Friday September 22, 2017
Latest Updates

ഓര്‍മ്മയിലെ ഓണം (കഥ-സലിന്‍ ശ്രീനിവാസ്) 

ഓര്‍മ്മയിലെ ഓണം (കഥ-സലിന്‍ ശ്രീനിവാസ്) 

റബിക്കടലിന്റെ തീരദേശത്ത് വാമനപുരം നദിയോട് ഇഴുകിചേര്‍ന്നു കിടക്കുന്ന ചിറയിന്‍കീഴ് ഗ്രാമം.ഇതിഹാസ നായകന്‍ പ്രേംനസീര്‍,നടനവിസ്മയം ഭരത്‌ഗോപി, നാടകാചാര്യന്‍ ശങ്കരകുറുപ്പ് തുടങ്ങി അപ്രശസ്തനായ ഞാനുള്‍പ്പടെ ജനിച്ചുവളര്‍ന്ന മണ്ണ്.തൊണ്ടഴുക്കി ചകിരിപിരിച്ചും , കയര്‍ നിര്‍മ്മിച്ചും, നൂല്‍ ചുറ്റി ഇഴനെയ്തു തുണിയുല്‍പ്പന്നങ്ങളുണ്ടാക്കുന്ന കൈത്തറിജോലിചെയ്തും,പൊന്‍നെല്ല് കൊയ്ത് അരിമണി സംഭരിച്ചും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഗ്രാമീണര്‍. മറ്റു വ്യവസായങ്ങളും ഈ ഗ്രാമത്തിന് അപരിചിതമല്ലായിരുന്നു. സര്‍വ്വമതസ്ഥരും സഹോദര സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന നാട് ,ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഓണക്കാലം.

ചിങ്ങം പിറന്നതുമുതല്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു മാനസികാവസ്ഥയിലാണ് കുട്ടികളൊക്കെയും. ഓണം വരുന്നതിന്റെ സന്തോഷം എന്നാല്‍ ഓണപരീക്ഷയുടെ വേവലാതിയും കൂടികലര്‍ന്ന ഒരവസ്ഥ. പുത്തനുടുപ്പിടാനും ,ഊഞ്ഞാലാടാനും പന്തുകളിക്കാനും അത്തപൂക്കളമിടാനും വെമ്പുന്ന കുഞ്ഞുമനസ്സില്‍ മുതിര്‍ന്നവരുടെ പഠിക്കെടാ എന്നുള്ള ആക്രോശത്തിന്റെ അലയൊലികളും കൂടിയാകുമ്പോള്‍ ഈ പള്ളിക്കൂടത്തില്‍ പോകണ്ടായിരുന്നു എന്നുപോലും തോന്നിയിട്ടുണ്ട്.വൈദ്യര്‍ സാര്‍ എന്നറിയപ്പെടുന്ന കണക്കുമാഷിന്റെ മുഴങ്ങുന്ന ശബ്ദമാണ് അനുസരുണയുടെ ആദ്യപാഠങ്ങള്‍ ചിറയിന്‍കീഴിലെ കുട്ടികള്‍ക്ക് പകര്‍ന്നിരുന്നത്.പരീക്ഷകഴിഞ്ഞാല്‍ പത്തുദിവസത്തെ ഓണാവധിയെന്ന വൈദ്യര്‍സാറിന്റെ പ്രഖ്യാപനത്തിനു ഭീതിയുടെമേല്‍ സന്തോഷം കലര്‍ന്ന രുചിയാണ്. 

തുറന്ന പുസ്തക താളുകളില്‍ ഓണക്കളികളുടെയും പലഹാരങ്ങളുടെയും പ്രതിബിംബങ്ങള്‍ക്കിടയിലൂടെ കുറച്ചക്ഷരങ്ങള്‍ പെറുക്കിയെടുത്ത് പഠിച്ച് പരീക്ഷിക്കപ്പെട്ട ഓണപരീക്ഷയുടെ അവസാനദിവസം അരച്ചുവരുള്ള ക്ലാസ്സ് റൂമിലെ ആടുന്ന ബഞ്ചില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍ മനസില്‍ പൊട്ടിയത് ലഡ്ഡുവായിരുന്നെന്ന് ഈ അടുത്തകാലത്ത് മനസ്സിലായി .കൈയില്‍ കിട്ടിയ ചോദ്യപേപ്പറും പെന്‍സിലും പിന്നെ വെള്ളപേപ്പറില്‍ എപ്പോഴും കറുത്ത പാടുകള്‍ അവസാനിപ്പിക്കുന്ന മുറിക്കഷണം റബ്ബറുമായി സ്‌കൂളില്‍ നിന്നിറങ്ങിയോടുന്ന കുട്ടികളെനോക്കി 

