Friday February 24, 2017
Latest Updates

കഞ്ചാവ് കൃഷി ചെയ്യാന്‍ ഏഷ്യയില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് നൂറുകണക്കിന് പേരെ കടത്തിക്കൊണ്ടുവന്നു ,24 പേര്‍ പിടിയില്‍

കഞ്ചാവ് കൃഷി ചെയ്യാന്‍ ഏഷ്യയില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് നൂറുകണക്കിന് പേരെ കടത്തിക്കൊണ്ടുവന്നു ,24 പേര്‍ പിടിയില്‍

ഡബ്ലിന്‍ :കഞ്ചാവ് കൃഷി നടത്താനായി അയര്‍ലണ്ടിലേക്ക് ലഹരിമരുന്ന് മാഫിയയുടെ നേതൃത്ത്വത്തില്‍ ചൈനയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള നൂറുകണക്കിന് പേരേ കൊണ്ടുവന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.കൌണ്ടികളിലെ ഉള്‍ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ കഞ്ചാവ് കൃഷി ചെയ്ത കുറ്റത്തിന് പിടിക്കപ്പെട്ട 24 ഏഷ്യാക്കാരെ ജയിലില്‍ അടച്ചു.മനുഷ്യക്കടത്തിന് ഇരയായി അയര്‍ലണ്ടില്‍ എത്തിയ ഇവര്‍ ഇപ്പോള്‍ ജയിലിലാണ്.

ഏഷ്യയില്‍ നിന്നും കഞ്ചാവ് കൃഷി ചെയ്യാന്‍ മാത്രം അയര്‍ലണ്ടില്‍ എത്തുന്നവര്‍ ഉണ്ടെന്ന് നേരത്തെ നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ അത്തരം വാര്‍ത്തകള്‍ക്ക് തെളിവുകളൊന്നും ഉണ്ടായിരുന്നില്ല.പുതിയായി പിടിക്കപ്പെട്ട ഇരകളാക്കപ്പെട്ട 13 വിയറ്റ്‌നാം കാരുടേയും 11 ചൈനാക്കാരുടേയും വിവരങ്ങള്‍ പക്ഷെ കൂടുതല്‍ പേരെ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ നടത്താന്‍ ഗാര്‍ഡയെയും നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്.

മൂന്ന് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വന്നേക്കാവുന്ന ഇവര്‍ക്കെതിരേ ഇതുവരെ ഒരു ഗാര്‍ഡാ അന്വേഷണവും നടന്നിട്ടില്ലെന്ന് മൈഗ്രന്റ് റൈറ്റ്‌സ് സെന്റര്‍ ഓഫ് അയര്‍ലണ്ട് വ്യക്തമാക്കുന്നു. യൂറോപ്പിലേക്കുള്ള മനുഷ്യക്കടത്തിനും നിര്‍ബന്ധിത തൊഴിലിനും എതിരേ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ പദ്ധതിയുടെ ഭാഗവുമായ എംആര്‍സിഐ റിപ്പോര്‍ട്ട് അനുസരിച്ച് 2011 നും 2013 ജൂലായ്ക്കും ഇടയില്‍മാത്രം ലഹരിമരുന്ന് കൃഷിയുടെ പേരില്‍ 34 ഏഷ്യാക്കാരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്.കഞ്ചാവ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് അയര്‍ലണ്ടിലേത്.

തങ്ങള്‍ക്ക് കൂലി നല്‍കാതെ, കഞ്ചാവ് കൃഷിയിടത്തില്‍ നിന്നും പോകാനാകാതെ കഴിയേണ്ടി വരികയായിരുന്നെന്നാണ് ഇവരില്‍ 19 പേര്‍ പറഞ്ഞത്. തൊഴില്‍ സാഹചര്യം അതി ദയനീയമായിരുന്നെന്നാണ് ഇവര്‍ പറയുന്നത്. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും വെറും നിലത്ത് ബെഡ് വിരിച്ച് കിടക്കാന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്തു. പുറത്ത് നിന്നും പൂട്ടിയ മുറിക്കുള്ളില്‍ മതിയായ ഭക്ഷണമോ പാര്‍പ്പിടമോ കിട്ടാതെ പോഷകാഹാരക്കുറവിലും ഭീതി നിറഞ്ഞ അന്തരീക്ഷത്തിലുമാണ് ഇവരെ കണ്ടെത്തിയത്. എന്നിട്ടും ഇവരെ തടവില്‍ പാര്‍പ്പിച്ചെന്ന് എംആര്‍സിഎ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

