Wednesday January 18, 2017
Latest Updates

കണ്ണു പരിശോധിക്കാന്‍ നാലുവര്‍ഷം കാത്തിരിക്കാം!

കണ്ണു പരിശോധിക്കാന്‍ നാലുവര്‍ഷം കാത്തിരിക്കാം!

കില്‍ഡയര്‍ ; കണ്ണിന് കാഴ്ച്ചക്കുറവുണ്ടെന്ന് സംശയം വന്നാല്‍ ഇനി കില്‍ഡയറിലെ കുട്ടികള്‍ നാലു വര്‍ഷത്തോളം കാത്തിരുന്നുമാത്രമേ വിദഗ്ദ്ധ പരിശോധന നടത്താന്‍ സാധിക്കുകയുള്ളൂ. കണ്ണിനു കാഴ്ച്ചക്കുറവോ മറ്റോ സംശയമായി തോന്നിയാല്‍ സ്‌കൂളില്‍ വച്ചു തന്നെ ആദ്യഘട്ട പരിശോധന നടത്താം എന്നാല്‍ തുടര്‍ന്നുള്ള പരിശോധനയ്ക്കായി നാലു വര്‍ഷത്തോളം കാത്തിരിക്കണമെന്നാണ് പുതിയ അറിയിപ്പ്.
ഇത്തരത്തില്‍ കാത്തിരിപ്പു സമയം 47മാസങ്ങളായി വര്‍ദ്ധിപ്പിക്കണമെന്നുള്ള അസോസിയേഷന്‍ ഒഫ് ഓപ്‌റ്റോമെട്രിസ്റ്റ്‌സ് അയര്‍ലണ്ടിന്റെ (എഒഐ) തീരുമാനത്തെ എച്ച്എസ്ഇ അംഗീകരിക്കുകയായിരുന്നു.
ഡബ്ലിനില്‍ ഇപ്പോള്‍ നിലവിലുള്ള കാത്തിരിപ്പ് കാലാവധി മൂന്നു വര്‍ഷമാണ്. മറ്റു പ്രദേശങ്ങളില്‍ ഇത് രണ്ടു വര്‍ഷമായിരുന്നു.
സ്‌കൂളുകളിലുള്ള കണ്ണു പരിശോധന സംവിധാനങ്ങള്‍ പലപ്പോഴും തെറ്റായ ഫലമാണ് ചെയ്യാറെന്നും യഥാര്‍ത്ഥത്തിലുള്ള പ്രശ്‌നങ്ങള്‍ വളരെ വൈകിയാണ് പലപ്പോഴും മനസിലാക്കാന്‍ സാധിക്കുന്നതെന്നും എഒഐയുടെ ഓപ്‌റ്റോമെട്രിക് അഡൈ്വസര്‍ ലിന്‍ഡ മക്ഗിവ്‌നി നോലന്‍ പറഞ്ഞു.
ഇത്തരത്തില്‍ കണ്ണിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍ കുട്ടികളിലെ പഠന വൈകല്യങ്ങള്‍ക്കും കാരണമാകുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
പല കുട്ടികള്‍ക്കും ഏഴുവയസ്സിനു മുന്‍പ് പ്രത്യേക പരിശോധനകളും പരിഗണനകളും ലഭിക്കാത്തതും പ്രശ്‌നമാകുന്നതായി ലിന്‍ഡ മക്ഗിവ്‌നി പറഞ്ഞു.ഇപ്പോള്‍ പറഞ്ഞിരിക്കുന്ന കാലതാമസം കണ്ണു ഡോക്ടര്‍മാരുടെ പരിമിതി മൂലമാണെന്നും വളരെ പെട്ടെന്നു അത് പരിഹരിക്കാനായി ശ്രമിക്കുമെന്നും എഒഐ അധികൃതര്‍ അറിയിച്ചു.
കൃത്യമായ രീതിയില്‍ സ്‌കൂളുകളിലെ കണ്ണു പരിശോധനാക്രമങ്ങള്‍ ക്രമീകരിക്കാന്‍ എച്ച്എസ്ഇ തയ്യാറാവണമെന്നും എഒഐ നിര്‍ദ്ദേശിക്കുന്നു.
വായനയെ ബാധിക്കുന്നതരത്തിലുള്ള കാഴ്ച്ച പ്രശ്‌നങ്ങള്‍ കൃത്യമായ രീതിയില്‍ സ്‌കൂളുകളില്‍ വച്ച് പരിശോധിക്കപ്പെടുന്നില്ലെന്ന് ലിന്‍ഡ മക്ഗിവ്‌നി ആരോപിച്ചു.
മൂന്നാം ക്ലാസു മുതല്‍ തന്നെ കുട്ടികള്‍ വായിച്ചുശീലിക്കുന്നുവെന്നും എന്നാല്‍ ഈ സമയത്തുള്ള കാഴ്ച്ച പ്രശ്‌നങ്ങള്‍ തള്ളിക്കളഞ്ഞാല്‍ അതവരുടെ പഠിക്കാനുള്ള കഴിവിനെയാണ് ബാധിക്കുക എന്ന് ലിന്‍ഡ മക്ഗിവ്‌നി കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളിലെ ഇപ്പോഴത്തെ പരിശോധനാ രീതികള്‍ പലപ്പോഴും പരാജയമാണ് കാണിക്കുന്നതെന്നും ഇതില്‍ നിന്നും വ്യത്യസ്തമായി മികച്ച രീതിയിലേക്ക് സംവിധാനങ്ങള്‍ മാറ്റിയെടുക്കണമെന്നും അവര്‍ പറഞ്ഞു.
െ്രെബറ്റ് ഐസ് അവയര്‍നസ് വീക്കായി ഈ ആഴ്ച്ച കൊണ്ടാടുകയാണ് എഒഐ. അവരുടെ സംരഭത്തില്‍ വിദഗ്ദ്ധമായ കണ്ണുപരിശോധനകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.
നേത്രരോഗ വിദഗ്ദ്ധര്‍ ഈ ആഴ്ച്ച സ്‌കൂളുകള്‍ സന്ദര്‍ശിച്ച് അദ്ധ്യാപകരെയും രക്ഷിതാക്കളെയും കണ്ട് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും എഒഐ അറിയിക്കുന്നു.

Scroll To Top