Thursday May 25, 2017
Latest Updates

ഓര്‍ക്കുട്ട് ഓര്‍മയാകുന്നു; ഗൂഗിള്‍ ഓര്‍ക്കുട്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ഓര്‍ക്കുട്ട് ഓര്‍മയാകുന്നു; ഗൂഗിള്‍ ഓര്‍ക്കുട്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഒരുകാലത്തെ അതികായന്മാരായിരുന്ന ഓര്‍ക്കുട്ട് ഓര്‍മയാകുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഗൂഗിളിന്റെ സംഭാവനയായിരുന്നു ഓര്‍ക്കുട്ട്. പെട്ടന്ന് തന്നെ ജനപ്രീതി ആര്‍ജിച്ച ഓര്‍ക്കുട്ട്, ഫെയ്‌സ്ബുക്കിന്റെ വരവോടെ പ്രസക്തിയില്ലാതായി. ഈ സാഹചര്യത്തിലാണ് ഓര്‍ക്കുട്ട് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഓര്‍കുട്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. 2004 ജനുവരി 24 ന് ഗൂഗിളിലെ എഞ്ചിനിയറായ ഓര്‍ക്കുട്ട് ബുയോകോക്ടന്‍ ആരംഭിച്ച ഓര്‍കുട്ടിനു ഇന്ത്യയിലും ബ്രസീലിലുമായിരുന്നു ഏറെ ഉപഭോക്താക്കള്‍ ഉണ്ടായിരുന്നത്. ഓര്‍ക്കുട്ടിന് ബ്രസീലില്‍ ലഭിച്ച ജനപ്രീതി കണക്കിലെടുത്ത് 2008 മുതല്‍ ബ്രസീലിലായിരുന്നു ഓര്‍ക്കുട്ടിന്റെ ആസ്ഥാനം.

പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നിലവില്‍ ഓര്‍ക്കുട്ടില്‍ അക്കൌണ്ടുള്ളവര്‍ക്ക് അക്കൌണ്ട് സ്വയം നശിപ്പിക്കാമെന്ന് ഗൂഗിള്‍ അറിയിച്ചു. അല്ലാത്ത പക്ഷം സെപ്റ്റംബറോടെ അക്കൌണ്ടുകള്‍ സ്വയം ഇല്ലാതാകും. ഇന്ന് മുതല്‍ പുതിയ അക്കൌണ്ടുകള്‍ തുറക്കാന്‍ അനുവദിക്കില്ല. ലോകം സോഷ്യല്‍ മീഡിയ ദിനം ആഘോഷിച്ചതിന്റെ പിറ്റേന്നാണ് ഈ രംഗത്തെ ആദ്യത്തെ അതികായന്മാരുടെ വിടവാങ്ങല്‍ പ്രഖ്യാപനം.

Scroll To Top