ഓലോലായി ഗ്രാമത്തിലേക്ക് പോകാം,ഒരു യൂറോയ്ക്ക് സ്വന്തമായി ഒരു വീട് വാങ്ങാം !

ഓലോലായി :വെറും ഒരു യൂറോ മാത്രം നല്കി വീട് സ്വന്തമാക്കാമെന്ന സ്വപ്നത്തില്‍ പോലും ആരും കരുതുന്നുണ്ടാകില്ല. എന്നാല്‍ ഇത് സത്യമാണെങ്കിലോ? വെറും ഒരു യൂറോയ്ക്ക് നല്കി വീട് സ്വന്തമാക്കാനുള്ള അവസരമൊരുക്കുകയാണ് ഇറ്റാലിയന്‍ ഗ്രാമമായ ഓലോലായി.
വീടുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഈ മാസം 7 വരെയാണ്. ഇതിന് ശേഷം വരുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
പ്രാദേശിക ജനസംഖ്യ വന്‍ തോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഇറ്റാലിയിലെ ബാര്ബേജിയയിലുള്ള ഓലോലായി ഗ്രാമമാണ് 2015 ല്‍ ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. വാര്‍ഷിക ജനനനിരക്ക് കുറഞ്ഞതിനെതുടര്‍ന്ന് ഗ്രാമത്തിലെ ജനസംഖ്യ 1300 ലേക്ക് ചുരുങ്ങിയിരുന്നു. കമ്മ്യൂണിറ്റിയെ പുനരുദ്ധരിക്കാനാണ് എഫിസിയോ അര്‍ബു ഇത്തരമൊരു പദ്ധതി അവതരിപ്പിച്ചത്. ഈ പ്രദേശത്തെ ജനസംഖ്യയില്‍ ഗണ്യമായ രീതിയില്‍ ഉണ്ടായ കുറവാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ആശയവുമായി മുന്നോട്ടു വരാന്‍ ആളുകളെ പ്രേരിപ്പിച്ചത്. ഇതുവഴി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തെയും അതിന്റെ സംസ്കാരത്തെയും പുനര്ജീവിപ്പിക്കാന് കഴിയുമെന്ന പ്രതീക്ഷയാണ് ആളുകള്‍ക്കുള്ളത്.
ഒരു സമൂഹത്തിന്റെ തന്നെ പുനര്‍നിര്‍മ്മാണമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത് എന്ന് മേയര്‍ പറയുന്നു.ഈ പദ്ധതി പ്രകാരം ഒരു യുറോക്ക് വീട് വാങ്ങുവാനുള്ള അവസരം അപേക്ഷകര്‍ക്ക് ഒരുക്കുന്നു വീട് വാങ്ങുന്നതിനായി അപേക്ഷിക്കുന്നവര്‍ ഏതാനും വ്യവസ്ഥകള്‍ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. വീട് വാങ്ങുന്നവര്‍ പോളിഷിങ്ങ് അടക്കമുള്ള അറ്റക്കുറ്റപണികള്‍ കൃത്യമായി ചെയ്യണമെന്ന ഇവര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതോടൊപ്പം വാങ്ങിയതിന് ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞ് മാത്രമേ മറ്റൊരാള്‍ക്ക് വില്‍പ്പന നടത്താന്‍ സാധിക്കുകയുളളു.
വ്യത്യസ്തമായ ഈ പദ്ധതി വളരെയധികം പേരെ ആകര്‍ഷിച്ചു. അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് ഈ പദ്ധതിക്ക് ഒരു സമയം പരിധി തീരുമാനിക്കാന്‍ കാരണം. നിശ്ചിത സമയത്തിനുള്ളില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്കു വീട് വാങ്ങാനാകും. ഈ പദ്ധതിയില്‍ വീട് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ആശ്വാസമായി സമാനമായ പദ്ധതികളുമായി മറ്റു ചില പദ്ധതികള്‍ കൂടി മുന്നോട്ടു വെച്ചിട്ടുണ്ട്.