Saturday February 25, 2017
Latest Updates

കണ്ടു പഠിക്കണം ഗുജറാത്തിനെ ….!

കണ്ടു പഠിക്കണം ഗുജറാത്തിനെ ….!
 
എന്തെല്ലാം രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഗുജറാത്ത് വ്യാവസായിക രംഗത്ത് വൻ കുതിപ്പാണ് നടത്തുന്നത് 

പുതിയ ചെന്നൈ എന്നാണ് ഒരു ഇംഗ്ലീഷ് പത്രം ഗുജറാത്തിലെ സാനന്ദിനെ വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ ഓട്ടോ ഭീമനായ ഫോര്‍ഡ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ പ്ലാന്‍റ് സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തത് ഗുജറാത്തിനെയാണ്

. ഇന്ത്യയുടെ ഓട്ടോ ഹബ് എന്ന ഗുജറാത്തിന്‍റെ സ്വപ്നം സഫലമാകണമെങ്കില്‍ ഇനിയുമേറെ മുന്നോട്ടു പോകേണ്ടതുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. എങ്കിലും ഗുജറാത്തിന്‍റെ ശ്രമങ്ങള്‍ പാഴാവുന്നില്ല എന്നതും കാണേണ്ടതുണ്ട്.
ഫോര്‍ഡ് ഗുജറാത്തില്‍ ഉദ്ദേശിക്കുന്ന മൊത്തം നിക്ഷേപം ഒന്‍പത് ശതകോടി ഡോളറാണ്. ഈ വാര്‍ത്ത ലോകത്തെ ഓട്ടോ വ്യവസായ മേഖലയുടെ മൊത്തം ശ്രദ്ധ ഗുജറാത്തില്‍ പതിയാന്‍ ഇടയാക്കിയിരിക്കുകയാണ്.
ഇത്രയും വലിയ നിക്ഷേപത്തിന് ഗുജറാത്ത് യോഗ്യത നേടുന്നത് എങ്ങനെയാണെന്നത് ആലോചിക്കേണ്ട വിഷയമാണ്. കയറ്റുമതിയ്ക്ക് അനുകൂലമായ അന്തരീക്ഷമാണ് ഗുജറാത്തിന്‍റെയും ചെന്നൈയുടെയും പ്രത്യേകത.
രണ്ട് സംസ്ഥാനങ്ങളിലും സര്‍വ്വസജ്ജമായ തുറമുഖങ്ങളുണ്ട്. ചരക്ക് നീക്കങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും പ്രത്യേകതയാണ്
. ഇതില്‍ ഗുജറാത്തിന് ഈയിടെ വന്നുചേര്‍ന്നിട്ടുള്ള മറ്റൊരു മുഖം, ഏറ്റവും ‘ബിസിനസ് സൗഹൃദ’ സാഹചര്യമുള്ള സംസ്ഥാനം എന്നതാണ്.
മറ്റൊന്ന് സ്ഥലപരമാണ്. ദില്ലി-മുംബൈ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പദ്ധതിയുടെ ഭാഗമാണ് സാനന്ദ്. ഇതുവഴി കൈവരുന്ന അടിസ്ഥാന സൗകര്യവികസനങ്ങള്‍ മുന്നോട്ടു വെക്കുന്ന സാധ്യതകള്‍ വളരെ വലുതാണ്.
ഉത്തരേന്ത്യയിലാകമാനവും പടിഞ്ഞാറന്‍ പ്രദേശങ്ങളിലുമുള്ള മാര്‍ക്കറ്റുകളിലേക്കുള്ള തുറന്ന വാതായനങ്ങള്‍ ഗുജറാത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ഗുജറാത്തില്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ താല്‍പര്യപ്പെടുന്ന കമ്പനികളുടെ ഒരു വന്‍ വന്‍ നിര തന്നെയുണ്ട്.
പി എസ് എ പൂഷോ സിട്രന്‍, മാരുതി സുസുക്കി, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്, എന്നിവര്‍ ഗുജറാത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്നവരാണ്. ജനറല്‍ മോട്ടോഴ്സ്, ടാറ്റ, ബംബാര്‍ഡിയര്‍ എന്നീ കമ്പനികള്‍ പ്ലാന്‍റ് സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു

കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ഓട്ടോ വ്യവസായത്തെ പറ്റി ചിന്തിക്കാത്തതിന്‍റെ പ്രധാന കാരണം സ്ഥലപരമാണ്. എന്നാല്‍ മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാണ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സ്ഥലപരിമിതി എന്ന പ്രശ്നമില്ല

 

. മറ്റൊരു പ്രശ്നമുള്ളത്. സ്ഥലം ഏറ്റെടുക്കലാണ്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് അതൊരു പ്രശ്നമേയല്ല!

 

ഫോര്‍ഡിന് ഭൂമിയേറ്റെടുത്ത് നല്‍കിയതിലും കര്‍ഷകര്‍ അതൃപ്തരാണ്. ഏതാണ്ട് 460 ഏക്കറോളം ഭൂമി ഏകപക്ഷീയമായി ഗുജറാത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിനെതിരെ എന്തെങ്കിലും ശബ്ദിക്കാന്‍ പക്ഷെ കര്‍ഷകര്‍ അശക്തരാണ്. ബി ജെ പിയുടെ ജനപ്രതിനിധികള്‍ തന്നെ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.

 

സ്ഥലമേറ്റെടുക്കലിന്‍രെ കാര്യത്തില്‍ ഒരു സ്മൂത്ത് പോളിസി ഗുജറാത്ത് സര്‍ക്കാരിനുണ്ടെന്ന് വ്യവസായിക വൃത്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. സാനന്ദില്‍ ഏറ്റെടുത്ത ഭൂമി മുഴുവന്‍ കൃഷിസ്ഥലങ്ങളാണ്.

 

എന്നാല്‍ പശ്ചിമബംഗാളിലെ സംഗൂരില്‍ ഉണ്ടായതു പോലുള്ള കര്‍ഷക പ്രക്ഷോഭങ്ങളൊന്നും തന്നെ സാനന്ദില്‍ ഉണ്ടായില്ല. അതാണ് സിംഗൂരില്‍ നിന്ന് സാനന്ദിലേക്കുള്ള ദൂരം! ഏതാണ്ട് 1100 ഏക്കറോളം ഭൂമി ടാറ്റയ്ക്കു വേണ്ടി ഗുജറാത്ത് സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കി

 

. ഈ ഭൂമി ക്ഷാമകാലത്ത് ബ്രിട്ടിഷ് സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് പാട്ടത്തിനെടുത്തതായിരുന്നു. ഇത് തിരിച്ചുകൊടുക്കേണ്ട കാലാവധി 2003-ല്‍ പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ അവ തങ്ങളുടേതായി റവന്യൂ രേഖകളില്‍ കാണിച്ചിരിക്കുകയാണ്.

 

പ്രസ്തുത ഭൂമി ടാറ്റയ്ക്ക് നല്‍കുന്നതിനെതിരെ കര്‍ഷകര്‍ രംഗത്തു വന്നെങ്കിലും ഗുജറാത്ത് സര്‍ക്കാരിനുള്ള ബിസിനസ് സൗഹൃദം ജുഡീഷ്യറിയിലും അവര്‍ക്ക് കാണേണ്ടി വന്നു.

Scroll To Top