ഇവര്‍ മനുഷ്യക്കടത്തിന് ഇരകളാണോ എന്നത് പരിഗണിക്കാതെ തന്നെ ലഹരിമരുന്ന് കൃഷിത്തോട്ടങ്ങളിലേക്ക് നടക്കുന്ന മനുഷ്യക്കടത്തും അടിമത്തവും നിര്‍ബന്ധിത തൊഴിലും അന്വേഷിക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ടീമിന് രൂപം നല്‍കണമെന്ന് എംആര്‍ സിഐ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.മനുഷ്യക്കടത്തിന് വിധേയമായി കുറ്റകൃത്യം ചെയ്യാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നവരെ സംരക്ഷിക്കുന്ന നിയമം കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും അത് ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. സാമൂഹ്യനീതി തുല്യതാ വകുപ്പിനും ഗാര്‍ഡായ്ക്കും ഇക്കാര്യം അറിയാമെങ്കിലും വേണ്ട രീതിയില്‍ ഇതുവരെ നീങ്ങിയിട്ടില്ല.

കടത്തില്‍ മുങ്ങിത്താഴുന്ന സ്ഥിതിയിലുള്ള മദ്ധ്യവയസ്‌ക്കരാണ് പ്രധാനമായും മനുഷ്യക്കടത്തിന് ഇരകളാകുന്നത്. തൊഴില്‍ നല്‍കുന്ന സംഘം എന്ന വ്യാജേനെ ഇവരെ ഏഷ്യയില്‍ നിന്നും യൂറോപ്പിലേക്ക് കൊണ്ടുവരുന്ന സംഘം അവരെ അയര്‍ലണ്ടിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ കഞ്ചാവ് തോട്ടങ്ങളിലും കളപ്പുരകളിലും നിര്‍ബന്ധിത ജോലിക്കായി നിയോഗിക്കാറാണ് പതിവ്. വല്ലപ്പോഴും മാത്രം ഭക്ഷണം, കിടക്കാന്‍ കീറിപ്പറിഞ്ഞ ബെഡ് തുടങ്ങിയ ദുഷ്‌ക്കരമായ സാഹചര്യത്തില്‍ പോലീസ് പിടിക്കുന്നത് വരെ എവിടെയാണ് തങ്ങളെന്ന് പോലും ഇവര്‍ക്ക് അറിവുണ്ടാകില്ല. പിന്നീട് കേസില്‍ കുടുങ്ങി തടവിലാകുന്നതും ഇവര്‍ തന്നെയായിരിക്കും. അപ്പോഴും ഇടപാടുകാരനെ കുറിച്ചോ കൃഷിയുടമയെകുറിച്ചോ ഗാര്‍ഡയ്ക്ക് ഒരു വിവരവുമുണ്ടായിരിക്കില്ല.

അയര്‍ലണ്ടില്‍ അടുത്തയിടയായി പെരുകിയ ലഹരിമരുന്ന് മാഫിയയുടെ പിടിയിലാകുന്നവര്‍ക്ക് രക്ഷപ്പെടുക പിന്നെ പ്രയാസമാണെന്നാണ് ഈ രംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.കൃഷിയിടങ്ങളില്‍ നിന്നോ ,വ്യാപാരകേന്ദ്രങ്ങളില്‍ നിന്നോ രക്ഷപ്പെട്ടു പോകുന്നവരെ കഞ്ചാവ്‌ലഹരിമരുന്ന് മാഫിയ കൊലപ്പെടുത്താന്‍ വരെ മടിക്കില്ലത്രേ.പ്രശ്‌നത്തിന്റെ ഗൌരവം സര്‍ക്കാര്‍ വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും അവര്‍ പറയുന്നു.

Scroll To Top