വാത്സല്യം കലര്‍ന്ന ചിരിയുമായി സേതുക്കുട്ടിയമ്മ ടീച്ചര്‍ ഓഫീസ് മുറിക്കു പുറത്ത് നില്ക്കുന്നത് കുട്ടികളാരും കണ്ടുകാണില്ല .ആരവം ഒഴിഞ്ഞ് അനാഥമായ സ്‌കൂളിനോട് ചെറുപ്രായത്തില്‍ സ്‌നേഹം തോന്നിയ ചില നിമിഷങ്ങളിലൊന്ന്, ഇനി പത്തുദിവസം അവധിയാണല്ലോ. സ്‌കൂളിന്റെ പ്രധാന കവാടം കഴിഞ്ഞിട്ടുള്ള ഇടവഴിയിലെത്തി തിരിഞ്ഞു നോക്കിയപ്പോള്‍ മേലേക്കാവിലെ ഉണ്ണികൃഷ്ണന്‍ മാത്രം ഓണാവധിയുടെ അമിതാവേശമൊന്നുമില്ലാതെ വളരെ സാവധാനം വീട്ടിലേക്ക് നടക്കുന്നത് കണ്ടു.

വീട്ടിലെത്തി തുണി സഞ്ചിയിലെ ബുക്കുകള്‍ എവിടെയോ വലിച്ചെറിഞ്ഞിട്ട് അയലത്തെ വീട്ടിലെ പുതിയ ഊഞ്ഞാലിനെ ലക്ഷ്യമാക്കി പാഞ്ഞു. പുത്തന്‍ കയറിന്റെ ഗന്ധം മാറാതെ രണ്ടു കൊന്നത്തെങ്ങുകള്‍ക്കിടയില്‍ കെട്ടി തലയുയര്‍ത്തി നില്‍ക്കുന്ന മുട്ടന്‍ ഊഞ്ഞാല്‍. ഊഴം കാക്കാന്‍ നില്‍ക്കാതെ കൂട്ടുകാരോടൊപ്പം തൂങ്ങിയാടി.പിന്നെ പലവിധത്തിലുള്ള ആട്ടം, നിന്നും ഇരുന്നും എന്ന് വേണ്ട ആകാശത്തോളം ഉയര്‍ന്നു പൊങ്ങുന്ന ഊഞ്ഞാലിലിരുന്നു ലോകം കീഴടക്കിയപോലെ. ചുവന്ന പാവാടയും പുള്ളിയുടുപ്പുമിട്ട രശ്മിക്കുട്ടിയെ കണ്ട ആവേശ ത്തില്‍ ഊഞ്ഞാലിലെ നിയന്ത്രണം വിട്ട് താഴേക്കു പതിച്ച കൊച്ചുകുട്ടന്റെ ദേഹം തല്ലിവാരിയിരുന്നു. ചതഞ്ഞ ശരീരത്തില്‍ അവന്റെ അമ്മയുടെ വടിപ്രയോഗം കൂടിയായപ്പോള്‍ മറക്കാനാകാത്ത ഓണം സമ്മാനിച്ച ഊഞ്ഞാലിനെ നോക്കി അവന്‍ ശപിച്ചുകാണും. ഇതൊന്നും കണ്ടഭാവമില്ലാതെ രശ്മിക്കുട്ടി ഊഞ്ഞാലാടുന്നുണ്ടായിരുന്നു.

