്ലെന്ന് ആദ്യമേ വ്യക്തമാക്കിയ സുധാകരനെ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിച്ച് മത്സര രംഗത്ത് ഇറക്കുകയായിരുന്നു. ഇത്തവണ മത്സരിക്കാനില്ലെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ആഗ്രഹമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍ കണ്ണൂര്‍ കോണ്‍ഗ്രസില്‍ മണ്ഡലം നിലനിര്‍ത്താന്‍ സുധാകരന് പകരം മറ്റൊരു നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു സാധിച്ചില്ല എന്നതാണ് വാസ്തവം. അതുകൊണ്ടാണ് സുധാകരന്‍ വീണ്ടും അങ്കത്തട്ടില്‍ ഇറങ്ങിയത്.

കഴിഞ്ഞ വി എസ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതി ടീച്ചറാണ് ഇടതുമുന്നണിക്ക് വേണ്ടി മത്സരരംഗത്തുള്ളത്. സുധാകരന്‍ പിടിച്ചെടുത്ത മണ്ഡലം എങ്ങനെയും തിരികെ പിടിക്കുക എന്ന ദൌത്യമാണ് ശ്രീമതി ടീച്ചര്‍ക്ക്. എംഎല്‍എ എന്ന നിലയിലും കഴിഞ്ഞ തവണ ആരോഗ്യമന്ത്രി എന്ന നിലയിലും ചെയ്ത പ്രവര്‍ത്തനങ്ങള്‍ ടീച്ചര്‍ക്ക് തുണയാകുമെന്നാണ് ഇടതു നേതൃത്വം കരുതുന്നത്. ഇടതുമുന്നണിയുടെ ആവനാഴിയിലെ അവസാന ആയുധവും പുറത്ത് എടുത്ത് ശ്രീമതി ടീച്ചറെ ജയിപ്പിക്കാനാണ് മുന്നണി നേതൃത്വത്തിന്റെ ശ്രമം. 2001 ലും 2006 ലും പയ്യന്നൂരില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ശ്രീമതി ടീച്ചര്‍.

ബിജെപി സ്ഥാനാര്‍ത്ഥിയായി പി സി മോഹനന്‍ മാസ്റ്ററും ആം ആദ്മി സ്ഥാനാര്‍ത്ഥിയായി കെവി ശശിധരനും, ആര്‍എംപി സ്ഥാനാര്‍ത്ഥിയായി പിപി മോഹനനും മത്സരിക്കുന്നുണ്ടെങ്കിലും ഇവര്‍ക്കൊന്നും കാര്യമായ സ്വാധീനം കണ്ണൂരില്‍ ഇല്ലെന്നാണ് എന്റെ കരുതല്‍.അവസാന ഘട്ടത്തില്‍ ഇടതുമുന്നണിയും ,യൂ ഡി എഫും നേര്‍ക്ക് നേര്‍വരികയാണ്. കണ്ണൂരിന്റെ വിപ്‌ളവ വിളനിലങ്ങള്‍ ഒരു വിജയം കൂടി കൊയ്യാന്‍ ഒരുങ്ങിയിട്ടില്ലെന്നാണ് പ്രചാരണം അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ ഞാന്‍ കരുതുന്നത്.ആദ്യ ഘട്ടത്തില്‍ ശ്രീമതി ടീച്ചര്‍ പ്രചരണത്തിലും ,ജനപിന്തുണയിലും മുന്‍പോട്ടു പോയിരുന്നു.

യുവജനങ്ങള്‍ കൂട്ടമായി സുധാകരന് അനുകൂലമായി രംഗത്തിറങ്ങിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.ഇതോടെ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് കേരളാ കോണ്‍ഗ്രസും ലീഗും അടക്കമുള്ള കക്ഷികള്‍ പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തു.43151 എന്ന 2009 ലെ യൂ ഡി എഫിന്റെ ഭൂരിപക്ഷം അട്ടിമറിച്ച എല്‍ ഡി എഫ് ,2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 51402 എന്ന വലിയ സംഖ്യയുടെ ഭൂരിപക്ഷം നേടിയിരുന്നു.

എങ്കിലും മത്സരം , സുധാകരന്‍ എന്ന പടനായകന് മുന്‍പിലാവുമ്പോള്‍ അതേ വിജയം എല്‍ ഡി എഫിന് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് പറയാന്‍ നിഷ്പക്ഷരായ വോട്ടര്‍മാര്‍ തയാറാവുന്നില്ല എന്നതാണ് കണ്ണൂരില്‍ ശ്രീമതി ടീച്ചര്‍ക്ക് ഏതിരായ മുഖ്യഘടകവും.

Scroll To Top