ഓണ സ്വപ്നങ്ങളുടെ നല്ലൊരു ഭാഗം പുതിയ പന്തുകള്‍ കൈയേറിയിരുന്നു. അച്ഛന്‍ വാങ്ങിതന്ന ആ നീലപന്തിന്റെ പുത്തന്‍മണം നാസാഗ്രന്ഥിയില്‍ വീണ്ടും ഓണത്തിന്റെ വരവറിയിച്ചു . ഒരു സ്വകാര്യ അഹങ്കാരമായിരുന്ന ആ പന്തുമായി കൂട്ടുകാര്‍ക്കിടയില്‍ എത്തിയ നിമിഷം സംഭവിച്ചത് സോഷ്യലിസമായിരുന്നെന് പിന്നെപ്പോഴോ മനസ്സിലായി.പുത്തന്‍ പന്ത് കൂട്ടുകാര്‍ക്കിടയില്‍ ഹിറ്റാകാന്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല. രസകരവും എന്നാല്‍ വേദനാജനകവുമായ എറിപ്പന്തുകളി സമ്മാനിച്ചത് ദേഹമാസകലം ചതവുകളും മുഴകളുമായിരുന്നു .വടക്കേവീട്ടിലെ രാജനോട് മറ്റ് കൂട്ടുകാര്‍ക്ക് എന്തോ മുന്‍വൈരാഗ്യം ഉണ്ടായിരുന്നതുകൊണ്ടാകും ആ പന്തിന്റെ കഠിനസ്പര്‍ശം അവന്‍ കുറെയേറെയറിഞ്ഞു .വാശിയേറിയ തലപ്പന്തുകളി മുതിര്‍ന്ന കുട്ടികള്‍ക്ക് എന്നും ഒരാവേശമായിരുന്നു. തെക്കേതിലെ പങ്കജാക്ഷിയമ്മയുടെ ഓലമേഞ്ഞ വീടിന്റെ ജനാലയില്‍ പന്തുപതിക്കുമ്പോള്‍ വീടിനകത്തുനിന്നും സ്‌നേഹത്തില്‍ പൊതിഞ്ഞ ശകാരം കേള്‍ക്കുന്നത് ആ ഓണക്കാലത്ത് ഒരു നിത്യ സംഭവമായിരുന്നു.

പുലികളിയുടെ അകമ്പടിയായുള്ള വാദ്യമേളം ഗ്രാമവാസികളെ മുഴുവന്‍ ഇടവഴിയിലെത്തിച്ചു . ഗര്‍ജ്ജികുന്ന സിംഹത്തിന്റെ ചിത്രം പതിച്ച രാമന്‍ ചേട്ടന്റെ കുടവയര്‍ താളത്തിനൊത്തു പ്രകമ്പനംകൊള്ളുന്നത് ആ ഓണത്തിനും കൂട്ടച്ചിരിക്കു വകനല്‍കി .നാട്ടിലെ സ്ത്രീജനങ്ങള്‍ വൈകുന്നേരം അയല്‍വക്കത്തെ വീടുമുറ്റത്ത് ഒത്തുകൂടുക ഓണക്കാലത്ത് പതിവാണ് . ഇമ്പമാര്‍ന്ന പാട്ടുകളുടെ അകമ്പടിയോടെ പലതരം ഓണക്കളികള്‍ വൈകുന്നേരങ്ങളെ ആഘോഷപൂരിതമാക്കി. ഗ്രാമത്തിന്റെ പൊന്നോമന മുത്തശ്ശി മുട്ടിയമ്മയുടെ ഓണപ്പാട്ടുകള്‍ എല്ലാരും ഏറ്റുപാടുന്നുണ്ടായിരുന്നു.ഉത്രാട രാത്രിയില്‍ മുതിര്‍ന്നവരൊക്കെ തിരുവോണ സദ്യക്കുള്ള കറിക്കരിയലും പലഹാരങ്ങള്‍ ഉണ്ടാക്കലുമായി തിരക്കിലായി .ആണുങ്ങള്‍ പലരും അരിഞ്ഞിടുന്ന സവാളയുടെ മുന്നിലിരുന്നു കരഞ്ഞു .വര്‍ഷത്തിലൊരിക്കലല്ലേ കരഞ്ഞോട്ടെ എന്ന ഭാവത്തില്‍ സ്ത്രീകള്‍ അവരുടെ ജോലികളില്‍ വ്യാപ്രിതരായി. ചൂടോടെ കഴിക്കാവുന്ന ഉണ്ണിയപ്പത്തിനും ,മുറുക്കിനും അച്ചപ്പത്തിനും വേണ്ടി കുട്ടികള്‍ അടുക്കളയുടെ പരിസരത്ത് കറങ്ങി നടക്കുന്നുണ്ട് .അതിര്‍വരമ്പുകള്‍ മതില്‍കെട്ടി തിരിച്ചിട്ടില്ലാത്ത അക്കാലത്ത് ഉത്രാട നിലാവില്‍ ഊഞ്ഞാലാടാന്‍ അയലത്തെ പെണ്‍കുട്ടികള്‍ ഭീമനൂഞ്ഞാലിനു ചുറ്റും കൂടി.ആ രാത്രി ആര്‍ക്കും ഉറക്കമില്ലാത്തപോലെ .മുല്ലപൂവിന്റെ മണമുള്ള ഇളംകാറ്റുള്ള രാത്രിയിലെ അമ്പിളി വെളിച്ചത്തില്‍ ഊഞ്ഞാലാടുന്നവര്‍ ഓണപാട്ടുകള്‍ ഇമ്പത്തില്‍ പാടുക്കൊണ്ടേയിരുന്നു .

അത്തം നാള്‍ മുതല്‍ ഓരോദിനവും ഭംഗി കൂടി വരുന്ന പൂക്കളം ഉത്രാട രാത്രിയിലെയൊരു മുഖം മിനുക്കലോടെ തിരുവോണത്തെ വരവേല്‍ക്കാന്‍ തയ്യാറായി . അതിരാവിലെ പൂപറിക്കാന്‍ പോകുമ്പോള്‍ അയലത്തെ കുട്ടികളേയും കൂടെ കൂട്ടി. പത്തിനം പൂക്കള്‍ തേടിയുള്ള യാത്ര പലപ്പോഴും ഗ്രാമാതിര്‍ത്തിവരെ എത്തി .തെച്ചി, അരളി,ചെമ്പരത്തി ,മുക്കുറ്റി,ജമന്തി തുടങ്ങി കൂട്ടത്തില്‍ പ്രശസ്തനായ തുമ്പപൂ വരെ പൂക്കളത്തിനായി കരുതിവച്ചു.

ഭംഗിയില്‍ പൂക്കളമിടാന്‍ പെണ്‍കുട്ടികള്‍ എപ്പോഴും മുന്നിലായിരുന്നു. കുളിച്ചു കുറിതൊട്ട് പുത്തനുടുപ്പുമിട്ട് വീടിനു വെളിയിലെത്തുമ്പോള്‍ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കണേ എന്നായിരുന്നു പ്രാര്‍ത്ഥന. കസവുള്ള സാരിയുടുത്ത ചേച്ചിമാരുടെ കൈകൊട്ടിക്കളിയും തുമ്പിതുള്ളലും കാണാന്‍ പുതിയ മുണ്ടും ജുബായും ധരിച്ചെത്തിയ ചേട്ടന്മാര്‍ തിരക്കുകൂട്ടി . വിഭവ സമൃദ്ധമായ ഓണസദ്യക്കിടയിലെ പായസം മതിതീരുവോളം കഴിക്കുമ്പോള്‍ പുളിശ്ശേരിയും മോരും കൂട്ടി പിന്നെയും ചോറ്കഴിക്കണമെന്ന് മുത്തശ്ശി ഓര്‍മ്മിപ്പിച്ചു .ദഹനത്തിന് ഇഞ്ചിക്കറി തൊട്ടുകൂട്ടാന്‍ ആരോ വിളിച്ചു പറഞ്ഞു .സദ്യയുടെ ആലസ്യത്തില്‍ നിന്നുണര്‍ത്താനെത്തിയ കുമ്മാട്ടി കളിക്കാരന് അമ്മ അരിയും ശര്‍ക്കരയും പണവും നല്‍കി .

ഒക്കത്തിരുന്നുറങ്ങുന്ന കുഞ്ഞുമായി മേലേക്കാവിലെ ഉണ്ണികൃഷ്ണന്റെ അമ്മ അയലത്തെ വീട്ടില്‍ നിന്നിറങ്ങി ഇടവഴിയിലൂടെ നടന്നുപോകുന്നതുകണ്ടു ,ആ അമ്മയുടെ കൈയിലിരുന്ന ഇലപ്പൊതി അവനുള്ള സദ്യ ആയിരുന്നിരിക്കും.

salinസലിന്‍ ശ്രീനിവാസ്:
അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന കഥാകാരനാണ് സലിന്‍ ശ്രീനിവാസ്.നാടകപ്രവര്‍ത്തകന്‍,അഭിനയതാവ് ,ചെറുകഥാ കൃത്ത് ,സംഘാടകന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കലാ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സലിന്‍ ഡബ്ലിനില്‍ സൈക്കാട്രിക്ക് നഴ്‌സായി ജോലി ചെയ്യുന്നു. കവിതാ രംഗത്ത് ശ്രദ്ധേയ യായി കൊണ്ടിരിക്കുന്ന,http://appooppanthaadi.blogspot.ie/എന്ന ബ്ലോഗിലൂടെ പ്രശസ്തയായ എഴുത്തുകാരി കൂടിയായ ജെസ്സി ജേക്കബ് സലിനാണ് ,സലിന്റെ ഭാര്യ

Scroll To Top